പെരിഞ്ഞനം തിര തീരോത്സവം: തിര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted on: May 3, 2015 12:12 pm | Last updated: May 3, 2015 at 12:12 pm

തൃശ്ശൂര്‍: പെരിഞ്ഞനം തിര തീരോത്സവം 2015 ലെ തിര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക മാനവസൗഹൃദ പുരസ്‌കരത്തിന് എം പി അബ്ദുസ്സമദ് സമദാനിയെ തിരഞ്ഞെടുത്തു. ബഹദൂര്‍ സ്മാരക അഭിനയ പ്രതിഭാ പട്ടത്തിന് നടന്‍ ദിലീപും കഴിമ്പ്രം വിജയന്‍ സ്മാരക നാട്യപ്രതിഭ പുരസ്‌കാരത്തിന്് വിജയകുമാരി ഒ മാധവനും അര്‍ഹയായി. വി കെ ഗോപാലന്‍ സ്മാരക പുരസ്‌കാരത്തിന് കേരളത്തിലെ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അവാര്‍ഡ് ലഭിച്ച എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനിലിനെ തിരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആറിന് വൈകീട്ട് ആറിന് തിര തീരോത്സവവേദിയില്‍ ഇന്നസെന്റ് എം പി പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. സി എന്‍ ജയദേവന്‍ എം പി പങ്കെടുക്കും. മെയ് ഒന്ന് മുതല്‍ തിര പെരിഞ്ഞനം തീരോത്സവം ആരംഭിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് പെരുവനം കുട്ടന്‍ മാരാര്‍ താളമിട്ട് തുടക്കം കുറിച്ച് 500 പേര്‍ അണിനിരക്കുന്ന പഞ്ചാരിമേളം അരങ്ങേറും. തുടര്‍ന്ന് പെരിഞ്ഞനം പഞ്ചായത്തിലെ നിര്‍ധനരായ 33 രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍ക്കുന്ന പദ്ധതി മന്ത്രി എം കെ മുനിര്‍ ഉദ്ഘാടനം ചെയ്യും. നാലിന് കവി കുഞ്ഞുണ്ണിമാഷാഷിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച ബാല കൗമാര ദിനം ബാലസാഹിത്യക്കാരന്‍ സി പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. ഏഴിന് ഉച്ചയ്ക്ക് മൂന്നിന് ‘സാംസ്‌കാരിക കേരളം ഇന്നലെ ഇന്ന്’ വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഡ്വ വി എസ്. സുനില്‍ കുമാര്‍ എം എല്‍ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഒമ്പതിന് ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന സൗത്ത് ഇന്ത്യന്‍ ടൂവീലര്‍ ബീച്ച് റെയ്‌സ് കൊടുങ്ങല്ലൂര്‍ സ ഐ സലീഷ് ശങ്കര്‍ ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിപാടിയില്‍ തിര യൂത്ത് ഐക്കണ്‍ 2015 പുരസ്‌കാരത്തിന് അര്‍ഹയായ നടി നമിത പ്രമോദിന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പുരസ്‌കാരം സമര്‍പ്പിക്കും. 10 ന് വൈകീട്ട് മൂന്നിന് കാര്‍ഷിക സംഗമം നടക്കും. പ്രൊഫ സി രവീന്ദ്രനാഥ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം വി എസ .അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ അഡ്വ വി എസ് സുനില്‍ കുമാര്‍ എം എല്‍ എ, സോമന്‍ താമരക്കുളം, വൃന്ദ പ്രേംദാസ്, എം എ വിജയന്‍, കെ കെ സച്ചിത്ത്് എന്നിവര്‍ പങ്കെടുത്തു.