ദാമ്പത്യ പരാജയം: എന്താണ് പരിഹാരം?

Posted on: May 7, 2015 5:11 am | Last updated: May 6, 2015 at 11:11 pm

ഡോ. ചാര്‍ലി പോള്‍ എഴുതിയ ‘ഡിവോഴ്‌സ് ക്യാപ്പിറ്റല്‍’ (സിറാജ്, ഏപ്രില്‍ 30) എന്ന ലേഖനം ഞെട്ടിക്കുന്ന ചില വസ്തുതകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കേരളം വിവാഹ മോചനങ്ങളുടെ തലസ്ഥാനമാകുകയാണെന്ന വസ്തുതക്ക് അടിവരയിടുന്നതാണ് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ദാമ്പത്യ കലഹങ്ങളും തുടര്‍ന്നുണ്ടാകുന്ന വിവാഹമോചനങ്ങളും. മുന്‍ തലമുറയില്‍ വിവാഹമോചനം വിരളമായിരുന്നു. എന്നാല്‍, പുതുതലമുറ ദാമ്പത്യ ബന്ധങ്ങളെ അതീവ ലാഘവത്തോടെയാണ് സമീപിക്കുന്നത്. പാശ്ചാത്യ ചിന്താഗതികളും ജീവിത സമ്പ്രദായങ്ങളും നമ്മുടെ യുവതീയുവാക്കളെ വഴി തെറ്റിക്കുകയാണെന്ന് പറഞ്ഞൊഴിയാന്‍ എളുപ്പമാണ്. സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ വിപത്ത് തടയാന്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ജനിച്ച് മൂന്നാം വര്‍ഷം മുതല്‍ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരാണ് പുതുതലമുറ. ഇരുപത്തി രണ്ട് വയസ്സ് വരെയെങ്കിലും സ്‌കൂളിലും കോളജിലുമായി പഠിച്ചിട്ടും ജീവിതത്തിന്റെ ബാലപാഠങ്ങള്‍ ഒന്നും പഠിക്കുന്നില്ല എന്നതാണ് വലിയ വിരോധാഭാസം. ഏത് ചെറിയ ജോലിക്കും പരിശീലനം ആവശ്യമാണ്. എന്നാല്‍, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയായ വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന യുവതീയുവാക്കള്‍ക്ക് പരിശീലനമൊന്നും നാം നല്‍കുന്നില്ല. സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പവിത്രമായ ബന്ധം ശിഥിലമാകുന്നു. ദാമ്പത്യജീവിതത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ പരിശീലനം മുന്‍കൂട്ടി ലഭിച്ചാല്‍ ഇന്ന് കാണുന്ന വിവാഹമോചനങ്ങളില്‍ നല്ലൊരു പങ്ക് ഒഴിവാക്കാന്‍ സാധിക്കും.
നാം പലപ്പോഴും തെറ്റിദ്ധരിക്കാറുള്ളതുപോലെ, പരസ്പരം സഹിക്കലല്ല വിവാഹത്തിന്റെ വിജയനിദാനം. മറിച്ച് പരസ്പരം മനസ്സിലാക്കലാണ്. രണ്ട് വ്യത്യസ്ത ഗൃഹാന്തരീക്ഷങ്ങളില്‍ നിന്ന്, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള രണ്ട് വ്യക്തികളുടെ കൂടിച്ചേരലാണ് വിവാഹം. ജീവിതത്തെക്കുറിച്ചുള്ള രണ്ട് പേരുടെയും ഭാവനകള്‍ക്ക് വ്യത്യസ്ത വര്‍ണനകളായിരിക്കും. രണ്ട് വിഭിന്ന കാഴ്ചപ്പാടുകളിലൂടെയായിരിക്കും ഇരുവരും ജീവിതത്തെ നോക്കിക്കാണുന്നത്. ഒരാള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് മറ്റേയാള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആണ്‍ മനസ്സ് വായിക്കാന്‍ പെണ്ണിനും പെണ്‍മനസ്സ് വായിക്കാന്‍ ആണിനും സാധിക്കണം. അപ്പോഴേ ഒരുമിച്ചുള്ള ജീവിതം സുഖകരമാകുകയുള്ളൂ. ഈ മനസ്സിലാക്കലിന്റെ അഭാവമാണ് മിക്ക ദാമ്പത്യത്തകര്‍ച്ചകളുടെയും കാരണം.
തന്നെപ്പോലെ തന്നെ ചിന്തിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഇണ എന്ന് രണ്ട് പേരും മനസ്സിലാക്കണം. വികാരങ്ങളും വിചാരങ്ങളും രണ്ട് പേര്‍ക്കും ഉണ്ട്. തനിക്ക് മാത്രമേ ചിന്തിക്കാന്‍ കഴിവുള്ളൂ എന്നും തനിക്ക് മാത്രമാണ് വികാരങ്ങളും വിചാരങ്ങളും ഉള്ളൂ എന്നും പങ്കാളികളില്‍ ഒരാള്‍ ചിന്തിക്കുകയും തദനുസൃതം പെരുമാറുകയും ചെയ്യുമ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുക സ്വാഭാവികം. കാര്യങ്ങള്‍ അന്യോന്യം തുറന്നു ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. ഉള്ളിലുള്ളത് തുറന്നുപറഞ്ഞ് ചര്‍ച്ചയിലൂടെ സമവായത്തിലെത്താനുള്ള പരിശീലനം ദമ്പതികള്‍ക്ക് ലഭിക്കണം.
പ്രകടിപ്പിക്കാത്ത സ്‌നേഹം എടുക്കാത്ത നാണയമാണെന്ന് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രകടിപ്പിക്കാത്ത സ്‌നേഹം കൊണ്ട് ഒരു പ്രയോജനവുമില്ല. ‘എല്ലാ സ്‌നേഹവും ഉള്ളിലാണ്’ എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. തന്റെ ഇണ തന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് രണ്ട് പേര്‍ക്കും അനുഭവത്തിലൂടെ അറിയാന്‍ കഴിയണം. സ്‌നേഹത്തിന് അഞ്ച് ഭാഷകളുണ്ടെന്ന് മനഃശാസ്ത്രം പറയുന്നു. ഈ അഞ്ചില്‍ ഏതെങ്കിലുമൊരു ഭാഷയിലൂടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ദമ്പതികള്‍ തയ്യാറാകേണ്ടതുണ്ട്.
(ഒന്ന്) ജീവിത പങ്കാളിക്ക് വേണ്ടി തന്റെ ‘മികച്ച സമയം’ മാറ്റിവെക്കുക എന്നതാണ് ഒന്നാമത്തെ ഭാഷ. ദിവസവും നല്ല നേരത്തില്‍ കുറച്ച് പങ്കാളിയോടൊപ്പം ചെലവഴിക്കാന്‍ തയ്യാറാകുക.
(രണ്ട്) സ്‌നേഹ വാക്കുകള്‍ പറയുക. ഇഷ്ടം അന്വേന്യം വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭങ്ങള്‍ പാഴാക്കരുത്. ഓരോരുത്തരും ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും അനുമോദിക്കുകയും വേണം. മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയണം.
(മൂന്ന്) സ്പര്‍ശനം ആണ് സ്‌നേഹ പ്രകടനത്തിന്റെ മൂന്നാമത്തെ ഭാഷ. സ്‌നേഹപരിചരണങ്ങള്‍ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നു.
(നാല്) സമ്മാനങ്ങള്‍ നല്‍കല്‍. ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ വിശേഷാവസരങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറാവുന്നതാണ്.
(അഞ്ച്) പരസ്പരം സേവിക്കുക. അടുക്കള ജോലിയില്‍ ഭാര്യയെ സഹായിക്കാന്‍ ഭര്‍ത്താവ് സമയം കണ്ടെത്തണം. പാചകം ഒരുമിച്ചാകാം. ഭര്‍ത്താവിന്റെ ജോലികളില്‍ ഭാര്യക്ക് തുണയാകാം. ജോലികള്‍ പരസ്പരം പങ്കിടുമ്പോള്‍ ബന്ധം ശക്തിപ്പെടും. സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രകടിത രൂപമാണീ പരസ്പര സേവന സന്നദ്ധത.
ഈ അഞ്ചില്‍ ഏത് ഭാഷയാണ് തന്റെ പങ്കാളിയുടേത് എന്ന് കണ്ടെത്തി അതിലൂടെ വേണം സ്‌നേഹവിനിമയം നടത്താന്‍. എല്ലാവര്‍ക്കും എല്ലാ ഭാഷയും അനുയോജ്യമാകുകയില്ല. ദാമ്പത്യത്തെ തകര്‍ക്കുന്നതില്‍ വലിയൊരു പങ്കാണ് രതി സംബന്ധമായ അസംതൃപ്തി വഹിക്കുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ പൂര്‍ണമായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അസംതൃപ്തിക്കാധാരം. തെറ്റായ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വികല ധാരണകളാണ് ലൈംഗിക ജീവിതത്തെ സംബന്ധിച്ച് അധികമാളുകള്‍ക്കുമുള്ളത്. വിവാഹ ജീവിതത്തില്‍ പ്രവേശിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ലൈംഗികാരോഗ്യ പാഠങ്ങള്‍ ലഭിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വകുപ്പില്ല. പ്രീ മാരിറ്റല്‍ കോഴ്‌സുകളിലൂടെ മാത്രമേ യുവതീയുവാക്കള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം ആര്‍ജിക്കാന്‍ സാധിക്കുകയുള്ളൂ.
വിവാഹം രണ്ട് ശരീരങ്ങള്‍ മാത്രമുള്ള ബന്ധമല്ല. രണ്ട് ആത്മാക്കള്‍ തമ്മിലുള്ള കൂടിച്ചേരല്‍ കൂടിയാണ്. ആത്മീയതക്ക് വൈവാഹിക ജീവിതത്തെ കെട്ടുറപ്പുള്ളതാക്കുന്നതില്‍ വലിയ സ്ഥാനമുണ്ട്. ആത്മീയാരോഗ്യത്തിന്റെ പ്രായോഗിക പരിശീലനം ദമ്പതികള്‍ക്ക് ലഭിക്കേണ്ടിയിരിക്കുന്നു. ആധ്യാത്മികമായി പരസ്പരം പൂരിപ്പിക്കാന്‍ ദമ്പതികള്‍ക്ക് സാധിക്കുമ്പോള്‍ ഒരിക്കലും വേര്‍പെടുത്താനാകാത്ത ബന്ധമായി ദാമ്പത്യം മാറുന്നു.
വിവാഹാഘോഷത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും വന്‍ തുക ചെലവഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍, വിവാഹിതരാകുന്നവരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പരിശീലനത്തിനായി നാം ചില്ലിക്കാശ് ചെലവഴിക്കുകയോ സമയം കണ്ടെത്തുകയോ ചെയ്യുന്നില്ല. മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ആക്ടിവേഷന്‍ ആന്റ് മാനേജ്‌മെന്റ്(ഇഹ്‌റാം) വിവിധ കേന്ദ്രങ്ങളില്‍ വെച്ച് വിവാഹ പ്രായമെത്തിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്.