നേപ്പാളിലേക്കുള്ള ധനസഹായം അപര്യാപ്തമെന്ന് യു എന്‍

Posted on: May 9, 2015 4:56 am | Last updated: May 8, 2015 at 11:56 pm

യു എന്‍: ഭൂകമ്പം ദുരിതം വിതച്ച നേപ്പാളിന് അന്താരാഷ്ട്രാതലത്തില്‍ ആവശ്യപ്പെട്ടതില്‍ ഒരു ചെറിയഭാഗം സഹായം മാത്രമേ ലഭിച്ചുള്ളുവെന്ന് യു എന്‍. നേപ്പാളിനായി 415 മില്യണ്‍ ഡോളറിന്റെ സഹായമാണ് യു എന്നും അവരുടെ പങ്കാളികളും അന്താരാഷ്ട്ര ദാതാക്കളോട് ആവശ്യപ്പെട്ടത്.
എന്നാല്‍, കഴിഞ്ഞ ആഴ്ചവരെ 22.4 മില്യണ്‍ ഡോളര്‍ ആണ് ലഭിച്ചത്. ഇത് ആവശ്യപ്പെട്ടതിന്റെ അഞ്ച് ശതമാനം മാത്രമാണ്. സഹായ അഭ്യര്‍ഥനക്ക് വളരെ മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് യു എന്‍ ഹുമാനിറ്റേറിയന്‍ അഫയേഴ്‌സ് വക്താവ് ഓര്‍ല ഫഗാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സിറിയ, ഇറാഖ് തുടങ്ങി പത്തിലധികം രാജ്യങ്ങളില്‍ ദീര്‍ഘകാലമായി പ്രതിസന്ധി നിലനില്‍ക്കുന്നതാണ് സഹായത്തില്‍ കുറവ് വരാന്‍ കാരണമെന്നും ഈ രാജ്യങ്ങളിലേക്കും അന്താരാഷ്ട്ര സഹായങ്ങളുടെ ആവശ്യമുണ്ടെന്നും ഫഗാന്‍ പറഞ്ഞു. നേപ്പാളില്‍ ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ 7,759 പേര്‍ മരിക്കുകയും 16,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് ലക്ഷത്തോളം വീടുകളാണ് നാമാവശേഷമായത്. രാജ്യത്തെ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ഇപ്പോഴും സഹായമെത്തിയിട്ടില്ല. പലര്‍ക്കും ഇവിടെ സര്‍ക്കാര്‍ സഹായംപോലും ലഭിച്ചിട്ടില്ല.
അതിര്‍ത്തി കടന്നുവരുന്ന സാധനങ്ങള്‍ക്ക് നികുതിചുമത്തുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടിയെ യു എന്നും പാശ്ചാത്യ രാജ്യങ്ങളും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ നേപ്പാള്‍ സര്‍ക്കാര്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.