ഗജേന്ദ്ര സിംഗിന് സ്മാരകം നിര്‍മിക്കുമെന്ന് എ എ പി

Posted on: May 9, 2015 6:00 am | Last updated: May 8, 2015 at 11:39 pm

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രതിഷേധ പരിപാടിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്ര സിംഗിന് സ്മാരകം നിര്‍മിക്കുമെന്ന് എ എ പി. പാര്‍ട്ടി പ്രസിഡന്റ് അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലം തെറ്റി പെയ്ത മഴയില്‍ കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം അദ്ദേഹം വിതരണം ചെയ്തു. കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഗജേന്ദ്രയുടെ മരണം ഒരു നിമിത്തമായെന്നും കര്‍ഷകര്‍ക്ക് വേണ്ടി അദ്ദേഹം രക്തസാക്ഷിയായെന്നും കെജ്‌രിവാള്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി പാര്‍ട്ടി സ്മാരകം നിര്‍മിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗജേന്ദ്രയുടെ മരണ ശേഷം ഗജേന്ദ്ര സിംഗ് കിസാന്‍ സഹായതാ യോജന എന്ന പേരില്‍ കര്‍ഷക ക്ഷേമ പദ്ധതിക്ക് ഡല്‍ഹി സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളില്‍ കൃഷി നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സഹായമെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
സമ്മേളന വേദിക്ക് സമീപം നടന്ന ആത്മഹത്യയെ കുറിച്ച് കെജ്‌രിവാള്‍ എന്ത് കൊണ്ട് അറിഞ്ഞില്ലെന്ന ആരോപണത്തെ കുറിച്ച് പറയവെ, പരിപാടി നടക്കുന്നതിന് എത്രയോ അകലെ മരത്തില്‍ നടന്ന ആത്മഹത്യ തങ്ങള്‍ കണ്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
70 ശതമാനത്തിലധികം കൃഷി നശിച്ച കര്‍ഷകര്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കിയത്. ഇതിന് താഴെ കൃഷി നശിച്ചവര്‍ക്ക് 14,000 രൂപയും നഷ്ടപരിഹാരമായി നല്‍കിയിരുന്നു.
ഇത് വരെ സര്‍ക്കാറുകള്‍ നല്‍കിയ നഷ്ടപരിഹാരത്തില്‍ എത്രയോ അധികമാണ് എ എ പി സര്‍ക്കാര്‍ വിതരണം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചില സംസ്ഥാന സര്‍ക്കാറുകള്‍ 100 രൂപയുടെ ചെക്ക് നല്‍കുന്ന സ്ഥാനത്ത് എ എ പി സര്‍ക്കാര്‍ 20,000 രൂപയാണ് വിതരണം ചെയ്തിരിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.