ആകാശത്തെ താരങ്ങളും തെരുവിലെ മനുഷ്യരും

Posted on: May 11, 2015 6:00 am | Last updated: May 10, 2015 at 10:34 pm

imagesതെരുവിലെ ജീവിതം ബോളിവുഡ് സിനിമകള്‍ക്കിഷ്ട വിഷയമാണ്. സിനിമ ജീവിതമാക്കിയ സല്‍മാന്‍ഖാന്‍ കാറുകയറ്റി കൊന്ന തെരുവുമനുഷ്യനും അയാളെപ്പോലെയുള്ള അനേകലക്ഷങ്ങളും സ്വന്തം ജീവിതത്തെ തന്നെ സിനിമയാക്കിയവരാണ്. ഇവരെക്കൂടി ആശ്രയിച്ചാണ് ഇന്ത്യയിലെ കൂറ്റന്‍ സിനിമാ വ്യവസായം നിലനില്‍ക്കുന്നതെന്ന സത്യം വിസ്മരിച്ചുകൊണ്ടാണ് തങ്ങളില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ ആസംബദ്ധമായ അഭിപ്രായങ്ങള്‍ എഴുന്നള്ളിച്ചു മാധ്യമ ശ്രദ്ധനേടാന്‍ അവരില്‍ ചിലര്‍ ഇറങ്ങിപുറപ്പെട്ടത്.
കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി
ചീത്തകള്‍കൊത്തിവലിക്കുകിലും
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍
കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍
ചേലുകള്‍ നോക്കുവോള്‍ ഇല്ല നാനാ
വേലകള്‍ ചെയ്യുവോളീക്കിടാത്തി
മഹാകവി വൈലോപ്പിള്ളിയുടെ കാക്ക എന്ന കവിത താഴെ ക്ലാസുകളിലെ മലയാളാധ്യാപകരിലൂടെ മാത്രം പരിചയപ്പെട്ടവര്‍ക്കിത് കേവലം നമ്മുടെ തൊടികളില്‍ പറന്നുനടക്കുന്ന കറുത്ത പക്ഷിയെക്കുറിച്ചുള്ള ഒരു കവിത മാത്രമായിട്ടാകാം അനുഭവപ്പെട്ടിരിക്കുക. എന്നാല്‍ കവി ഈ കാക്കയിലൂടെ അവതരിപ്പിച്ചത് പുറമ്പോക്കുകളിലേക്ക്, തള്ളപ്പെട്ട തലയ്ക്കു മുകളില്‍ ആകാശവും പാദങ്ങള്‍ക്കു താഴെ ഭൂമിയും മാത്രം സ്വകാര്യസ്വത്തായുള്ള മനുഷ്യരെക്കുറിച്ചാണെന്നു ഉപരിവായനയില്‍ നമ്മള്‍ തിരിച്ചറിയുന്നു. ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ എന്ന താര പ്രതിഭ മദ്യപിച്ച് ലക്കില്ലാതെ വാഹനമോടിച്ച് ഒരാളെ കൊല്ലുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മുംബൈ സെഷന്‍സ് കോടതി അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നു. നീണ്ട 13 വര്‍ഷം പിന്നിട്ടതിനു ശേഷമാണെങ്കില്‍ കൂടി ഈ ബോളിവുഡ് താരത്തെ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ വലിച്ചു താഴെയിട്ടിരിക്കുന്നു. ആകാശത്തെ നക്ഷത്രം ഭൂമിയില്‍ ഒരു പുഴുവിനെപ്പോലെ ഇഴയുന്ന കാഴ്ച മറ്റേതൊരു ബോളിവുഡ് മസാല ചിത്രങ്ങളെക്കാളും കൂടുതല്‍ സുമനസ്സുകളെ സന്തോഷിപ്പിക്കേണ്ടാതായിരുന്നു.
എന്നാല്‍ ഇതില്‍ ദുഃഖിക്കുകയും മേല്‍ക്കോടതികള്‍ ശിക്ഷ ഇളവുചെയ്തുകൊടുക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്ന വമ്പന്മാരുടെ കൂട്ടത്തില്‍ ഹേമമാലിനിയും അഭിജിത്തും മാത്രമല്ല അഭിജിത്തിന്റെ ഡ്രൈവറെപ്പോലുള്ള പല ഇലനക്കിപട്ടികളുടെ ചിറിനക്കി പട്ടികളും ഉള്‍പ്പെടുന്നു. അവരുടെ പ്രാര്‍ഥന ഫലിക്കുമെന്നാണ് തോന്നുന്നത്. മേല്‍ക്കോടതിയില്‍ നിന്ന് ഖാന്‍ ജാമ്യം നേടിയിരിക്കുന്നു. കൊല്ലപ്പെട്ടവന്റെ നിസാരതയും കൊന്നവന്റെ പ്രതാപവും കണക്കിലെടുക്കുമ്പോള്‍ ഇതൊന്നും അത്രയ്ക്കങ്ങ് ആഘോഷിക്കപ്പെടേണ്ട വാര്‍ത്തകളല്ല. സല്‍മാന്‍ഖാന് ലഭിച്ച തടവുശിക്ഷയെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ വന്ന പ്രതികരണങ്ങളില്‍ ഏറെ വിമര്‍ശവിധേയമായത് ബോളിവുഡ് സമ്പന്നന്മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പോപ്പ് ഗായകന്‍ അഭിജിത്തിന്റെ നിരീക്ഷണമാണ്. തെരുവോരങ്ങളും പൊതുനിരത്തുകളും മനുഷ്യര്‍ക്കുറങ്ങാനുള്ള ഇടങ്ങളല്ല. സമ്പന്നര്‍ക്ക് കാറോടിച്ചുനടക്കാനുള്ള സ്ഥലങ്ങളത്രേ. നിരത്തില്‍ ഉറങ്ങുന്നത് മനുഷ്യരല്ല. പട്ടികളാണ് പോലും. ഒരു പട്ടി കൊല്ലപ്പെട്ടതിന്റെ പേരില്‍ ഒരു ഡ്രൈവര്‍ക്കിത്രയും കഠിന ശിക്ഷ നല്‍കേണ്ടതുണ്ടോ എന്നാണ് ഈ പാട്ടുകാരന്റെ ചോദ്യം.
മറ്റൊരാളുടെ വിലാപം ഇങ്ങനെ: റെയില്‍വേ ഗേറ്റിംഗ് മുറിച്ചുകടക്കുന്ന കാല്‍നടക്കാരന്‍ ട്രയിന്‍ തട്ടി മരിച്ചാല്‍ ട്രയിന്‍ ഓടിച്ചയാളെ അറസ്റ്റുചെയ്യുന്നത് ശരിയാണോ? ഇത്തരം വിതണ്ഡവാദങ്ങള്‍ എഴുന്നള്ളിക്കുന്നവര്‍ ഏത് ലോകത്താണാവോ ജീവിക്കുന്നത്? ക്യാമറക്കണ്ണുകള്‍ക്കു മുമ്പില്‍ കോമാളിക്കളി കളിച്ച്, തലയ്ക്കുള്ളില്‍ തലച്ചോറു കമ്മിയായ സിനിമാസ്വാദകരുടെ കൈയടിവാങ്ങി അവരുടെ വിയര്‍പ്പിന്റെ ഉപ്പുനുണഞ്ഞ് ആര്‍ഭാട ജീവിതം നയിക്കുന്ന ഇത്തരക്കാര്‍ക്ക് ആരാണ് അല്‍പം സാമൂഹിക പാഠങ്ങള്‍ ഉപദേശിച്ചുകൊടുക്കുക? ‘വന്‍നഗരങ്ങളിലെ പൊതുവഴികള്‍ അവിടെ കിടന്നുറങ്ങുന്ന പാവങ്ങളുടെ തന്തയുടെ വകയല്ല. അവരെ ഗ്രാമങ്ങളിലേക്കാട്ടിപ്പായിച്ച് അവര്‍ക്കു കയറിക്കിടക്കാന്‍ കൂരകള്‍ കെട്ടിക്കൊടുക്കേണ്ടത് സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണെ’ന്നുകൂടി അഭിജിത്ത് ആശാന്‍ പറഞ്ഞ് ഫലിപ്പിക്കുകയുണ്ടായി.
നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ‘അടിഇന്ദിരാവസ്ഥ’ കാലത്ത് (അടിയന്തിരാവസ്ഥക്കു ഇങ്ങനെയൊരു പദഭേധം നിര്‍മിച്ച് ഭാഷക്കുനല്‍കിയ ചെറുകഥാകൃത്ത് ഉണ്ണി ആറിനു നന്ദി) അന്നത്തെ പ്രധാനമന്ത്രിയുടെ മകന്‍ അയാളുടെ അഞ്ചിന പരിപാടിയുടെ ഭാഗമായി ലോറിയില്‍ തെരുവു വാസികളെ കുത്തിനിറച്ച് അവരുടെ വാസസ്ഥലങ്ങള്‍ ബുള്‍ഡോസര്‍ വെച്ചു തകര്‍ത്തു ഔട്ടര്‍ ദല്‍ഹിയില്‍ കൊണ്ടുതള്ളി ഡല്‍ഹിയുടെ മുഖം മിനുക്കിയ സംഭവം ഇന്ത്യയുടെ മുഖം മിനുക്കല്‍ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഇത്തരം ഒരു സിറ്റി ക്ലീനിംഗ് ആയിരിക്കും ഈ ബോളിവുഡ് സമ്പന്നന്‍മാര്‍ക്കിനി ആവശ്യം. നഗരമധ്യത്തില്‍ ആര്‍ഭാടജീവിതം നയിക്കുന്ന സമ്പന്നവര്‍ഗത്തിന്റെ കണ്ണുകളെ അലോസരപ്പെടുത്തുന്ന കാഴ്ചയാണ് ആകാശം മേല്‍ക്കൂരയാക്കിയവരുടെ തെരുവുജീവിതം. അവര്‍ സമ്പന്നവര്‍ഗ മനുഷ്യരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന അലോസരം അവഗണിച്ചുതള്ളാവുന്നതല്ല. നഗരം മാലിന്യക്കൂമ്പാരമാക്കുന്നു. വൃത്തിയും വെടിപ്പും ഇല്ലാതെ ജീവിക്കുന്നു. രോഗങ്ങള്‍ പടര്‍ത്തുന്നു. ചിലപ്പോഴൊക്കെ പിടിച്ചുപറിക്കാരായി മാറുന്നു. ഇന്ത്യക്കുള്ളിലെ ഈ മറ്റൊരു ഇന്ത്യയെ സഹിക്കുന്നത് ഇവിടുത്തെ സമ്പന്ന വര്‍ഗത്തിന്റെ വല്ലാത്തൊരു ഔദാര്യം തന്നെ. ഇത്തരക്കാരെ കരുതി ധാരാളം കഞ്ഞി വീഴ്ത്തുകേന്ദ്രങ്ങള്‍ നടത്തുന്ന ഉദാരമതിയായ ഒരു ജീവകാരുണ്യപ്രവര്‍ത്തകനാണ് തന്റെ കക്ഷി എന്നതിനാല്‍ ശിക്ഷയില്‍ നിന്നൊഴിവാക്കിക്കിട്ടണമെന്നുപോലും ഖാന്റെ വക്കീല്‍ വാദിക്കുകയുണ്ടായി. അതുകൂടെ കണക്കിലെടുത്താകാം ന്യായാധിപന്‍ പത്തു വര്‍ഷത്തെ തടവിനര്‍ഹതയുള്ള കേസില്‍ ശിക്ഷ അഞ്ച് വര്‍ഷമായി കുറവുചെയ്തത്. ഏതു കുറ്റകൃത്യത്തിനുമുള്ള ന്യായീകരണമായി നമ്മുടെ നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സല്‍മാനെപ്പോലുള്ളവര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊന്നും നിയമം ലംഘിക്കാനുള്ള മുന്‍കൂര്‍ അനുവാദമല്ലെന്ന് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന അഭിഭാഷകര്‍ മറന്നുപോകുന്നു.
സല്‍മാന്‍ഖാന്റെ കാറിന്റെ ചക്രത്തിനടിയില്‍പ്പെട്ടു ചതഞ്ഞരഞ്ഞ മനുഷ്യന്‍ ഇന്ത്യന്‍ നഗരങ്ങളിലെ പാതയോരങ്ങളെ ശയ്യാതലമാക്കിയ 1777 ദശലക്ഷം മനുഷ്യരില്‍ ഒരുവന്‍ മാത്രമാണ്. ഇത്തരക്കാരില്‍ ഒന്നോ അതിലധികമോ മനുഷ്യര്‍ ദിവസംതോറും അലക്ഷ്യമായി അതിവേഗം വാഹനമോടിച്ചുപോകുന്നവരുടെ അശ്രദ്ധക്കുപാത്രമായി കൊല്ലപ്പെടുന്നു. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ബന്ധപ്പെട്ട കുറ്റവാളികള്‍ രക്ഷപെടാറുമുണ്ട്. സെലിബ്രേറ്റികള്‍ കെണിയില്‍ വീഴുമ്പോള്‍ മാത്രമാണ് ഇത്തരം വിഷയങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യാറുള്ളത്. 2011ലെ സെന്‍സസ് കണക്കില്‍ നിന്നാണ് ഈ 1777 മില്ല്യന്റെ കണക്കുദ്ധരിച്ചത്. വിവിധ എന്‍ ജി ഒ സംഘടനകള്‍ നടത്തിയ സര്‍വേ കണക്കുകള്‍ ഇതിലും കൂടുതല്‍ ഇന്ത്യക്കാരെ ഫുഡ്പാത്തിലുറങ്ങുന്നവരായി കണ്ടെത്തിയിട്ടുണ്ട്.
ഗ്രാമങ്ങളില്‍ നിന്നു പലവിധ കാരണങ്ങളാല്‍ കിടപ്പാടം പോലും നഷ്ടപ്പെട്ട്, ബന്ധുക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ അവസ്ഥയിലെത്തിപ്പെട്ടവരാണ് ഈ നിര്‍ഭാഗ്യ മനുഷ്യര്‍. ഏറ്റവും കൂടുതല്‍ പേര്‍ ചേക്കേറിയിരിക്കുന്നത് മുംബൈ നഗരത്തിലാണ്. ഡല്‍ഹിയും കൊല്‍ക്കത്തയും ഒന്നും മോശമല്ല. എന്തിനു നമ്മുടെ ഈ കേരളത്തിലെ ചെറുകിട പട്ടണങ്ങള്‍പ്പോലും നേരം ഇരുട്ടിക്കഴിഞ്ഞാല്‍ ഈ അലഞ്ഞുതിരുയുന്ന ദേശാടനക്കാരുടെ താവളമായി മാറിയിരിക്കുന്നു. 2002 ശീതകാലത്തുമാത്രം ഡല്‍ഹി നഗരത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു മറവുചെയ്ത് 3040 അജ്ഞാത മൃതദേഹങ്ങളാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത, പോലീസിന് അവരുടെ മിടുക്കുതെളിയിക്കാനോ ഏതെങ്കിലും കേസിനു തുമ്പുണ്ടാക്കാനോ അത്യാവശ്യം പ്രതികളായി ഹാജരാക്കാനോ ഒക്കെ എളുപ്പം പിടികൂടാവുന്ന മനുഷ്യരുടെ ഒരു കരുതല്‍ ശേഖരം കൂടിയാണ് ഈ പാതയോര മനുഷ്യര്‍. ഇവരില്‍ സ്വഭാവികമായും കുറ്റവാളികളും മറ്റും ഉണ്ടെന്ന കാര്യം തീര്‍ച്ചയാണ്. എങ്കില്‍ തന്നെ നമ്മുടെ മന്ത്രിമന്ദിരങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും കോടികള്‍ അടിച്ചുമാറ്റുകയും ആസൂത്രിത കൊലപാതകങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്ന പരിഷ്‌കൃതന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ തെരുവുമനുഷ്യന്‍ അവര്‍ കുറ്റവാളികളാണെങ്കില്‍ കൂടെ സഹതാപര്‍ഹരാണെന്നു വ്യക്തം.
ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ ഉറപ്പുതരുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് ഈ തെരുവുമനുഷ്യരും ആര്‍ഹരാണെന്നതോര്‍ക്കേണ്ട ബാധ്യതയെങ്കിലും നമ്മള്‍ പുലര്‍ത്തണം. സ്വന്തം മൗലികാവകാശങ്ങളെക്കുറിച്ചു ബോധ്യമില്ലാത്തവര്‍ക്കതുണ്ടാക്കികൊടുക്കേണ്ടത്, ഇതേക്കുറിച്ചാകെ അടിസ്ഥാന ബോധമുള്ള നമ്മുടെയൊക്കെ ബാധ്യതയാണ്. മൗലികാവകാശങ്ങളെയും ബാധ്യതകളെയും ഒക്കെ മാറ്റിനിര്‍ത്തിയാല്‍ തന്നെ ഭരണഘടന വിഭാവന ചെയ്യുന്ന നിര്‍ദേശക തത്വങ്ങള്‍(ആര്‍ട്ടിക്കിള്‍ 39,42,47,51) എങ്കിലും സാധുമനുഷ്യരെ പുനരധിവസിപ്പിക്കുന്ന വിഷയത്തില്‍ അധികാരസ്ഥാപനങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്.
ആദിവാസി സംരക്ഷണത്തിന്റെ പേരുപറഞ്ഞ് എത്ര കോടികളാണ് നമ്മുടെ ബജറ്റുകളില്‍ മാറ്റിവെക്കാറുള്ളത്? ചുരുങ്ങിയപക്ഷം, പരമ്പരാഗതമായി പരിചയിച്ചുപോന്നിട്ടുള്ള ഒരാവാസവ്യവസ്ഥയെങ്കിലും സ്വന്തമായിട്ടുള്ളവരാണ് ആദിവാസികള്‍. എന്നാല്‍ തെരുവുവാസികള്‍ക്ക് അങ്ങനെയൊന്നവകാശപ്പെടാന്‍ പോലും ഇല്ല. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ടിട്ടില്ലാത്തവരായിരിക്കും ഇവരില്‍ ഏറെപ്പേരും. എന്നിട്ടും കായികാദ്ധ്വാനം ഏറെ ആവശ്യമുള്ള പല ജോലികളിലും നമ്മളിവരെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രാജ്യവികസനത്തിന് മുതല്‍കൂട്ടായ മനുഷ്യവിഭവശേഷി കൂടിയാണീ തെരുവു വാസികള്‍. ഇതു കണക്കിലെടുത്തുകൊണ്ടുള്ള ക്ഷേമപദ്ധതികളും പുനരധിവാസപ്രവൃത്തികളും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇവരുടെ അധ്വാനത്തിന് പ്രതിഫലമായി ഇവരുടെ കൈവശമെത്തിച്ചേരുന്ന പണം പലപേരുകളില്‍ അവരില്‍ നിന്ന് ഭരണകൂടസ്ഥാപനങ്ങള്‍ തന്നെ തിരിച്ചുപിടിക്കുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ഇത്തരം അടിസ്ഥാനാവശ്യങ്ങളില്‍ ആദ്യത്തേതിനു മാത്രമാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്. മിച്ചം വരുന്ന അവരുടെ സ്വന്തം വിയര്‍പ്പിന്റെ വില സിനിമാ ടിക്കറ്റുകളുടെ രൂപത്തിലും മദ്യവും മറ്റുലഹരി വസ്തുക്കളും വാങ്ങുന്നതിനോടൊപ്പം ഈടാക്കുന്ന നികുതികളുടെ രൂപത്തിലും ഭരണകൂടം തന്നെ പിടിച്ചെടുക്കുന്നു. അതിലൊരംശം മാറ്റിവെച്ചാല്‍ മതി ഇവരുടെ പുനരധിവാസത്തിനായുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍.
ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങളുടെ നടപ്പിലാക്കല്‍ സംബന്ധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിയമിച്ച എട്ടാമത് അന്വേഷണകമ്മീഷനെ നയിച്ച പ്രസിദ്ധ ധനതത്വശാസ്ത്രജ്ഞന്‍ എന്‍ സി സക്‌സേനയുടെ ഒരു നിരീക്ഷണം സോഷ്യല്‍ മീഡിയയില്‍ ഈ ചര്‍ച്ചയില്‍ ആരോ ട്വീറ്റ് ചെയ്തിരിക്കുന്നതുകണ്ടു. നഗരവീഥികളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട മനുഷ്യരെ നമ്മുടെ നയരൂപവത്കരണ വിദഗ്ധന്മാര്‍ നഗരത്തിലൂടെ കാറോടിച്ചുപോകുമ്പോള്‍ കാണാറുണ്ടെങ്കിലും നയരൂപവത്കരണ വേളകളില്‍ അവര്‍ക്കിവര്‍ അദൃശ്യരായി ഭവിക്കുന്നു. സല്‍മാന്‍ഖാനു വേണ്ടി മുതലക്കണ്ണീര്‍ വാര്‍ക്കുന്ന സിനിമാജീവികള്‍ക്കും ഈ തെരുവുമനുഷ്യരുടെ സാന്നിധ്യം അസ്വസ്ഥത സൃഷ്ടിക്കുന്നു. എന്നാല്‍ തങ്ങളുടെ ബേങ്ക് അക്കൗണ്ടുകളില്‍ കുമിഞ്ഞുകൂടുന്നതില്‍ നല്ലൊരു പങ്കും ക്യാമറക്കു മുന്നില്‍ തങ്ങള്‍ കാട്ടിക്കൂട്ടുന്ന കോമാളിക്കളികള്‍ കണ്ടാസ്വദിക്കുന്ന ഈ പാവം മനുഷ്യരുടെ സംഭാവന കൂടിയാണെന്ന് ഇവര്‍ ഓര്‍ക്കാതെ പോകുന്നു. നമ്മുടെ ഈ ഭൂമി തെരുവുമനുഷ്യര്‍ക്കു കൂടെ അവകാശപ്പെട്ടതാണെന്ന കാര്യം നമ്മുടെ ന്യായാധിപന്മാരും നയരൂപവത്കരണ നായകന്മാരും ഓര്‍മിക്കുന്നത് നല്ലത്. അല്ലാത്തപക്ഷം വളര്‍ത്തുനായകളുടെ കടിയേറ്റു മാത്രം പരിചയമുള്ള അവര്‍ക്ക് ചിലപ്പോള്‍ തെരുവുനായകളുടെ കടിയും ഏല്‍ക്കേണ്ടിവരും. ആ കടി കൂടുതല്‍ മാരകമായിരിക്കും. പട്ടിയെപ്പോലെ തെരുവിലുറങ്ങുന്നവര്‍ പട്ടിയെപ്പോലെ തെരുവില്‍ മരിക്കേണ്ടിവരുമെന്നും അഭിജിത്തിന്റെ ഡ്രൈവര്‍ ട്വീറ്റ് ചെയ്യുകയുണ്ടായി എന്നതും നമുക്കിവിടെ ഓര്‍ക്കാം.