Connect with us

International

ബ്രദര്‍ഹുഡിലെ പിളര്‍പ്പ് മുതലാക്കാന്‍ ജോര്‍ദാന്‍ സര്‍ക്കാര്‍

Published

|

Last Updated

അമ്മാന്‍: ജോര്‍ദാനില്‍ സര്‍ക്കാറും ഇഖ്‌വാനുല്‍ മുസ്‌ലിമീനും (ബ്രദര്‍ഹുഡ്) തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. ഇഖ്‌വാന്റെ ജോര്‍ദാന്‍ ഘടകത്തില്‍ ഈയിടെയുണ്ടായ പിളര്‍പ്പ് മുതലെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് പുതിയ സംഘര്‍ഷത്തിന്റെ അടിസ്ഥാനകാരണം. മുന്‍ മേധാവിയുടെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പായ മുസ്‌ലിം ബ്രദര്‍ഹുഡ് അസോസിയേഷനെ സര്‍ക്കാര്‍ പിന്തുണക്കുകയാണ്. ഇതോടെ അവശേഷിക്കുന്ന ബ്രദര്‍ഹുഡ് കൂടുതല്‍ അക്രമാസക്തമായ നിലയിലേക്ക് നീങ്ങുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബ്രദര്‍ഹുഡിന്റെ ജോര്‍ദാനിലെ രാഷ്ട്രീയ രൂപമായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രന്റിന് പാര്‍ലിമെന്റില്‍ ഗണ്യമായ സ്വാധീനം മുണ്ട്. ഈ പാര്‍ട്ടിയെക്കൂടി പിളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ഇറാഖിലും സിറിയയിലും ഇസില്‍ തീവ്രവാദികള്‍ക്കെതിരെ നടക്കുന്ന സംയുക്ത സൈനിക നീക്കത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ജോര്‍ദാനില്‍ ആഭ്യന്തര സംഘര്‍ഷം രൂപപ്പെടുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലും ശക്തമാണ്.
എന്നാല്‍, ബ്രദര്‍ഹുഡിലെ ഭിന്നത മുതലാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിക്കുന്നു. നിയമപരമായി നിലവില്‍ വന്ന സംഘടനയെ മറ്റ് സംഘടനകളെപ്പെലെ തന്നെ അംഗാകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നിയമത്തിന്റെ വഴിയില്‍ നിന്ന് വ്യതിചലിച്ച് സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വക്താവ് മുഹമ്മദ് മുഅ്മനി പറഞ്ഞു. ഏറ്റുമുട്ടലിന് കളമൊരുക്കുന്ന നയത്തില്‍ സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ബ്രദര്‍ഹുഡ് വക്താവ് ബദീയുല്‍ റഫായിയ ആവശ്യപ്പെട്ടു. “നിയമക്കുരുക്കുകള്‍ ഒരുക്കി യഥാര്‍ഥ ഇഖ്‌വാനെ വരിഞ്ഞു മുറുക്കുകയും വിമത വിഭാഗത്തിന് സര്‍വ ഒത്താശയും ചെയ്ത് കൊടുക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഈയിടെ ഞങ്ങള്‍ നടത്താനിരുന്ന റാലി അവസാന നിമിഷം സര്‍ക്കാര്‍ തടഞ്ഞത് ഇതിന് തെളിവാണ്. ഇത് അപകടകരമാണ്- അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ അവസരം മുതലാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം. ബ്രദര്‍ഹുഡിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച യു എ ഇയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ഇഖ്‌വാന്‍ നേതാവ് സാക്കി ബനി റശീദിന് ഫെബ്രുവരിയില്‍ 18 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. ഇങ്ങനെ ഔദ്യോഗിക ബ്രദര്‍ഹുഡിനെതിരെ ശക്തമായ നടപടികള്‍ സമീപിക്കുമ്പോള്‍ വിമത വിഭാഗത്തിന് ഓഫീസ് അനുവദിക്കുകയും പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുകയാണ് സര്‍ക്കാര്‍.
അതേസമയം, ഈ ശിഥിലമാക്കല്‍ നയത്തെ വിമര്‍ശിച്ച് നിരവധി വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നത് ദീര്‍ഘകാലത്ത് ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍.

Latest