Connect with us

Gulf

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബലപ്പെടുത്തല്‍ വേഗത്തില്‍ തീര്‍ക്കണം-പി വി അബ്ദുല്‍വഹാബ്

Published

|

Last Updated

ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയുടെ അറ്റകുറ്റപണികള്‍ അനിവാര്യമാണെന്നും വേഗത്തില്‍ തീര്‍ക്കാന്‍ നടപടിയുണ്ടാവണമെന്നും പി വി അബ്ദുല്‍വഹാബ് എം പി. രണ്ടാം തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ദുബൈയില്‍ എത്തിയ അദ്ദേഹം മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന രീതിയില്‍ രൂപകല്‍പന ചെയ്തതല്ല കരിപ്പൂര്‍ വിമാനത്താവളമെന്നും വിമാനം ഇറക്കിയപ്പോള്‍ കുഴപ്പമില്ലാത്തതിനാല്‍ ഇതുവരെ പ്രശ്‌നങ്ങളില്ലാതെ പോകുകയായിരുന്നുവെന്നും സിവില്‍ ഏവിയേഷന്‍ കണ്‍സല്‍ട്ടന്‍സി കമ്മിറ്റിയിലെ തന്റെ അനുഭവങ്ങള്‍ അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി.
ഒന്നര വര്‍ഷം മുമ്പാണ് റണ്‍വേയില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയത്. അത് അടുത്ത കാലത്ത് ക്രമാതീതമായി. ചെറിയ അറ്റകുറ്റപണികളില്‍ നില്‍ക്കാത്ത അവസ്ഥയിലേക്ക് എത്തിയതോടെയാണ് ദീര്‍ഘിച്ച ബലപ്പെടുത്തല്‍ പ്രവര്‍ത്തികള്‍ വേണ്ടുന്ന സ്ഥിതിയിലേക്ക് എത്തിയത്. വലിയ വിമാനങ്ങള്‍ ഇനിയും ഇറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന അപകടം ഉള്‍പെടെയുള്ളവയെക്കുറിച്ച് നാം ബോധവാന്‍മാരാവേണ്ടിയിരിക്കുന്നു. കൊച്ചിയും വരാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളവുമെല്ലാം സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തിലാവുമ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഏറ്റവും വരുമാനമുള്ള വിമാനത്താവളമാണ് കോഴിക്കോട് എന്നതിനാല്‍ അതിന്റെ ചിറകരിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവില്ലെന്നാണ് വിശ്വസിക്കുന്നത്. മറിച്ചുള്ള വാര്‍ത്തകളും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനായിരിക്കും എം പിയെന്ന നിലയില്‍ താന്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും വഹാബ് വ്യക്തമാക്കി.
ഒന്നര വര്‍ഷത്തിനകം റീകര്‍പറ്റിംഗ് ഉള്‍പെടെയുള്ള റണ്‍വേയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് പറ്റുന്നതും ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനായി പരിശ്രമിക്കും. കേടുപാടു സംഭവിച്ച റണ്‍വേയില്‍ വിമാനം ഇറക്കി വല്ല അപകടവും സംഭവിച്ചാല്‍ നമുക്കാര്‍ക്കും ലോകം മാപ്പു തരില്ലെന്ന് ഓര്‍ക്കണം. വിമാനത്താവള വികസനത്തില്‍ കീറാമുട്ടി ഭൂമി ഏറ്റെടുക്കലാണ്. വളരെ കുറഞ്ഞ ആളുകളാണ് ഇതിനെ എതിര്‍ക്കുന്നത്. ബംഗാളില്‍ സി പി ഐ(എം)യുടെ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത് ഭൂമി ഏറ്റെടുക്കലിന് എതിരേ ഉടലെടുത്ത വികാകരമായിരുന്നുവെന്ന് പി വി അബ്ദുല്‍ വഹാബ് ഓര്‍മിപ്പിച്ചു. ദേശീയ പാത 60 മീറ്ററില്‍ നിര്‍മിക്കേണ്ടതാണെങ്കിലും 45 മീറ്ററിന് പോലും ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കുടിയിറക്കപ്പെടുന്നവന്റെയും പുനരധിവസിക്കപ്പെടുന്നവന്റെയും പ്രശ്‌നങ്ങള്‍ ഏറെ വൈകാരികമാണ്. വിമാനത്താവളം മാറ്റാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് വരെ പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം പ്രചാരണങ്ങളില്‍ വാസ്തവത്തിന്റെ കണികപോലുമില്ല.
എം പിയെന്ന നിലയില്‍ കഴിഞ്ഞ തവണത്തെ പിഴവുകള്‍ പരിഹരിച്ചുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുക. പണം ഉണ്ടെന്നത് ക്രിമിനല്‍ കുറ്റമായി കാണുന്ന നിലപാട് ശരിയല്ല. ആദ്യ തവണ എം പി ആയപ്പോഴും അതുമായി ബന്ധപ്പെടുത്തി വിവാദങ്ങള്‍ ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. ഇത്തവണ രണ്ടു പേര്‍ ഈ പദവിയിലേക്ക് നിര്‍ദേശിക്കപ്പെട്ടത് മുസ്‌ലിം ലീഗിലെ ജനാധിപത്യ രീതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. 98 ശതമാനം ബിസിനസും മക്കളെ ഏല്‍പിച്ചിരിക്കയാണ്. ഒരു നല്ല എം പിയാവാനാണ് ഞാന്‍ ശ്രമിക്കുക. രാജ്യസഭയില്‍ പാര്‍ട്ടിക്കും യു പി എക്കും ഒപ്പം അടിയുറച്ച് നില്‍ക്കും. എം പിയെന്ന നിലയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കും. കോഴിക്കോട്, മലപ്പുറം, ദുബൈ എന്നിവിടങ്ങളില്‍ പ്രതിനിധിയെ നിയമിച്ച് ഓഫീസ് പ്രവര്‍ത്തിപ്പിക്കും. പ്രതിപക്ഷത്തിരിക്കുമ്പോഴാണ് എം പിമാര്‍ക്ക് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക. പാര്‍ലമെന്റില്‍ കൂടുതല്‍ സമയം ചെലവിടാനായി സാമൂഹിക-സാംസ്‌കാരിക പരിപാടികളില്‍ നിന്ന് പരമാവധി അകലം പാലിക്കാന്‍ ശ്രമിക്കുമെന്നും പി വി വഹാബ് വ്യക്തമാക്കി. എം സി എ നാസര്‍ അധ്യക്ഷത വഹിച്ചു. കെ എം അബ്ബാസ് സ്വാഗതവും റോണി എം പണിക്കര്‍ നന്ദിയും പറഞ്ഞു.

Latest