National
ഏകീകൃത ചരക്ക് സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ നികുതി സമ്പ്രദായം ഏകീകരിക്കാന്‍ നിര്‍ദേശിക്കുന്ന ചരക്കു സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് ) ബില്‍ ലോക്‌സഭ പാസാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് , ബിജു ജനതാദള്‍, ആര്‍ എസ് പി ,എന്നീ കക്ഷികള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. 352 പേര്‍ അനുകൂലിച്ചും 37 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബില്‍ പാര്‍ലിമെന്ററി കമ്മിറ്റിക്ക് അയച്ചു. ഭരണഘടനയില്‍ ഭേദഗതി വരുത്തി രാജ്യത്ത് പുതിയ ഏകീകൃത നികുതി സമ്പദ്രായം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നതാണ് ജി എസ് ടി ബില്‍.
യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും അതിനാല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്നുമാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. പ്രതിപക്ഷ നേതാക്കള്‍ കൊണ്ടുവന്ന ഭേദഗതികളൊന്നും തന്നെ പരിഗണിച്ചില്ല. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. യു പി എ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധമായ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ബില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.