ബുദ്ധിമാന്ദ്യമുള്ളവരുടെ സ്വത്ത് കൈകാര്യംചെയ്യാന്‍ അനുമതി വാങ്ങണം: കലക്ടര്‍

Posted on: May 8, 2015 4:13 am | Last updated: May 7, 2015 at 10:14 pm

കല്‍പ്പറ്റ: നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം മാനസിക ശാരീരിക വൈകല്യമുള്ളവരുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് നിയമാനുസൃത സംരക്ഷകന് മാത്രമേ അധികാരമുള്ളൂവെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. 1999 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമം ബുദ്ധിമാന്ദ്യം, ഓട്ടിസം, തളര്‍വാതം, ബഹുമുഖ വൈകല്യം എന്നിവയുള്ളവരുടെ സ്വത്ത് അനധികൃതമായി ഉപയോഗിക്കുന്നതും, ശാരീരകവും സാമ്പത്തികവുമായി ചൂഷണം ചെയ്യുന്നതും തടയുന്നു. ഇത്തരത്തിലുള്ളവരുടെ നിയമാനുസൃത രക്ഷിതാവിനെ നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതിക്ക് അപേക്ഷ നല്‍കണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരംഗം കണ്‍വീനറും അംഗവൈകല്യമുള്ളവരുടെ ഒരു പ്രതിനിധിയും ഉള്‍ക്കൊള്ളുന്നതാണ് ജില്ലാ സമിതി. ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ നീതി ഓഫീസര്‍, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി തുടങ്ങിയവരുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ഹിയറിങ്ങ് നടത്തിയ ശേഷമാണ് നിയമാനുസൃത സംരക്ഷകരെ തെരഞ്ഞെടുക്കുന്നത്. ബുദ്ധിമാന്ദ്യമുള്ളവരുടെയും മറ്റും സ്വത്ത് അവരുടെ ക്ഷേമത്തിനും പരിചരണത്തിനും മാത്രമെ ഉപയോഗിക്കാന്‍ പറ്റൂ. ലീഗല്‍ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള ആരെങ്കിലും ഇവരുടെ സ്വത്ത് കൈവശപ്പെടുത്തി ദുരുപയോഗം ചെയ്താല്‍ ലീഗല്‍ ഗാര്‍ഡിയന്‍ ഷിപ്പ് റദ്ദാക്കുന്നതോടൊപ്പം ക്രിമിനല്‍ നടപടി സ്വീകരിക്കാനും നാഷണല്‍ ട്രസ്റ്റ് അവകാശം നല്‍കുന്നുണ്ട്.
രാജ്യത്ത് ഇത്തരത്തിലുള്ളആളുകളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ നിയമം നടപ്പാക്കിയത്. ജീവിക്കുന്നതിന് മറ്റുള്ള ആളുകളുടെ സഹായം ആവശ്യമായ ഇത്തരത്തിലുള്ള ആളുകളെ ബന്ധുക്കള്‍ പോലും ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് നാഷണല്‍ ട്രസ്റ്റ് ആക്ടിലൂടെ ലക്ഷ്യം വെക്കുന്നത്. 17 കേസുകള്‍ പരിഗണിച്ചതില്‍ ബുദ്ധിമാന്ദ്യമുള്ള അപേക്ഷകരില്‍ അമ്മയെയും ചില പ്രത്യേക കേസുകളില്‍ സഹോദരിയേയും മുഖ്യ രക്ഷിതാവായി നിര്‍ദ്ദേശിച്ചു. എ.പി.എല്‍ കാര്‍ഡുടമകളെ ബി.പി.എല്‍ ലേക്ക് മാറ്റാനും ഇത്തരം കുട്ടികളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് ആശ്വാസ കിരണ്‍ പദ്ധതിയിലുള്‍പ്പെടുത്തി പെനഷന്‍ ലഭ്യമാക്കുന്നതിനും തീരുമാനമായി.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എം. സുകുമാരന്‍, ടി.കെ.ലൂക്ക, ഡി.വൈ.എസ്.പി. പ്രിന്‍സ് എബ്രഹാം, കെജി പത്മകുമാര്‍, പി.പി. അബ്ദുല്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.