കൈവെട്ട് കേസ്: പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവ്‌

Posted on: May 8, 2015 11:30 am | Last updated: May 8, 2015 at 11:58 pm

kaivettu

കൊച്ചി: ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 10 പ്രതികള്‍ക്ക് എട്ട് വര്‍ഷവും മറ്റു മൂന്ന് പ്രതികള്‍ക്ക് രണ്ടു വര്‍ഷവും തടവ് വിധിച്ചു. കൊച്ചി എന്‍ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്.

കാലടി സ്വദേശി ജമാല്‍ , കോതമംഗലം സ്വദേശി മുഹമ്മദ് ഷോബിന്‍ , പെരുമ്പാവൂര്‍ സ്വദേശി ഷംസുദ്ദീന്‍ , പറവൂര്‍ സ്വദേശി ഷാനവാസ്, ആലുവ സ്വദേശി കെ എം പരീത്, കോതമംഗലം സ്വദേശി യൂനസ് അലിയാര്‍ , ആലുവ സ്വദേശികളായ സജീര്‍ , കെ ഇ കാസിം എന്നീ പ്രതികള്‍ക്കാണ് എട്ട് വര്‍ഷം തടവ് വിധിച്ചത്. ഇവര്‍ക്കെതിരെ യു എ പി എ പ്രകാരമാണ് കേസെടുത്തിരുന്നത്. അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദത്ത്, റിയാസ് എന്നിവരെയാണ് രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്.

കേസിലെ 37 പ്രതികളില്‍ 31 പ്രതികള്‍ക്കെതിരായാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവില്ലാത്തതിനാല്‍ ഇതില്‍ 18 പേരെ എന്‍ ഐ എ കോടതി ഒഴിവാക്കിയിരുന്നു. കേസിലെ മുഖ്യ പ്രതിയുള്‍പ്പെടെ അഞ്ച് പേര്‍ ഇനിയും പിടിയിലാകാനുണ്ട്.

കേസിലെ വിധി തൃപ്തികരമല്ലെന്നും അപ്പീല്‍ പോകുമെന്നും എന്‍ ഐ എ അഭിഭാഷകന്‍ പറഞ്ഞു. പ്രതികള്‍ സമൂഹത്തിനെതിരായ കുറ്റം ചെയ്തവരാണെന്നായിരുന്നു എന്‍ ഐ എ വാദം. എന്നാല്‍ ഇത് വ്യക്തിക്കെതിരായ കുറ്റമാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. പ്രതിഭാഗത്തിന്റെ വാദത്തിനാണ് കോടതി മുന്‍തൂക്കം നല്‍കിയതെന്നാണ് വിധി പ്രസ്താവത്തില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.