Connect with us

International

500ലധികം റോഹിംഗ്യന്‍ അഭയാര്‍ഥി മുസ്‌ലിംകള്‍ ഇന്തോനേഷ്യന്‍ കടല്‍തീരത്ത് അവശനിലയില്‍

Published

|

Last Updated

നേയ്പിഡോ: മ്യാന്‍മറില്‍ കടുത്ത പീഡനങ്ങള്‍ക്കൊടുവില്‍ രാജ്യം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ അഞ്ഞൂറിലധികം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ കടല്‍തീരത്ത് നങ്കൂരമിട്ടു. കപ്പലിലുണ്ടായിരുന്നവരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും പലര്‍ക്കും അടിയന്തര ചികിത്സ അനിവാര്യമായിരിക്കുകയാണെന്നും കുടിയേറ്റം സംബന്ധിച്ച ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ട് ബോട്ടുകളിലായാണ് ഇവര്‍ എത്തിയിരുന്നത്. ഒന്നില്‍ കുട്ടികളും സ്ത്രീകളുമടക്കം 430 പേരും മറ്റൊന്നില്‍ 70ലധികം പേരുമുണ്ടായിരുന്നുവെന്ന് ജക്കാര്‍ത്തയിലെ അന്താരാഷ്ട്ര കുടിയേറ്റവുമായി ബന്ധപ്പെട്ട സംഘടനയുടെ ഡെപ്യൂട്ടി ചീഫ് സ്റ്റീവ് ഹാമില്‍ട്ടണ്‍ അറിയിച്ചു. സഹായ സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ടെന്ന് സംഘടന കൂട്ടിച്ചേര്‍ത്തു.
ബോട്ടില്‍ കാണപ്പെട്ടവരില്‍ പലരും രോഗബാധിതരായി അവശനിലയിലാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പലര്‍ക്കും മതിയായ വെള്ളവും ഭക്ഷണവും ലഭിച്ചിരുന്നില്ല.
നാല് പതിറ്റാണ്ടിലധികമായി മ്യാന്‍മര്‍ സര്‍ക്കാറിന്റെ കൊടുംപീഡനങ്ങള്‍ക്ക് ഇരയാകുന്നവരാണ് റോഹിംഗ്യന്‍ വംശജരായ മുസ്‌ലിംകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷവും ഇവിടുത്തെ ബുദ്ധ ഭീകരവാദികള്‍ ഇവര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം പേരെങ്കിലും ഇതിനോടകം തന്നെ പലായനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പലായനമാണ് ഇത്.

Latest