Connect with us

Malappuram

കോട്ടക്കുന്നി്‌നു ചാതുത പകരാന്‍ മിറാക്കിള്‍ ഗാര്‍ഡനും

Published

|

Last Updated

മലപ്പുറം: കോട്ടക്കുന്നിനെ കൂടുതല്‍ മനോഹരമാക്കാനായി രണ്ട് കോടി രൂപ ചെലവില്‍ മിറാക്കിള്‍ ഗാര്‍ഡന്‍ നിര്‍മിക്കുന്നു. ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റെ മാതൃകയിലാണ് ഗാര്‍ഡന്‍ ഒരുക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ പുന്തോട്ടമാണ് കോട്ടക്കുന്നിലെത്. ജമന്തി, പോയന്‍സെറ്റി, മോണിംഗ് ഗ്ലോറി തുടങ്ങി 25 ഓളം വിവിധ ചെടികള്‍ ഗാര്‍ഡനിലുണ്ടാകും. മൂന്ന് മീറ്റര്‍ വീതിയുള്ള നടപ്പാതയുടെ പകുതിയോളം അര്‍ധ വൃത്താകൃതിയിലാകും ഇവയുടെ നിര്‍മാണമെന്നതിനാല്‍ കോട്ടക്കുന്നില്‍ നിന്നുള്ള കാഴ്ചക്ക് ഗാര്‍ഡന്‍ തടസമാകില്ല. ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഡി ടി പി സി സെക്രട്ടറി വി ഉമര്‍കോയ അറിയിച്ചു. നടപ്പാതയില്‍ തണല്‍ ലഭിക്കുന്ന വിധം 800 മീറ്ററോളം ഗാര്‍ഡനുണ്ടാകും. സ്റ്റീലില്‍ വിവിധ രൂപങ്ങള്‍ നിര്‍മിച്ച് പ്രത്യേക ചെടിച്ചട്ടികള്‍ ഉപയോഗിച്ചായിരിക്കും ഗാര്‍ഡന്‍ നിര്‍മിക്കുക. ചെടികള്‍ പ്രത്യേക രീതിയില്‍ അലങ്കരിക്കുന്നത് ഗാര്‍ഡനെ കൂടുതല്‍ മനോഹരമാക്കും. 24 മണിക്കൂറും നനക്കുന്നതിനായി ഡ്രിപ് ഇറിഗേഷനും ഒരുക്കുന്നുണ്ട്. കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍പ്ലാനിലുള്‍പ്പെടുത്തിയാണ് നിര്‍മാണം. പൂമ്പാറ്റകളെയും കിളികളെയും കൂടുതലായി ആകര്‍ഷിക്കുന്ന തരത്തിലുള്ള ചെടികളാണ് ഗാര്‍ഡനില്‍ കൂടുതലും.
300 ഓളം മരങ്ങള്‍ നട്ട് കോട്ടക്കുന്നിനെ ഹരിതാഭമാക്കാനുള്ള പ്രവൃത്തിയും ഉടന്‍ തുടങ്ങും. മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന ഈന്തപ്പനകളുടെ തോട്ടവും ഇവിടെ ഒരുക്കുന്നുണ്ട്. ഔഷധ സസ്യങ്ങള്‍, തണല്‍ മരങ്ങള്‍, വിവിധ ഇനം ഫലവൃക്ഷങ്ങള്‍ എന്നിവയാണ് നടുന്നത്. ഇവയോടൊപ്പം പ്രത്യേക സൈക്കിള്‍ ട്രാക്കിന്റെ നിര്‍മാണവും തുടങ്ങും. ഇവിടെ രാവിലെയും വൈകീട്ടും സൈക്കിള്‍ ചവിട്ടുന്നതിനും സൗകര്യമേര്‍പ്പെടുത്തുകയും ചെയ്യും. മഴവീടുകളില്‍ എഫ് എം റേഡിയോ, ആഘോഷ പരിപാടികള്‍ നടത്തുന്നതിന് പാര്‍ട്ടി ഡെക്ക് എന്നിവയും നിര്‍മിക്കുന്നുണ്ട്.
100 കോടിയുടെ വികസന പദ്ധതികളാണ് മാസ്റ്റര്‍പ്ലാനിലുള്‍പ്പെടുത്തിയിട്ടുള്ളത്. മാസ്റ്റര്‍പ്ലാനിലുള്‍പ്പെട്ട പദ്ധതിയിലെ ആദ്യ ഘട്ടമായ ലേസര്‍ഷോയും സംഗീത ജലധാരയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലയുടെ സംസ്‌കാരവും ചരിത്രവും പറയുന്ന ലേസര്‍ഷോയും സംഗീത ജലധാരയും വീക്ഷിക്കാന്‍ നിരവധി പേരാണ് കോട്ടക്കുന്നിലെത്തുന്നത്. മിറാക്കിള്‍ ഗാര്‍ഡന്റെ നിര്‍മാണം ഒരു മാസത്തിനകം തുടങ്ങും.

---- facebook comment plugin here -----

Latest