Kerala
വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നര്‍ തുറമുഖ നിര്‍മാണം അദാനി ഗ്രൂപ്പിന് നല്‍കണമെന്ന് ഉന്നതാധികാര സമിതിയുടെ ശിപാര്‍ശ. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ടെന്‍ഡര്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ശിപാര്‍ശ ചെയ്തത്. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഈ മാസം പതിമൂന്നിന് ചേരുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള തുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കും. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കും.
അന്തിമ കരാറില്‍ ഒപ്പ്‌വെക്കുന്നതിന് രണ്ട് ഘട്ടം കൂടിയുണ്ട്. തുറമുഖ പദ്ധതി നടപ്പാക്കാനുള്ള അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പ്രായോഗികമെന്ന വിലയിരുത്തലോടെയാണ് ശിപാര്‍ശ ഡയറക്ടര്‍ ബോര്‍ഡിന്റെ പരിഗണനക്ക് വിട്ടത്.
നിയമ വകുപ്പിന്റെയും സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പിന്റെയും അഭിപ്രായമാരാഞ്ഞ ശേഷമാണ് ഉന്നതാധികാരസമിതി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയത്. പലതവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ആരും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഇടക്കാലത്ത് പദ്ധതിയുടെ ഭാവി ആശങ്കയിലായിരുന്നു.
എന്നാല്‍, കബോട്ടാഷ് നിയമത്തില്‍ ഇളവ് കിട്ടുമെന്ന ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് അദാനി ഗ്രൂപ്പ് പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് ടെന്‍ഡര്‍ നല്‍കിയത്. ഒരു കമ്പനി മാത്രം ടെന്‍ഡര്‍ നല്‍കിയാല്‍ അത് സ്വീകരിക്കുന്നതിലെ ആശയക്കുഴപ്പവും ഉടലെടുത്തിരുന്നു. തുറമുഖ നിര്‍മാണത്തിന് 1,635 കോടി രൂപ നല്‍കണമെന്നാണ് ടെന്‍ഡറില്‍ അദാനി ആവശ്യപ്പെട്ടത്.
പദ്ധതി തുകയുടെ നാല്‍പ്പത് ശതമാനം ഗ്രാന്റായും ആവശ്യപ്പെട്ടു. 6,600 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ നാനൂറ് കോടി രൂപ പ്രോജക്ടിനായി മുടക്കണം. എണ്ണൂറ് കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍നിന്ന് നല്‍കും. ഇരുപത് ശതമാനം തുക സംസ്ഥാന സര്‍ക്കാറാണ് മുടക്കുന്നത്. വിഴിഞ്ഞത്തിന്റെ നിര്‍മാണച്ചുമതല ഗുജറാത്തി വ്യവസായിയും ഇഷ്ടക്കാരനുമായ അദാനിയെ ഏല്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
തുറമുഖ നിര്‍മാണം പൊതുമേഖലയെ ഏല്‍പ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെയും തദ്ദേശവാസികളുടെയും ആവശ്യം പൂര്‍ണമായും നിരാകരിച്ചുകൊണ്ടാണ് വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന്റെ പൂര്‍ണനിയന്ത്രണത്തിലേക്ക് വരുന്നത്.