Gulf
തൊഴിലാളി ദിനം ആചരിച്ചു

ദുബൈ: രാജ്യാന്തര തൊഴിലാളി ദിനം യു എ ഇയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. തൊഴിലാളികള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെയും വികസനത്തിന്റെയും പ്രധാന പങ്കാളികളാണെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗബാഷ് പറഞ്ഞു. യു എ ഇ തൊഴില്‍മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അബുദാബി യാസ്ദ്വീപിലാണ് അന്താരാഷ്ട്ര തൊഴിലാളിദിന പരിപാടികള്‍ നടന്നത്. തൊഴില്‍മന്ത്രിയുടെ സന്ദേശം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുബാറക് സഈദ് അല്‍ ദാഹിരി വായിച്ചു. തൊഴില്‍മേഖലയിലേക്ക് കൂടുതല്‍ സ്വദേശികള്‍ കടന്നുവരേണ്ടതുണ്ടെന്ന് മന്ത്രി സന്ദേശത്തില്‍ പറഞ്ഞു. വിവിധ തൊഴില്‍രംഗങ്ങളില്‍ മികവ് തെളിയിച്ച സ്വദേശി ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.
ദുബൈയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ടാക്‌സി ഡ്രൈവര്‍മാരടക്കം 250 ലേറെ തൊഴിലാളികള്‍ പരിപാടികളില്‍ പങ്കെടുത്തു. തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ചെക്കപ്പ് പ്രശ്‌നോത്തരി എന്നിവയും സംഘടിപ്പിച്ചു. തൊഴില്‍രംഗത്ത് മികവ് പുലര്‍ത്തിയ ജീവനക്കാര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ആര്‍ ടി എ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ മോസ അല്‍ മാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.