International
നിയമവിരുദ്ധമായി പാര്‍പ്പിട സമുച്ചയങ്ങള്‍ വാങ്ങുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമവുമായി ആസ്‌ത്രേലിയ

സിഡ്‌നി: ആസ്‌ത്രേലിയയില്‍ നിയമവിരുദ്ധമായി പാര്‍പ്പിട സമുച്ചയങ്ങള്‍് വാങ്ങുന്ന വിദേശികള്‍ക്കെതിരെയുള്ള നിയമം കര്‍ക്കശമാക്കി. നിയമവിരുദ്ധമായി ഇത്തരത്തില്‍ ഭൂമിയിടപാട് നടത്തുന്ന വ്യക്തികള്‍ മൂന്ന് വര്‍ഷം തടവ്ശിക്ഷയും 127,500 ആസ്‌ത്രേലിയന്‍ ഡോളര്‍ പിഴയും ഒടുക്കണം. നിയമം തെറ്റിക്കുന്നത് കമ്പനികളാണെങ്കില്‍ 637,500 ആസ്‌ത്രേലിയന്‍ ഡോളര്‍ പിഴയായി നല്‍കണം. വിദേശനിക്ഷേപത്തിന് അനുകൂല നിലപാടാണ് തന്റെ സര്‍ക്കാറിനെന്ന് നിയമ മാറ്റങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. എന്നാല്‍ മാറ്റങ്ങള്‍ വരുത്തിയത് ശരിയായ വിദേശ നിക്ഷേപത്തിനാണെന്നും പൊതുജനത്തിനെ പ്രോത്സാഹിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യുന്ന വിദേശ നിക്ഷേപത്തിനായി വിദേശ നിക്ഷേപക അവലോകന സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ആസ്‌ത്രേലിയയില്‍ വിദേശികള്‍ക്ക് പുതിയ പാര്‍പ്പിടം വാങ്ങാന്‍ മാത്രമേ അനുവാദമുള്ളു. എന്നാല്‍ നിലവിലുള്ള പാര്‍പ്പിടങ്ങള്‍ വാങ്ങുന്നതില്‍നിന്നും നിയമം ഇവരെ തടയുന്നു. സമ്പന്നരായ വിദേശികള്‍ ,കൂടുതല്‍ ചൈനയില്‍നിന്നുള്ളവര്‍ ആസ്‌ത്രേലിയന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ വിലക്കയറ്റത്തിന് കാരണമാകുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍. പ്രത്യേകിച്ച് സിഡ്‌നിയിലും മെല്‍ബണിലും രാജ്യത്തെ സാധാരണക്കാര്‍ക്ക് വീടുകള്‍ സ്വന്തമാക്കാന്‍ കഴിയുന്നില്ലെന്നാണ് പറയുന്നത്. മൂന്നാമതൊരാള്‍ വിദേശിയെ സഹായിക്കാനായി വിശ്വാസ വഞ്ചന കാണിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്നും അബോട്ട് പറഞ്ഞു.