നൂറ്റാണ്ടിന്റെ ബോക്‌സിംഗ് പോരാട്ടത്തില്‍ മെയ്‌വെതര്‍ ചാമ്പ്യന്‍

Posted on: May 3, 2015 10:55 am | Last updated: May 3, 2015 at 11:56 pm
boxing-mayweather-
അമേരിക്കയുടെ മെയ്‌വെതറും ഫിലിപ്പീന്‍സിന്റെ പാക്വിയാവോയും

ലാസ് വെഗാസ്: നൂറ്റാണ്ടിന്റെ ബോക്‌സിംഗ് പോരാട്ടമെന്നറിയപ്പെട്ട, ബോക്‌സിംഗിലെ ഏറ്റവും സമ്പന്നമായ, വേള്‍ഡ് വെല്‍റ്റര്‍ വെയ്റ്റ് കിരീടം അമേരിക്കയുടെ ഫ്‌ളോയ്ഡ് മെയ്‌വെതറിന്. ഫിലിപ്പൈന്‍സുകാരനായ മാനി പാക്വിയാവോയെ ആണ് മെയ്‌വെതര്‍ തോല്‍പ്പിച്ചത്. ലാസ് വേഗാസിലെ ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലാണ് ലോകം ഉറ്റുനോക്കിയ മത്സരം നടന്നത്. 118-110, 116-112,116-112 സ്‌കോറിനാണ് മെയ്‌വെതറിന്റെ ജയം. പ്രൊഫഷണല്‍ ബോക്‌സിംഗ് മത്സരത്തില്‍ മെയ്‌വെതറിന്റെ 48ാമത്തെ തുടര്‍ച്ചയായ വിജയമാണിത്. 3,000 രത്‌നങ്ങള്‍ പതിച്ച വെല്‍ട്ടര്‍ ബെല്‍റ്റാണ് മെയ്‌വെതറിന് ലഭിച്ചത്.
നൂറ്റാണ്ടിന്റെ പോരാട്ടം, നന്മയും തിന്മയും തമ്മിലുള്ള യുദ്ധം തുടങ്ങി വിശേഷണങ്ങള്‍ ഏറെയായിരുന്നു ഫ്‌ലോയ്ഡ്- മെയ്‌വെതര്‍ മാനി പാക്വിയാവോ പോരാട്ടത്തിന്. മൂന്ന് മിനുട്ട് വീതമുള്ള 12 റൗണ്ടായിരുന്നു മത്സരം. മത്സരത്തിനായുള്ള ഫൈറ്റ് ബില്ലില്‍ ആദ്യ പേര് മെയ്‌വെതറുടെയായിരുന്നു. എന്നാല്‍, ആദ്യം റിംഗിലെത്തിയത് പക്വിയോവോ. ആദ്യം കാണികള്‍ക്കും മുന്‍പാകെ അവതരിക്കപ്പെട്ടതും പാക്വിയോവോതന്നെ. പോരിന് മുമ്പുള്ള വീറും വാശിയും റിംഗിലും കണ്ടു. ആക്രമിച്ച് പാക്വിയാവോയും പതിയിരുന്ന് മെയ്‌വെതറും പോരാടിയതോടെ മത്സരം ആവേശമായി. പാക്വിയാവോയുടെ ഇടങ്കൈ പഞ്ചുകള്‍ ഇടക്ക് മെയ്‌വെതറിനെ അസ്വസ്ഥനാക്കി. എന്നാല്‍ മെയ്‌വെതറിന്റെ വലകൈ പഞ്ചുകള്‍ പാക്വിയാവോയുടെ നെഞ്ചിടിപ്പേറ്റി. റൗണ്ടുകള്‍ പിന്നിടുന്തോറും മെയ്‌വെതര്‍ ഇടിച്ചുകയറി. പോയിന്റുകളും ഒന്നിനുമീതെ ഒന്നായി ഉയര്‍ന്നു. 12 റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിധികര്‍ത്താക്കളുടെയും തീരുമാനം മെയ്‌വെതറിന് അനുകൂലമായി. മികച്ച പോരാട്ടം കാഴ്ചവെച്ചാണ് പാക്വിയാവോ കീഴടങ്ങിയത്.
അമേരിക്കക്കാരനായ കെന്നി ബേലസായിരുന്നു മത്സരത്തിന്റെ റഫറി. വിജയത്തില്‍ ദൈവത്തിനു നന്ദിയെന്നായിരുന്നു മെയ്‌വെതറിന്റെ പ്രതികരണം. മത്സരം താന്‍ ജയിച്ചുവെന്നാണു കരുതിയതെന്നു പാക്വിയാവോ പറഞ്ഞു. ബോക്‌സിംഗില്‍ അതുല്യമായ റെക്കോഡിനുടമയാണ് 38ക്കാരനായ മെയ്‌വെതര്‍. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളില്‍ ചാമ്പ്യന്‍കൂടിയായ ഇദ്ദേഹം കളിച്ച 48 മല്‍സരങ്ങളും വിജയിച്ചു. ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വിലയേറിയ പോരാട്ടം കൂടിയാണ് നടന്നത്. മെയ്‌വെതറിനുമാത്രം ഏകദേശം 900 കോടി രൂപയും പാക്വിയാവോക്ക് 600 കോടി രൂപയുമാണ് മത്സരത്തില്‍ നിന്ന് ലഭിച്ചത്. ടിക്കറ്റ് വില്‍പ്പനയും പരസ്യവരുമാനവുമായി 2500 കോടി രൂപയാണ് മത്സരത്തിലൂടെ സംഘാടകര്‍ക്ക് ലഭിച്ചത്. ജസ്റ്റിന്‍ ബീബര്‍, പമേല ആന്‍ഡേര്‍സണ്‍, ഡെന്നിസ് വാഷിംഗ്ടണ്‍ തുടങ്ങി ഹോളിവുഡിലെ പ്രമുഖരുള്‍പ്പെടെ നിരവധി വി വി ഐ പികള്‍ മത്സരം കാണാന്‍ എത്തിയിരുന്നു. 11,500 പേരായിരുന്നു മത്സരം നേരിട്ട് കാണാനെത്തിയത്. ടെലിവിഷനിലൂടെ കണ്ടത് ലക്ഷക്കണക്കിനും. മത്സരം നേരിട്ടു കാണാനുള്ള കുറഞ്ഞ ഫീസ് 1500 ഡോളറായിരുന്നു.
മത്സരത്തിന്റെ ചിത്രങ്ങള്‍………..

boxing1 boxing2 boxing3boxing1boxing