Kerala
വീരേന്ദ്രകുമാറിന്റെ തോല്‍വി;റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം പി വീരേന്ദ്രകുമാറിന്റെ തോല്‍ക്കാനിടയായതിനെക്കുറിച്ച് അന്വേഷണം നടത്തിയ യു ഡി എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണ് ക്ലിഫ് ഹൗസിലെത്തി റിപ്പോര്‍ട്ട് കൈമാറിയത്. വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് കാരണക്കാരായ ഡി സി സി പ്രസിഡന്റ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ട്.
ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും കെ പി സി സി സെക്രട്ടറിയുമായ സി ചന്ദ്രന്‍, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല വഹിച്ച പി ബാലഗോപാല്‍, തിരഞ്ഞെടുപ്പിന് അട്ടപ്പാടി മേഖലയുടെ ചുമതലയുണ്ടായിരുന്ന ബ്ലോക്ക് പ്രസിഡന്റ് പി സി ബേബി എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിനായി ശ്രമിച്ചെന്നും കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഏതുതരത്തിലുള്ള നടപടി വേണമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
പ്രമുഖ ഘടകകക്ഷി നേതാവ് സ്ഥാനാര്‍ഥിയായിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഡി സി സി പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറുടെയും ഭാഗത്തുനിന്ന് ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടായില്ല. ലാഘവബുദ്ധിയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. താഴെത്തട്ടില്‍ പലയിടത്തും തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫണ്ട് ഉപയോഗിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിച്ചു. പ്രചാരണത്തിനുള്ള പണം താഴെത്തട്ടില്‍ എത്തിയില്ല. അഞ്ചും ആറും കമ്മിറ്റികള്‍ക്കുള്ള പണം വ്യത്യസ്ത പേരുകളില്‍ ഒരാള്‍ തന്നെ വാങ്ങിയ സംഭവം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം പന്ത്രണ്ടിന് ചേരുന്ന യു ഡി എഫ് യോഗത്തിലായിരിക്കും റിപ്പോര്‍ട്ടിന്മേല്‍ അന്തിമ നടപടി സ്വീകരിക്കുക.