വീട്ടുജോലിക്കാരന്‍ സ്വര്‍ണം കവര്‍ന്നെന്ന് പരാതി

Posted on: May 9, 2015 12:39 pm | Last updated: May 9, 2015 at 12:39 pm

വടകര: വീട്ടുജോലിക്കെത്തിയ യുവാവ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണവുമായി മുങ്ങിയതായി പരാതി. മുക്കാളി അണ്ടര്‍ ബ്രിഡ്ജിന് സമീപം മടപ്പള്ളിയില്‍ കരുണാകരക്കുറുപ്പിന്റെ വീട്ടില്‍ ഡ്രൈവര്‍ കം കുക്കായി ജോലി ചെയ്തുവരുന്ന തിരുവനന്തപുരം സ്വദേശി ശ്രീകുമാറാണ് 18 പവന്‍ സ്വര്‍ണാഭരണവുമായി മുങ്ങിയത്. അഞ്ച് മാസമായി കരുണാകരക്കുറുപ്പിന്റെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാലാണ് സഹായത്തിനായി ഒരാളെ നിയമിച്ചത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച രാവിലെ ശ്രീകുമാറിനെ കാണാതായതോടെ കരുണാകരക്കുറുപ്പും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണം നഷ്ടപ്പെട്ടതറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ചോമ്പാല പോലീസ് കേസെടുത്തു.