Gulf
ബ്ലൂ വാട്ടേര്‍സ് ഐലന്റ് പാലത്തിന് 47.5 കോടി അനുവദിച്ചു

ദുബൈ: ബ്ലൂ വാട്ടേര്‍സ് ഐലന്റില്‍ പാലം പണിയാന്‍ 47.5 കോടി ദിര്‍ഹം അനുവദിച്ചതായി ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു. മിറാസ് ഹോള്‍ഡിംഗുമായി സഹകരിച്ചാണ് നിര്‍മാണം.
ജുമൈറ ബീച്ച് റസിഡന്റ്‌സ് തീരത്താണ് ബ്ലൂ വാട്ടേര്‍സ് ഐലന്റിലേക്കാണ് പാലം നിര്‍മിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച വിനോദ സഞ്ചാരകേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷ. ശൈഖ് സായിദ് റോഡില്‍ ജെ ബി ആര്‍ ഇന്റര്‍ചേഞ്ചില്‍ നിന്ന് ഇടവഴി തീര്‍ക്കുകയാണ് ലക്ഷ്യം. ഓരോ ഭാഗത്തേക്കും രണ്ടുവരികളുണ്ടാകും. 1,400 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും കണക്കാക്കിയിട്ടുണ്ട്.
നഖീല്‍ ഹാര്‍ബര്‍ ആന്റ് ടവര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഓട്ടോമാറ്റഡ് പേര്‍സണല്‍ റാപിഡ് ട്രാന്‍സിറ്റ് സംവിധാനം ഉണ്ടാകും. അബുദാബി ഭാഗത്തുനിന്ന് എത്തുന്നവര്‍ക്ക് പാലവും ഓട്ടോമാറ്റഡ് സംവിധാനവും ഏറെ ഗുണം ചെയ്യും. വഴി വിളക്കുകള്‍, ഓവുചാല്‍ തുടങ്ങിയവയും പാലത്തിന് അനുബന്ധമായി ഉണ്ടാകും.
കൂറ്റന്‍ കളിത്തൊട്ടില്‍ (വീല്‍) അടക്കം നിരവധി പദ്ധതികളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ബ്ലൂവാട്ടേര്‍സ് ഐലന്റില്‍ ഒരുക്കുന്നത്. പ്രതിവര്‍ഷം 30 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നുവെന്നും മത്തര്‍ അല്‍ തായര്‍ അറിയിച്ചു.