ദേശാഭിമാനിക്കെതിരെയുള്ള മാനനഷ്ടക്കേസില്‍ വി എസ് കോടതിയില്‍ ഹാജരായി

Posted on: May 6, 2015 5:09 am | Last updated: May 5, 2015 at 11:09 pm

മട്ടന്നൂര്‍: ദേശാഭിമാനിക്കെതിരെയുള്ള മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. വി എസ് ദേശാഭിമാനിയില്‍ ചീഫ് എഡിറ്ററായിരുന്ന 2004ല്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത സംബന്ധിച്ച കേസിലാണ് ജാമ്യമെടുത്തത്.
ബ്ലേഡ് ഇടപാടില്‍ കുടുക്കി കാക്കയങ്ങാട് സ്വദേശി കുറ്റിയല്‍പ്പുറത്തെ ഇബ്‌റാഹിമിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന നിലയില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന് കാണിച്ച് മരുതായിലെ പവിത്രന്‍ മട്ടന്നൂര്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വി എസ് മൂന്നാം പ്രതിയാണ്. ഇബ്‌റാഹിം ഒന്നാം പ്രതിയും അന്നത്തെ ജനറല്‍ മാനേജരായ പി കരുണാകരന്‍ രണ്ടാം പ്രതിയുമാണ്. വി എസ് ഒഴികെയുള്ള പ്രതികള്‍ നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.
വി എസിനെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ പിന്‍വലിച്ചതിനെ തുടര്‍ന്ന് വി എസിനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അഭിഭാഷകനായ ഒ ജി പ്രേമരാജ്, കെ എന്‍ സുരേന്ദ്രന്‍ എന്നിവര്‍ വി എസിന് വേണ്ടി കോടതിയില്‍ ഹാജരായി.