Connect with us

Kerala

ശബരിഗിരി: ചോര്‍ച്ച എട്ട് മാസം മുമ്പ് അറ്റകുറ്റപ്പണി നടന്ന വാല്‍വില്‍

Published

|

Last Updated

തിരുവനന്തപുരം: ചോര്‍ച്ചയെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി ശബരിഗിരി നിലയം അടച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. എന്നാല്‍, നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇടുക്കി നിലയത്തിലെ ഉത്പാദനം കൂട്ടിയതിനൊപ്പം കൊച്ചിയിലെ ബി എസ് ഇ എസ് നിലയത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങി ത്തുടങ്ങി. ശബരിഗിരിയിലെ ഉത്പാദനം പുനരാരംഭിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കുമെന്നതിനാല്‍ വരും ദിവസങ്ങളിലും ബി എസ് ഇ എസ് വൈദ്യുതി വാങ്ങേണ്ടി വരും. ശബരിഗിരിയില്‍ എട്ടുമാസം മുമ്പ് മാറ്റിയ ബട്ടര്‍ഫ്‌ളൈ വാല്‍വിനോട് ചേര്‍ന്നുള്ള ഫ്‌ലോ മെഷര്‍മെന്റ് ഡിവൈസിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക് പൈപ്പിന്റെ ബട്ടര്‍ ഫ്‌ളൈ വാല്‍വില്‍ ചൈനീസ് കമ്പനിയാണ് എട്ട് മാസം മുമ്പ് പൂര്‍ണമായി അറ്റകുറ്റപ്പണി നടത്തിയത്. മൂന്ന് വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി വേണ്ടിവരില്ലെന്ന് അന്ന് കമ്പനി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ബട്ടര്‍ഫ്‌ളൈ വാല്‍വില്‍ ചോര്‍ച്ചയില്ലെന്നും അനുബന്ധ ഉപകരണത്തില്‍ കണ്ട ചോര്‍ച്ച, ദുരന്തം ക്ഷണിച്ച് വരുത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തുന്നതെന്നും വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ വിശദീകരിച്ചു.
കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ മുഴിയാര്‍ ശബരിഗിരി 340 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള നിലയമാണ്. ചൈനയില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ ചെന്നൈ ശ്രീശരവണ ഇന്റസ്ട്രീസിന്റെ നേതൃത്വത്തിലാണ് ബട്ടര്‍ഫ്‌ളൈ വാല്‍വുകള്‍ മാറ്റിയത്. അറ്റകുറ്റപണിക്കായി നിലയം അടക്കാന്‍ തീരുമാനിച്ചതോടെ പെന്‍സ്‌റ്റോക്ക് പൈപ്പുകളുടെ തുടക്കഭാഗത്തെ ഗേറ്റുകളും വാല്‍വ് ഹൗസും അടച്ചു. പൈപ്പുകളിലെ വെള്ളം ഒഴുക്കി കളയുന്ന ജോലിയാണ് ഇന്നലെ തുടങ്ങിയത്. ഇന്ന് മാത്രമെ അറ്റകുറ്റപ്പണിയിലേക്ക് കടക്കുകയുള്ളൂ. പിന്നീട് പൈപ്പില്‍ വെള്ളം നിറക്കാനും ഒരു ദിവസം വേണ്ടി വരും. ശബരിഗിരിയുടെ പ്രവര്‍ത്തനം നിലക്കുന്നത് ഇവിടെ നിന്ന് ഒഴുകിവരുന്ന വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അനുബന്ധ പദ്ധതികളെയും ബാധിക്കും. ശബരിഗിരി പദ്ധതിയിലേയും കക്കാട്ടാറിലേയും ജലം ഉപയോഗിച്ച് മൂഴിയാറിന് താഴെ അഞ്ച് ചെറുകിട ജലവൈദ്യുത പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. കക്കാട് (50 മെഗാവാട്ട്), അള്ളുങ്കല്‍ ഇ ഡി സി എല്‍ (ഏഴ് മെഗാവാട്ട്), കാരിക്കയം അയ്യപ്പാ ഹൈട്രോ ഇലക്ട്രിക്ക് (15 മെഗാവാട്ട്), മണിയാര്‍ കാര്‍ബോറാണ്ടം (12 മെഗാവാട്ട്), കെ എസ് ഇ ബി പെരുനാട് പദ്ധതി (ആറ് മെഗാവാട്ട്), എന്നിവയുടെ പ്രവര്‍ത്തനത്തേയും ബാധിക്കും. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കൊച്ചി ബി എസ് ഇ എസില്‍ നിന്ന് 158 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ വാങ്ങിയത്. അറ്റകുറ്റപണിക്കായി ഇടുക്കി പദ്ധതിയില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്ന രണ്ട് ജനറേറ്ററുകളും ഇന്നലെ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

---- facebook comment plugin here -----

Latest