പ്രവചനക്കാര്‍ മിഴിച്ചു നില്‍ക്കെ വെസ്റ്റ്മിനിസ്റ്ററില്‍ സംഭവിച്ചത്

Posted on: May 10, 2015 6:17 am | Last updated: May 10, 2015 at 12:19 am

10_downing_AP_2399699g

കൊളോണിയല്‍ അധീനതയില്‍ നിന്ന് സ്വതന്ത്രമായി വന്ന എല്ലാ രാഷ്ട്രങ്ങള്‍ക്കും ബ്രിട്ടനിലെ ഇലയനക്കങ്ങളില്‍ പ്രത്യേക താത്പര്യം ഉണ്ടാകുക സ്വാഭാവികം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് പോരാട്ടങ്ങളിലൂടെയല്ല, ‘സമയമായി, അങ്ങ് കിട്ടി’ എന്ന് വാദിക്കുന്നവര്‍ ഉന്നയിക്കാറുള്ളത് അന്ന് അവിടെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു എന്ന കാരണമാണല്ലോ. ഇന്നും ഇന്ത്യയിലെ നൂറുകണക്കിന് നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ബ്രിട്ടീഷ് നിര്‍മിതമാണ്. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നവര്‍ തന്നെയാണ് ഇന്നും ഈ രാജ്യത്തെ ഭരണാധികാരികള്‍. ഈ ശീലങ്ങളില്‍ അകപ്പെട്ടു പോയ പൗരന്‍മാരില്‍ നല്ലൊരു പങ്ക് ഇന്നും കൊളോണിയല്‍ അടിമത്തത്തിന് കീഴ്‌പ്പെട്ടാണ് കഴിയുന്നത്. ബ്രിട്ടനിലെ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പകര്‍ത്തപ്പെട്ട ഭരണ വ്യവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും അവിടെ രൂപപ്പെട്ടു വരുന്ന പ്രവണതകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് ഏറെ പ്രധാനമാണ്. മാത്രമല്ല, ഇന്ന് ലോകം എങ്ങോട്ട് നീങ്ങണമെന്ന് നിശ്ചയിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത കൂട്ടാളിയെന്ന നിലയില്‍ ബ്രിട്ടനില്‍ എന്ത് നടന്നാലും അത് ലോകത്തെ സ്വാധീനിക്കും. ആ നിലക്ക് ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ആഗോള തലം കൈവരുന്നുണ്ട്. നവലിബറല്‍ സാമ്പത്തിക നയം ശക്തമായി നടപ്പാക്കുന്ന ഒരു രാജ്യമെന്ന നിലയിലും ബ്രിട്ടന് പ്രാധാന്യമുണ്ട്. ഏറ്റവും പഴക്കം ചെന്ന പാര്‍ലിമെന്ററി ശീലങ്ങളുള്ള ബ്രിട്ടീഷ് ജനത ഈ നയത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാനും ലോകത്തിന് താത്പര്യമുണ്ട്. ഇതിനേക്കാളെല്ലാമുപരി ലോകത്തെ ഏറ്റവും ശക്തമായ മാധ്യമ സ്ഥാപനങ്ങളെല്ലാം ആഘോഷിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലക്ക് അതില്‍ നിന്ന് കണ്ണു തിരിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.
രണ്ട് നയങ്ങള്‍ തമ്മിലാണ് ബ്രിട്ടനില്‍ ഏറ്റുമുട്ടിയതെന്ന് പറയാനാകില്ല. ഭരണം നിലനിര്‍ത്തിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും(ടോറികള്‍) പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. കൊളോണിയല്‍ ചരിത്രത്തിന്റെ മൂലധന നീക്കിയിരിപ്പില്‍ ആത്മവിശ്വാസം കൊള്ളുന്ന ഒരു രാഷ്ട്രത്തിലെ ഭരിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ട്ടികളില്‍ നിന്ന് മുതലാളിത്ത സാമ്പത്തിക യുക്തിയില്‍ നിന്ന് അധികമായി ഒന്നും പ്രതീക്ഷിക്കുക വയ്യല്ലോ. കണ്‍സര്‍വേറ്റുകള്‍ കാര്‍ക്കശ്യപൂര്‍വം ആ നയങ്ങള്‍ പിന്തുടരുന്നു. ലേബര്‍ പാര്‍ട്ടി അല്‍പ്പം മൃദുവായും. കുടിയേറ്റം അവസാനിപ്പിക്കണമെന്ന് കണ്‍സര്‍വേറ്റുകള്‍. നിയന്ത്രിക്കണമെന്ന് ലേബര്‍ പാര്‍ട്ടി. വിദേശനയം അപ്പടി തുടരണമെന്ന് കണ്‍സര്‍വേറ്റീവ് തീരുമാനം. ചര്‍ച്ചകളിലൂടെ നിശ്ചയിക്കണമെന്ന് ലേബറുകള്‍. ഏറ്റവും ഒടുവില്‍ ഡേവിഡ് കാമറൂണ്‍ മന്ത്രിസഭ കൊണ്ടു വന്ന ചെലവ് ചുരുക്കല്‍ നയത്തിനെതിരെ ശക്തമായി നിലകൊണ്ടുവെന്നതാണ് ലേബര്‍ പാര്‍ട്ടിയെ വര്‍ത്തമാന കാലത്ത് വ്യത്യാസപ്പെടുത്തി നിര്‍ത്തുന്നത്. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന ടോറി നയത്തെ എഡ് മിലിബാന്‍ഡിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടിക്കാര്‍ ശക്തമായി എതിര്‍ത്തു. ഇസ്‌ലാമോഫോബിയക്കെതിരെ മിലിബാന്‍ഡ് ശക്തമായ നിലപാടെടുക്കുകയും ചെയ്തു. പാവപ്പെട്ടവരുടെ പാര്‍ട്ടി, അടിസ്ഥാനവര്‍ഗങ്ങളിലും കുടിയേറ്റക്കാരിലും വേരുകളുള്ള പാര്‍ട്ടി എന്നിങ്ങനെ ചരിത്രം അനുവദിച്ചു നല്‍കിയ പ്രതിച്ഛായയില്‍ നില്‍ക്കുക മാത്രമാണ് ലേബര്‍ പാര്‍ട്ടി ചെയ്യുന്നത്. അത്‌കൊണ്ട് ടോറികള്‍ വന്നാലും ലേബര്‍ പാര്‍ട്ടി വന്നാലും ബ്രിട്ടീഷ് മുന്‍ഗണനകളില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ല. വിശദാംശങ്ങളില്‍ ചില മാറ്റങ്ങള്‍, തിരഞ്ഞെടുപ്പ് ഫലം മുന്നോട്ട് വെക്കുന്ന പ്രവണതകള്‍, വോട്ടിംഗ് പാറ്റേണില്‍ മറഞ്ഞ് കിടക്കുന്ന ചില യാഥാര്‍ഥ്യങ്ങള്‍. ഇവയാണ് വിശകലനം ചെയ്യേണ്ടത്.
തിരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ രീതിശാസ്ത്രത്തിന് എന്തോ കാര്യമായ കുഴപ്പമുണ്ട്. സര്‍വേകള്‍ ഒന്നും കുറിക്ക് കൊള്ളുന്നില്ല. അത്യാധുനിക സംവിധാനങ്ങളും ലബ്ധപ്രതിഷ്ഠരായ വിദഗ്ധരും എമ്പാടുമുണ്ടായിട്ടും ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവചിക്കാന്‍ അശക്തരാണ് തങ്ങളെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഹൗസ് ഓഫ് കോമണ്‍സിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്നായിരുന്നു എല്ലാ മാധ്യമങ്ങളും പ്രവചിച്ചത്. അങ്ങനെ വന്നാല്‍ സാധ്യമായേക്കാവുന്ന സഖ്യങ്ങള്‍ സംബന്ധിച്ചും പ്രവചനങ്ങള്‍ കേട്ടു. ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, തീവ്രവലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ യുനൈറ്റഡ് കിംഗ്ഡം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരിക്കുമെന്നായിരുന്നു അതിലൊരു പ്രവചനം. അത്യന്തം മാരകമായ കൂട്ടുകെട്ട് ആകുമായിരുന്നു അത്. 1970കള്‍ ആവര്‍ത്തിക്കുമെന്നും പ്രവചിക്കപ്പെട്ടു. ന്യൂനപക്ഷ സര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുമെന്നും മാസങ്ങള്‍ക്കകം പുതിയ തിരഞ്ഞെടുപ്പ് വേണ്ടി വരുമെന്നുമായിരുന്നു ആശങ്ക. എന്നാല്‍ ഒന്നുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷത്തെ 302നെ മറികടന്ന് 650 അംഗ സഭയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 331 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം നേടി. ലിബറല്‍ ഡെമോക്രാറ്റുകളുമായി സഖ്യത്തിലാണ് ഡേവിഡ് കാമറൂണ്‍ തന്റെ ഒന്നാമൂഴം പൂര്‍ത്തിയാക്കിയത്. ഇത്തവണ ഒറ്റക്ക്. നേരിയ ഭൂരിപക്ഷത്തിലെങ്കിലും.
യു കെ ഐ പി പോലുള്ള ചെറു കക്ഷികള്‍ തികച്ചും അപ്രസക്തമായി. ലേബര്‍ പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡ് ഒരിക്കല്‍ പോലും ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ ഔന്നിത്യത്തിലേക്ക് ഉയര്‍ന്നില്ല. അദ്ദേഹം മുസ്‌ലിംകള്‍ക്ക് അനുകൂലമായി നടത്തിയ ധീരമായ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ എതിരാളികള്‍ വക്രീകരിക്കുകയും നല്ല ആയുധമാക്കി മാറ്റുകയും ചെയ്തു. ഭരണകൂടങ്ങള്‍ ഭീതി ഉത്പാദിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന കാലത്ത് സത്യം പറയുമ്പോള്‍ ഇങ്ങനെയൊക്കെയാണ് സംഭവിക്കുക. പ്രകടനപത്രികയില്‍ നിന്ന് ഇന്ത്യന്‍ വംശജരെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതടക്കമുള്ള നിരവധി വിഡ്ഢിത്തങ്ങള്‍ ലേബര്‍ പാര്‍ട്ടിയുടെ പതനത്തിലേക്ക് നയിച്ചു. പാക് വംശജരുടെ വോട്ട് പെട്ടിയിലാക്കാനാണത്രേ ഇന്ത്യയെ തഴഞ്ഞത്. സംഭവിച്ചതോ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട്‌ബേങ്കായ ഇന്ത്യന്‍ വംശജരെ അത് അകറ്റി. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ കരകയറ്റിയെന്ന കണ്‍സര്‍വേറ്റീവ് വാദത്തെ പ്രതിരോധിക്കാന്‍ ലേബറുകള്‍ക്ക് സാധിച്ചിരുന്നില്ല.
ലേബര്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചത് സ്‌കോട്ട്‌ലാന്‍ഡ് ആണ്. അവിടെയുള്ള 59 സീറ്റില്‍ 56ഉം നേടി സ്‌കോട്ടിഷ് നാഷനിലിസ്റ്റ് പാര്‍ട്ടി അവിടെ ഉഗ്രന്‍ വിജയം നേടി. കഴിഞ്ഞ പ്രാവശ്യം നേടിയ നാല്‍പത് സീറ്റുകളാണ് ലേബര്‍ പാര്‍ട്ടിക്ക് ഇവിടെ നിന്ന് നഷ്ടമായത്. ലേബര്‍ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റിയെന്നതല്ല എസ് എന്‍ പിയുടെ ഉജ്ജ്വല വിജയത്തിന്റെ പ്രാധാന്യം. ഐക്യ ബ്രിട്ടന്‍ അവസാനിക്കുന്നതിന്റെ തുടക്കമാണ് അത്. കഴിഞ്ഞ സെപ്തംബര്‍ 18ന് ലോകം മുഴുവന്‍ സ്‌കോട്ട്‌ലാന്‍ഡിലായിരുന്നു. യുനൈറ്റഡ് കിംഗ്ഡം നിലനില്‍ക്കണോ സ്‌കോട്ട്‌ലാന്‍ഡ് വിട്ടുപോകണോയെന്ന് തീരുമാനിക്കാനുള്ള ഹിതപരിശോധന നടന്നത് അന്നാണ്. പ്രധാനമന്ത്രി കാമറൂണും പ്രതിപക്ഷ നേതാവ് എഡ് മിലിബാന്‍ഡും വിഭജനവാദികള്‍ക്കെതിരെ ഒറ്റക്കെട്ടായി. മുഖ്യധാരാ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഒന്നടങ്കം വിഭജനത്തിന്റെ അപകടം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആ പ്രചാരണ ഘോഷങ്ങള്‍ക്കിടയില്‍ സ്‌കോട്ട് ജനത വിധിയെഴുതി: ‘വിഭജനം വേണ്ട’.
ഹിതപരിശോധനയില്‍ സ്വാതന്ത്ര്യവാദികള്‍ പരാജയപ്പെട്ടെങ്കിലും അവര്‍ ഉണര്‍ത്തി വിട്ട രാഷ്ട്രീയ അവബോധം ശക്തമായിരുന്നുവെന്നും അത് സ്ഥായിയാണെന്നും ഇന്ന് വ്യക്തമാകുന്നു. സ്വാതന്ത്ര്യവാദികളുടെ നേതാവ് അലക്‌സ് സാല്‍മണ്ട് അന്ന് തന്നെ പറഞ്ഞു: ‘ഞങ്ങള്‍ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും പ്രസരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ രാഷ്ട്രീയ പങ്കാളിത്തം അനുവദിച്ചില്ലെങ്കില്‍ ഈ പ്രസരണത്തിന്റെ ശക്തി ഭരണകര്‍ത്താക്കള്‍ അനുഭവിക്കുക തന്നെ ചെയ്യും’ ഈ വാക്കുകളാണ് പുലര്‍ന്നിരിക്കുന്നത്. യുവതലമുറ ഒന്നടങ്കം ബ്രിട്ടനില്‍ നിന്നുള്ള വിടുതി ആഗ്രഹിക്കുന്നു. ഈ നിശ്ചയദാര്‍ഢ്യം തന്നെയായിരിക്കും കാമറൂണിനെ രണ്ടാമൂഴത്തില്‍ കുഴക്കാന്‍ പോകുന്നത്. വെസ്റ്റ്മിനിസ്റ്ററില്‍ (മധ്യലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലാണ് പാര്‍ലിമെന്റ് സ്ഥിതി ചെയ്യുന്നത്. പിന്നെ അത് പാര്‍ലിമെന്റിന്റെ അപരനാമമായി) എസ് എന്‍ പിയിലെ 56 പേര്‍ സ്വാതന്ത്യത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കും.
നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ കാമറൂണിന്റെ രണ്ടാമൂഴത്തില്‍ കുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ നീക്കങ്ങള്‍ ശക്തമാകുമെന്നതിന് തെളിവ് ഒന്നാമൂഴത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകളും കൈകൊണ്ട സമീപനങ്ങളും തന്നെയാണ്. ഏറ്റവുമേറെ ചര്‍ച്ചയായ അദ്ദേഹത്തിന്റെ പരാമര്‍ശം ഇതായിരുന്നു: ‘ഒരു ക്രിസ്ത്യാനിയായിരിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഓരോ ബ്രിട്ടീഷുകാരനും ഇത്തരത്തില്‍ അഭിമാനം കൊള്ളണം. ക്രിസ്ത്യാനിയായിരിക്കുന്നതില്‍ നാം ഒരിക്കലും അലസരാകാന്‍ പാടില്ല. ഉദാസീനത പാടില്ല. ക്രിസ്തുമതം നമുക്ക് നല്‍കുന്ന ആശ്വാസവും സുരക്ഷിതത്വവും തിരിച്ചറിയണം. മതത്തിന് നമ്മുടെ രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ കൂടുതല്‍ പങ്ക് നല്‍കേണ്ടതുണ്ട്. ആത്യന്തികമായി ബ്രിട്ടന്‍ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണ്’ അങ്ങനെ പറഞ്ഞ് മാറിനില്‍ക്കുകയല്ല കാമറൂണ്‍ ചെയ്തത്. മതസംരക്ഷണത്തിന് വന്‍തുക അനുവദിച്ചു. തന്റെ മതസ്വത്വത്തെ ഇത്രമേല്‍ പരസ്യമായും ആധികാരികമായും ഉദ്‌ഘോഷിക്കാന്‍ അദ്ദേഹം തയ്യാറായത് ബ്രിട്ടനില്‍ മുസ്‌ലിം സമൂഹത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ്. ബ്രിട്ടനില്‍ രണ്ടാമത്തെ വലിയ മതസമൂഹമാണ് മുസ്‌ലിംകള്‍. 15 വര്‍ഷം കൊണ്ട് മുസ്‌ലിം ജനസംഖ്യയില്‍ 75 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. 2001ല്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ രണ്ട് ശതമാനമായിരുന്നു. 2011ല്‍ അത് 4.8 ശതമാനമായി വര്‍ധിച്ചു. ഇതില്‍ 48ശതമാനം പേരും 25 വയസ്സിന് താഴെയുള്ളവരാണെന്നതും ശ്രദ്ധേയമാണ്. ബ്രിട്ടനില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന്റെ 90 ശതമാനവും ഇസ്‌ലാമിലേക്കാണ്. ഇതില്‍ ഏറിയ കൂറും വനിതകളാണ്.
ഈ യാഥാര്‍ഥ്യങ്ങളെ കാമറൂണിന്റെ സര്‍ക്കാര്‍ അഭിസംബോധന ചെയ്തത് അമേരിക്ക ചെയ്യുന്നത് പോലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്. എല്ലാ ഭീകരവിരുദ്ധ നീക്കവും ആത്യന്തികമായി മുസ്‌ലിംകളിലും കറുത്ത വര്‍ഗക്കാരിലും കുടിയേറ്റ സമൂഹങ്ങളിലുമാണ് ചെന്നെത്തുന്നത്. മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ തളച്ചിടാന്‍ നിരന്തരം പരിശോധനയില്‍ നിര്‍ത്തുന്നു. ഭീകരവിരുദ്ധ വിഭാഗത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനാകാത്ത മുസ്‌ലിം യുവാവ് ഇല്ലെന്ന് തന്നെ പറയാം. മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകള്‍ അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സിലബസ് ആണെന്നാണ് ആരോപണം. മസ്ജിദുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫലസ്തീനിലെ ഇസ്‌റാഈല്‍ നരനായാട്ടും അതില്‍ സര്‍ക്കാര്‍ കൈകൊണ്ട സമീപനവും ലേബര്‍ പാര്‍ട്ടിക്കാരും ഗ്രീന്‍ പാര്‍ട്ടിക്കാരും ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. അപ്പോള്‍ വിചിത്രമായ പ്രതികരണമാണ് കാമറൂണ്‍ നടത്തിയത്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് അദ്ദേഹം പറഞ്ഞത് താന്‍ ഫലസ്തീന്റെ കൂടെയാണെന്നായിരുന്നു. എന്നാല്‍ ജൂത പോക്കറ്റുകളില്‍ അദ്ദേഹം പറഞ്ഞു, ഇസ്‌റാഈലിന്റെ സുരക്ഷയാണ് തന്റെ സര്‍ക്കാറിന്റെ പ്രഥമ പരിഗണനയെന്ന്. ഏതാണ് ശരി.
ഒരു കാര്യമുറപ്പാണ്. തന്റെ നിലപാടുകള്‍ കൂടുതല്‍ മാരകമായി നടപ്പാക്കാന്‍ ഈ രണ്ടാം വരവില്‍ കാമറൂണ്‍ ശ്രമിക്കും. ചെലവ് വെട്ടിച്ചുരുക്കല്‍ നടപടികള്‍ അത്യുത്സാഹത്തോടെ നടപ്പാക്കും. സൈനികച്ചെലവ് കുത്തനെ കൂട്ടും. സുരക്ഷക്ക് തന്നെയായിരിക്കും മുന്‍തൂക്കം. തീവ്രവാദവിരുദ്ധ ദൗത്യങ്ങളെന്ന പേരില്‍ നടക്കുന്ന എല്ലാ ആക്രമണതുറകളിലും അമേരിക്കയുടെ ഇടംവലം ബ്രിട്ടന്‍ ഉണ്ടാകും. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത് കടക്കാന്‍ സാധ്യതയില്ല. ഇക്കാര്യം വരുമ്പോള്‍ കാമറൂണിന്റെ സ്വന്തം എം പിമാര്‍ തന്നെ രണ്ട് തട്ടിലാണ്. എങ്കിലും കാമറൂണ്‍ പറഞ്ഞിടത്ത് തന്നെ നില്‍ക്കും കാര്യങ്ങള്‍. പരമാവധി പോയാല്‍ ഇ യു വിഷയത്തില്‍ ഹിതപരിശോധന നടന്നേക്കാം.

ALSO READ  കരാറും ഫലസ്തീന്‍ ഐക്യവും