യു ഡി എഫ് ഭരണത്തില്‍ അഴിമതിയുടെ ഘോഷയാത്ര : കാനം രാജേന്ദ്രന്‍

Posted on: May 9, 2015 5:46 am | Last updated: May 8, 2015 at 11:48 pm

തൊടുപുഴ: യു ഡി എഫ് ഭരണത്തില്‍ കേരളത്തില്‍ അഴിമതി ആരോപണങ്ങളുടെ ഘോഷയാത്രയാണ് നടക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ 48-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എം ഇബ്രാഹിം നഗറില്‍ (മുനിസിപ്പല്‍ മൈതാനം) നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാനം.
സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ ജീവനക്കാരുടെ അഭിപ്രായ- നിര്‍ദ്ദേശങ്ങളോടെ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടപ്പിലാക്കിയിരുന്ന ശമ്പള പരിഷ്‌കരണമാണ് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരെയും സംഘടനകളെയും ഒഴിവാക്കി കമ്മീഷന്‍ മുഖാന്തിരം നടിപ്പിലാക്കുന്നത്. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ കൂടി അഭിപ്രായം തേടണമെന്ന ജോയിന്റ് കൗണ്‍സില്‍ അടക്കമുള്ള സംഘടനകളുടെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.
സിവില്‍ സര്‍വീസിനെ ചലിപ്പിക്കുന്ന പ്രധാന ഘടകമായ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ തസ്തിക സ്വകാര്യ മേഖലക്ക് തീറെഴുതാനുള്ള ശ്രമമാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കാനം പറഞ്ഞു.
എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മാത്യു വര്‍ഗീസ്, കെ സലിംകുമാര്‍, പി പി ജോയി, ടി വി ഇമ്മാനുവേല്‍, കോയക്കുട്ടി, വിജയമോഹനന്‍ പിള്ള, ആര്‍ രാജന്‍. ജി രമേശ് സംസാരിച്ചു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ. കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം ജല വിഭവ മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇ എസ് ബിജിമോള്‍ എംഎല്‍ എ, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍, ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, കെ ജി ഡി എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ സംസാരിച്ചു.