പൊതുമുതല്‍ നശിപ്പിച്ച സ്വദേശിയുവാവിന് അഞ്ച് ലക്ഷം പിഴ

Posted on: May 6, 2015 7:00 pm | Last updated: May 6, 2015 at 7:42 pm

ദുബൈ: അപകടകരമായ രീതിയില്‍ കാറുകൊണ്ട് പൊതുനിരത്തില്‍ അഭ്യാസം കാണിച്ചതിനുപുറമെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സ്വദേശി യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹം പിഴ ചുമത്തി.

എമിറേറ്റിലെ പൊതുനിരത്തിലാണ് സ്വദേശി യുവാവ് ദീര്‍ഘനേരം തന്റെ നിസാന്‍ പട്രോള്‍ ഫോര്‍വീല്‍ കാറുപയോഗിച്ച് അഭ്യാസം കാണിച്ചത്. യുവാവിന്റെ സാഹസിക പ്രകടനം കണ്ടുനിന്ന ചിലര്‍ അത് പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തന്റെയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയില്‍ അഭ്യാസം കാണിച്ചതിനു പുറമെ പ്രദേശത്തെ നിരത്തിലെ ടാറിംഗ് കേടുവരുത്തുകയും കൂടി ചെയ്തതാണ് ഭീമമായ സംഖ്യ പിഴ ചുമത്താന്‍ ഇടയാക്കിയത്.
വിവരമറിഞ്ഞ പോലീസ് വീഡിയോ പരിശോധിച്ച് വൈകാതെ യുവാവിനെയും കാറും പിടികൂടുകയായിരുന്നു. യുവാവിനെ ചോദ്യംചെയ്ത പോലീസ്, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പലപ്പോഴും ഇയാള്‍ ഇത്തരത്തില്‍ അപകടകരവും പൊതുമുതല്‍ നശിപ്പിക്കുന്ന തരത്തിലും അഭ്യാസം കാണിക്കുന്ന വ്യക്തിയാണെന്നും വ്യക്തമാക്കി. പൊതുനിരത്തിലെ ടാറിംഗ് കേടുവരുത്തിയതിന്റെ നഷ്ടംകണക്കാക്കാന്‍ ആര്‍ ടി എയിലെ എഞ്ചിനീയര്‍മാരെ പോലീസ് വിളിച്ചുവരുത്തിയിരുന്നു.
ഇവര്‍ കണ്ടെത്തിയ കണക്കനുസരിച്ചാണ് യുവാവിനെതിരെ അഞ്ചുലക്ഷം ദിര്‍ഹം പിഴ ചുമത്തിയത്. പൊതുമുതല്‍ നശിപ്പിച്ചതിന്റെ മാത്രം പിഴയാണ് ഈ തുകയെന്നും വിവിധ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴകളും നിയമനടപടികളും ഇതിനു പുറമെയായിരിക്കുമെന്നും ദുബൈ പോലീസ് അറിയിച്ചു. ഇയാളുടെ കാര്‍പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാവിനെതിരെ നിയമനടപടികളാരംഭിച്ചു.