Kerala
എല്‍ ഡി എഫ് ധര്‍ണയില്‍ പിള്ളയും ഗണേഷും

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ ബാബുവിനെയും മന്ത്രി കെ എം മാണിയേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തിയ സമരത്തിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലക്യഷ്ണപിള്ളയും മകനും എം എല്‍ എയുമായ കെ ബി ഗണേഷ്‌കുമാറും എത്തി. ഏകദേശം പതിനൊന്നോടെയാണ് ഗണേഷ് കുമാര്‍ സെക്രട്ടേറിയറ്റിന് മുമ്പിലെ ഉപരോധ സമരത്തിന് എത്തിയത്.
അരമണിക്കൂറിനകം ബാലക്യഷ്ണപിള്ളയും എത്തി. വിഴിഞ്ഞം പദ്ധതിയില്‍ വന്‍ അഴിമതി ഉണ്ടെന്ന ആരോപണം പിള്ള ഉയര്‍ത്തിയപ്പോള്‍ ഗണേഷ്‌കുമാര്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് എതിരെ പുതിയ ആരോപണം ഉന്നയിക്കുകയും രേഖകളുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
അഴിമതി നടത്തുന്നതില്‍ പി എച്ച് ഡി നല്‍കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് മന്ത്രിസഭമാറിയെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ 300 കോടിയുടെ അഴിമതിയാണ്. അദാനി ഗ്രൂപ്പിന് പുറമേ ബോംബെയിലെ ഒരു കമ്പനിയും മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രതിനിധിയായി മന്ത്രിയും പദ്ധതിക്കായി മുന്നോട്ട് വന്നു. എന്നാല്‍, വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പ് മാത്രമേ വന്നിട്ടുള്ളുവെന്നാണ് മുഖ്യമന്ത്രിയും മറ്റുള്ളവരും പറയുന്നത്. ഇത് കോഴ വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അദാനി ഗ്രൂപ്പിന് പദ്ധതി നല്‍കാനായി ഉമ്മന്‍ ചാണ്ടിയും കെ ബാബുവും ഡല്‍ഹിയിലെ കെ വി തോമസിന്റെ വസതിയില്‍ വെച്ചാണ് തീരുമാനിച്ചതെന്നും പിള്ള പറഞ്ഞു.
തൃശൂരില്‍ കാറിടിച്ച് കൊന്ന ആളില്‍ നിന്ന് ആറ് കോടി രുപയാണ് കൈക്കൂലി വാങ്ങിയത്. ബാബുവിന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് അവിടെ ഇരിക്കാന്‍ യോഗ്യത ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി എന്ന നിലയിലാണ് കാര്യങ്ങള്‍. മുന്‍ഗാമികള്‍ മിടുക്കന്‍മാരാണ് എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്ന തരത്തിലാണ് മന്ത്രിമാരുടെ പ്രകടനം.
ഉയര്‍ന്ന് വരുന്ന ആരോപണങ്ങളുടെ എല്ലാം തലയറുക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേതെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. നിവൃത്തികേട് കൊണ്ടാണ് വിന്‍സന്‍ എം പോള്‍ അഴിമതിക്ക് എതിരെ സംസാരിച്ചത്. മാണി കരുതുന്നത് പോലെ സംരക്ഷിക്കാന്‍ അല്ല മാണിയെ പറ്റിക്കാനാണ് മുഖ്യമന്ത്രി കൂടെ കൊണ്ട് നടക്കുന്നതെന്നും ഗണേഷ് പറഞ്ഞു.