വംശീയത: പ്രതിഷേധം തണുപ്പിക്കാന്‍ അനുനയ ശ്രമവുമായി നെതന്യാഹു

Posted on: May 6, 2015 5:32 am | Last updated: May 5, 2015 at 11:32 pm

ജറുസലം: രാജ്യത്ത് വംശീയത വെച്ച് പൊറുപ്പിക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പോലീസുകാരുടെ മര്‍ദനമേറ്റ എത്യോപ്യന്‍ ജൂത സൈനികന് ഉറപ്പ് നല്‍കി. വംശീയതയുടെ പേരിലാണ് സൈനികന് മര്‍ദനമേറ്റതെന്ന് കാണിച്ച് രാജ്യത്ത് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എത്യോപ്യന്‍ പ്രതിഷേധക്കാരും പോലീസും തെല്‍ അവീവില്‍ ഏറ്റുമുട്ടിയിരുന്നു. എത്യോപ്യന്‍ വംശജനായ ദമാസ് ഫിക്കാഡെയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വംശീയതയെ അംഗീകരിക്കില്ലെന്ന് ഉറപ്പ് നല്‍കി. പ്രതിഷേധം അക്രമാസക്തമായതിന്റെ പിറ്റേ ദിവസമാണ് നെതന്യാഹു ഫിക്കാഡെയുമായി കൂടിക്കാഴ്ച നടത്തിയത് . വാക്കുകള്‍ കൊണ്ടുപോലും വംശീയമായി ഇടിച്ചുതാഴ്ത്തുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും നെതന്യാഹു പറഞ്ഞു. ഫിക്കാഡെയെ പോലീസ് മര്‍ദിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. അതേസമയം പോലീസിന്റെ ഭാഗത്തുനിന്നായാലും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നായാലും എല്ലാതരം അക്രമങ്ങളെയും അപലപിക്കുന്നതായി ഫിക്കാഡെ പറഞ്ഞു. പ്രധാനമന്ത്രി മുന്‍കൈയെടുത്ത് തന്നോട് വ്യക്തിപരമായി ചര്‍ച്ച നടത്തിയത് തനിക്ക് ധൈര്യം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കറുത്ത വര്‍ഗക്കാരനായ സൈനികനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എത്യോപ്യന്‍ വംശജരായ ഇസ്‌റാഈലി ജൂതര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സൈനികനെ മര്‍ദിച്ച രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.