രാജ്യത്തെ രണ്ടാമത്തെ വലിയ പള്ളി ഫുജൈറയില്‍ ഉദ്ഘാടനത്തിനൊരുങ്ങി

Posted on: May 10, 2015 6:57 pm | Last updated: May 10, 2015 at 6:57 pm
fujaira masjid
നിര്‍മാണം പൂര്‍ത്തിയാകുന്ന ഫുജൈറയിലെ ശൈഖ് സായിദ് മസ്ജിദ്‌

ഫുജൈറ: ഫുജൈറയിലെ ശൈഖ് സായിദ് മസ്ജിദിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. റമസാനില്‍ വിശ്വാസികള്‍ക്കു തുറന്നുകൊടുക്കും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മസ്ജിദാണിത്. അടുത്തയാഴ്ച പൊതുമരാമത്ത് വിഭാഗം ഔഖാഫിന് കൈമാറുമെന്നു അധികൃതര്‍ അറിയിച്ചു.
പള്ളിയുടെ 80 ശതമാനം മിനുക്കുപണികളും പൂര്‍ത്തിയായി. പുറത്തെ പാര്‍ക്കിങ്ങുകളുടെ നിര്‍മാണവും ഫര്‍ണിച്ചറുകള്‍ ഘടിപ്പിക്കുന്ന ജോലികളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു ഈയാഴ്ചയോടെ പൂര്‍ത്തിയാകും. ഇതിനുശേഷം അധികൃതര്‍ പള്ളി ഉദ്ഘാടനത്തിനായി കണ്‍സള്‍ട്ടിങ് കമ്പനിക്കു നല്‍കും.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദാണ് മസ്ജിദ് പണികഴിപ്പിച്ചത്. രാഷ്ട്രശില്‍പി ശൈഖ് സായിദ് ബ്ന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നാമധേയത്തിലുള്ള ആരാധാനാ സൗധത്തിന്റെ നിര്‍മാണത്തിനായി 21 കോടി ദിര്‍ഹമായിരുന്നു വകയിരുത്തിയിരുന്നത്. അനുബന്ധ നിര്‍മാണ ചെലവുകള്‍ക്കായി 1.7 കോടി ദിര്‍ഹം കൂടി നല്‍കി. 2010 മേയിലാണു ഫുജൈറയുടെ നഗരമധ്യത്തില്‍ പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്. അബുദാബിയിലെ ശൈഖ് സായിദ് വലിയ പള്ളി കഴിഞ്ഞാല്‍ യുഎഇയിലെ ഏറ്റവും വലിയ ആരാധനാലയമാണിത്.
പള്ളിയുടെ പരിസരങ്ങളില്‍ പാര്‍പിട സമുച്ചയങ്ങളോ ജനസേവന കേന്ദ്രങ്ങളോ പണിയാന്‍ പാടില്ലെന്നു സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരാണധികാരിയുമായ ശൈഖ് ഹമദ് ബ്ന്‍ മുഹമ്മദ് അല്‍ശര്‍ഖി നഗരസഭക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മദബ്ബ്, മറീഷീദ് തുടങ്ങിയ ഫുജൈറയുടെ സജീവ മേഖലകളുമായി ബന്ധിക്കുന്ന പ്രദേശത്താണു പള്ളി ഉയര്‍ന്നത്. പ്രദേശിക, ഫെഡറല്‍ സര്‍ക്കാര്‍ കാര്യാലയങ്ങളും സ്ഥിതി ചെയ്യന്ന സ്ഥലം കൂടിയാണിത്.
39000 ചതുരശ്ര മീററര്‍ വിസ്തൃതിയിലാണു പള്ളിയുടെ അകത്തളം നിര്‍മിച്ചത്. 28,000 പേര്‍ക്കു ഒരേസമയം പള്ളിക്കകത്തു നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയും. വിശാലമായ പള്ളി അങ്കണവും ആരാധനക്കായി പ്രയോജനപ്പെടുത്താനാകുംവിധമാണ് നിര്‍മിച്ചത്. പള്ളിമുറ്റത്തിന്റെ മൊത്തം വ്യാപ്തി 5120 ചതുരശ്ര മീറ്റര്‍്. തുറസ്സായ ഇവിടെ 7000 വിശ്വാസികള്‍ക്കു പ്രാര്‍ഥന നിര്‍വഹിക്കാനാകും. 4884 ചതുരശ്ര മീറ്ററിലുള്ള മുററത്തിന്റെ ഒരു ഭാഗം മുകള്‍ ഭാഗം മറച്ച നിലയിലാണ്. 6700 പേര്‍ക്ക് ഇവിടവും നമസ്‌കാരത്തിനു നില്‍ക്കാം. പള്ളിയുടെ മോടി കൂട്ടാനായി വ്യത്യസ്ത വലുപ്പത്തിലുള്ള ആറ് മിനാരങ്ങളുണ്ട്. ഇതില്‍ നാലെണ്ണത്തിന്റെ നീളം 100 മീറ്റര്‍. 89മീററര്‍ വലുപ്പത്തിലാണ് മറ്റു രണ്ട് സ്തൂപങ്ങള്‍ പണികഴിച്ചിട്ടുള്ളത്.