ഇത് കരിമണല്‍ ഖനനത്തിനുള്ള കുറുക്കുവഴി

Posted on: May 6, 2015 6:00 am | Last updated: May 5, 2015 at 11:05 pm

karimanalകേരള സംസ്ഥാനത്തിന്റെ 590 കിലോമീറ്റര്‍ തീരമെങ്കിലും കടലാണ്. ഈ തീരദേശമേഖലയിലാണ് സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങള്‍ സ്ഥിതിചെയ്യുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ തൊഴില്‍ മാത്രമല്ല, ഭക്ഷണവും വരുമാനവുമാണ് നല്‍കുന്നത്. ഒരുപക്ഷേ, സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ ജീവസന്ധാരണത്തിന് ആശ്രയിക്കുന്നത് കടലിനെയായിരിക്കും. ഇന്ന് കടലിന്റെ മക്കള്‍ നിരാശയിലും പട്ടിണിയിലുമാണ്. മീനാകുമാരി റിപ്പോര്‍ട്ട് വിദേശ കപ്പലുകള്‍ക്ക് കേരള തീരം ഭരിക്കാന്‍ അവസരം നല്‍കും എന്ന ആശങ്കയിലാണ് തീരദേശ മത്സ്യത്തൊഴിലാളികള്‍. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിദേശ കപ്പലുകള്‍ കേരള തീരം അരിച്ചുപെറുക്കി മത്സ്യരഹിതമാക്കുമെന്ന വലിയ ഭീതി നിലനില്‍ക്കുന്നു.
ഒരു വശത്ത് തീരദേശ സംരക്ഷണ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് മത്സ്യത്തൊഴിലാളികളുടെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പുതിയ കൂര വെക്കുന്നതിനും ഉദ്യോഗസ്ഥര്‍ സമ്മതിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നു. മറുവശത്ത് മത്സ്യം ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. തീരദേശത്തെ കൈയേറ്റങ്ങളും കടല്‍ മലിനീകരണവും കണ്ടല്‍ നാശവും എല്ലാം മത്സ്യത്തൊഴിലാളികളുടെ ജീവിതം നിത്യദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ ഘട്ടത്തിലാണ് പൊന്നാനി തുറമുഖ ഡ്രഡ്ജ് മെറ്റീരിയില്‍ ശുദ്ധീകരണ പ്ലാന്റെന്ന പേരില്‍ കടല്‍ മണല്‍ ഖനനത്തിന് നീക്കം നടക്കുന്നത്. പഴയ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റിലൂടെയും 2012ലെ എമര്‍ജിംഗ് കേരളയിലൂടെയും പുറത്തുവരാനിരുന്ന പദ്ധതി തന്നെയാണ് ഇത്.
കേരളത്തിന്റെ 590 കിലോമീറ്റര്‍ തീരദേശത്തും വേണമെങ്കില്‍ ഈ പദ്ധതി നടപ്പാക്കാന്‍ പാകത്തിലാണ് പദ്ധതിയുടെ പേര്. സംസ്ഥാനത്തെ തുറമുഖങ്ങളില്‍ വന്ന് അടിഞ്ഞുകൂടുന്ന മണല്‍ ഡ്രഡ്ജ് ചെയ്തുമാറ്റുന്ന പതിവുള്ളതിനാല്‍ ഏത് തുറമുഖത്തും ഈ പദ്ധതി നടപ്പാക്കാവുന്നതാണ്. പൊന്നാനി തുറമുഖ ഡ്രഡ്ജ് ഡ് മെറ്റീരിയല്‍ ശുദ്ധീകരണ പ്ലാന്റില്‍ ഉത്പാദിപ്പിക്കാന്‍ പോകുന്നത് മണലും കക്കയും അനുബന്ധ ഉത്പന്നങ്ങളുമാണ്. പ്ലാന്റിന്റെ ചെലവ് 25 കോടി. 65 ശതമാനം ഓഹരി കേരള സര്‍ക്കാറിനും 35 ശതമാനം സ്വകാര്യ മേഖലക്കും. റവന്യൂ വരുമാനത്തിന്റെ 35 ശതമാനം കേരള സര്‍ക്കാറിനും 65 ശതമാനം സ്വാകാര്യ മേഖലക്കും. പൊന്നാനി തുറമുഖത്ത് 45000 മെട്രിക് ടണ്‍ ഡ്രഡ്ജ്ഡ് മെറ്റീരിയല്‍ പ്രതിമാസം ജലപാത സുഗമമാക്കാന്‍ സര്‍ക്കാര്‍ ഡ്രഡ്ജ് ചെയ്ത് മാറ്റുന്നു എന്ന് പദ്ധതി സങ്കല്‍പ്പിക്കുന്നു. അതുകൊണ്ട് പദ്ധതിക്കായി ആവശ്യത്തിനുള്ള ഡ്രഡ്ജ് മെറ്റീരിയല്‍ സര്‍ക്കാര്‍ സൗജന്യമായി ഖനനം ചെയ്ത് നല്‍കണം. പദ്ധതി പൊതു സ്വകാര്യ സംരംഭമായി നടപ്പാക്കും. കേരളത്തിന്റെ തീരത്തെ സവിശേഷമായ പ്രകൃതിവിഭവങ്ങളായ മണല്‍, കക്ക, ചളി, കല്ല്, വെള്ളാരം കല്ല്, എന്നിവ സൗജന്യമായി പദ്ധതി നടത്തിപ്പുകാര്‍ക്ക് നല്‍കുമ്പോള്‍ അവര്‍ ലാഭത്തിന്റെ 35 ശതമാനം സര്‍ക്കാറിന് നല്‍കുമത്രേ. കോടിക്കണക്കിന് ലിറ്റര്‍ ശുദ്ധജലം അതും തീരദേശ മേഖലയിലെ ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് ഉപ്പുമണല്‍ കഴുകിയെടുക്കണം. 65 ശതമാനം മുതല്‍മുടക്ക് സര്‍ക്കാറിന്റെതാണ് താനും. എന്നിട്ട് ലഭിക്കുന്നതോ 35 ശതമാനം വരുമാനം മാത്രവും. (വരുമാനമുണ്ടായാല്‍ മാത്രം!) പ്രകൃതി വിഭവങ്ങള്‍ എല്ലാം കേരളത്തിന്റെ സമ്പത്ത്. നഷ്ടപ്പെടുന്ന കുടിവെള്ളം സര്‍ക്കാറിന്റേത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേതും. പദ്ധതി മൂലം മലിനീകരിക്കപ്പെടുക പൊന്നാനി കടപ്പുറം. ഇതുമൂലം ഒരുപക്ഷേ, തൊഴില്‍ നഷ്ടപ്പെടുക തീരദേശമേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക്. 65 ശതമാനം ലാഭം കമ്പനിക്ക്. തീരദേശമേഖലക്ക് കനത്ത നഷ്ടം വരുത്തിവെച്ച് പി പി പി വ്യവസ്ഥയില്‍ നടപ്പിലാക്കുമെന്ന് പറയുന്ന പൊന്നാനി തുറമുഖ ഡ്രഡ്ജ്ഡ് മെറ്റീരിയല്‍ ശുദ്ധീകരണ പദ്ധതി മറ്റൊരു വിധത്തിലുള്ള കടല്‍ ഖനനം തന്നെയാണ്. തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ കടല്‍മണല്‍ ഖനനം നിരോധിച്ച 2013ലെ ഹരിത ട്രിബ്യൂണല്‍ വിധി നിലനില്‍ക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. തുറമുഖ വകുപ്പ്, കേരള ആസൂത്രണ കമ്മീഷന്‍, സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക കമ്മിറ്റി എന്നിവ പദ്ധതിയുടെ സാധ്യതാ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് സ്വിസ് ചാലഞ്ച് പ്രകാരം ആഗോള ടെന്റര്‍ വിളിക്കുകയും ബന്ധപ്പെട്ട കമ്പനിയുമായി വിശദമായ കരാറില്‍ തുറമുഖ വകുപ്പ് ഒപ്പ് വെക്കാന്‍ പോകുകയും ചെയ്യുന്ന ഘട്ടം വരെയെത്തിയിരിക്കുന്നു. ലഭ്യമായ വിവരമനുസരിച്ച് പരിസ്ഥിതി ആഘാതപഠനമോ പബ്ലിക് ഹിയറിംഗ് റിപ്പോര്‍ട്ടോ ലഭ്യമല്ല എന്നതാണ് സ്ഥിതി. പദ്ധതി ഏറ്റവും കൂടുതല്‍ ബാധിക്കുക മത്സ്യത്തൊഴിലാളികളെയാണ്. അവരുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പദ്ധതി മൂലം കുടിവെള്ളക്ഷാമം അനുഭവിക്കേണ്ടിവരുന്ന പൊന്നാനി തീരദേശമേഖലയിലെ ജനങ്ങള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് അറിവൊന്നുമില്ല. പദ്ധതി മൂലം ഉണ്ടായേക്കാവുന്ന ജലമലിനീകരണ പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും? മത്സ്യബന്ധനത്തിന് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് എന്ത് പ്രതിവിധിയാണുള്ളത്? കേരളത്തില്‍ ധാതുമണല്‍(കരിമണല്‍) കണ്ടെത്തിയ സ്ഥലങ്ങളില്‍ പൊന്നാനിയും ഉള്‍പ്പെടുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപ്പ് മണല്‍ കഴുകി നല്ല മണല്‍ ഉണ്ടാക്കുന്നു എന്ന വ്യാജേന കരിമണല്‍ ഖനനം നടക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും. സ്വാകാര്യപങ്കാളിത്തത്തോടെ കരിമണല്‍ ഖനനം നടപ്പിലാക്കാനുള്ള പദ്ധതിയായി ജനങ്ങള്‍ പൊന്നാനി തുറമുഖ ഡ്രഡ്ജിഡ് മെറ്റീരിയല്‍ ശുദ്ധീകരണ പദ്ധതിയെ കണ്ടാല്‍ കുറ്റം പറയാനാകില്ല. ക്രമാതീതമായ ഡ്രഡ്ജിംഗ് മൂലം കടല്‍ തീരം നാശോന്മുഖമായാല്‍ ആരാണ് ഉത്തരവാദി? അത് സര്‍ക്കാറായിരിക്കും. കാരണം പദ്ധതിക്കായി ഡ്രഡ്ജ്ഡ് മെറ്റീരിയല്‍ നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിന്റെതാണ്. തുറമുഖത്ത് ഗതാഗതത്തിന് തടസ്സമായി വന്നടിയുന്ന മണല്‍ മാത്രമേ ഡ്രഡ്ജിംഗ് നടത്തേണ്ടതുള്ളൂ. എന്നാല്‍ കമ്പനി പ്രാവര്‍ത്തികമാകുന്നതോടെ സ്വകാര്യ പങ്കാളിക്ക് വേണ്ടി നിരന്തരം തുറമുഖ കടല്‍ എന്നും ഡ്രഡ്ജ് ചെയ്യേണ്ട ബാധ്യത സര്‍ക്കാറിന്റേതാകും. പദ്ധതി മൂലം മത്സ്യമേഖലക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദി കേരള സര്‍ക്കാറായി മാറാവുന്ന ഈ പദ്ധതി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിക്കൊണ്ടുവരുന്നതിന് തുല്യമാണ്. പുഴമണല്‍ വാരലിന് പകരമായി ഉയര്‍ത്തിക്കാണിക്കുന്ന ഈ പദ്ധതി കേരള തീരം മുഴുവന്‍ നടപ്പാക്കുന്ന സ്ഥിതി ഉണ്ടാകാന്‍ വലിയ സാധ്യതയുണ്ട്. അതോടെ, സംസ്ഥാനത്തെ കടല്‍ തീരം കുത്തിക്കുഴിച്ച് കരിമണല്‍ ഖനനം വ്യാപകമാകും. 2300 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ കൊടുക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതി മൂലം എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് പഠനം നടത്തേണ്ടത് അനിവാര്യമാണ്. കടല്‍ മണല്‍ ഖനനം ജൈവപരമായും രാസപരമായും ഭൗതികമായും കടല്‍ ആവാസവ്യവസ്ഥയെ തകിടം മറിക്കും. തീരം സംരക്ഷിക്കാതെ കൊല്ലം ചവറ മുതല്‍ ആലപ്പുഴ ആറാട്ടപുഴവരെ നടന്ന കരിമണല്‍ ഖനനം നഷ്ടപ്പെടുത്തിയത് 17 കിലോമീറ്റര്‍ നീളത്തിലും ഏഴ് കിലോമീറ്റര്‍ വീതിയിലും കരഭൂമിയാണ്. പൊന്മന, കോവില്‍തോട്ടം, വെള്ളാനാം തുരുത്ത് എന്നീ ഗ്രാമപ്രദേശങ്ങള്‍ കരിമണല്‍ഖനനം മൂലം എന്നെന്നേക്കുമായി കടലെടുത്തുകഴിഞ്ഞു. സ്‌കൂളുകള്‍, പാടശേഖരങ്ങള്‍, വീടുകള്‍ എന്നിവ കരിമണല്‍ ഖനനം മൂലം നശിച്ചില്ലാതായി. കരിമണല്‍ വാരിതീരം അസന്തുലിതമായപ്പോള്‍ സുനാമി മൂലം 169 മനുഷ്യ ജീവനാണ് നഷ്ടപ്പെട്ടത്. ജനങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലായി. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ നഷ്ടമായി.
പൊന്നാനിയില്‍ സ്വകാര്യ സംരംഭകര്‍ ലാഭം കൊയ്യുമ്പോള്‍ നഷ്ടമാകുക കേരളത്തിന്റെ കടല്‍തീരവും ജനങ്ങളുടെ കുടിവെള്ളവുമാണ്. പദ്ധതിക്കായി ഉപ്പുമണള്‍ കഴുകാന്‍ ആവശ്യമായി വരുന്ന ശുദ്ധജലത്തിന്റെ അളവ് വ്യക്തമാക്കാത്ത പി പി പി പദ്ധതി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് എങ്ങനെ അംഗീകരിക്കാനാകും? ശാസ്ത്രീയമായി പഠനം നടത്തി വരുംവരായ്കകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താതെ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്.