സ്‌കൂള്‍ പാഠപുസ്തക വിതരണത്തിന് നടപടികള്‍ പൂര്‍ത്തിയായി

Posted on: May 3, 2015 5:51 am | Last updated: May 3, 2015 at 11:49 pm

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഈ വര്‍ഷത്തെ പാഠപുസ്തകം യഥാസമയം ലഭ്യമാക്കുതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ്.
സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി ആവശ്യപ്പെട്ട പാഠപുസ്തകങ്ങളാണ് കെ ബി പി എസ് തപാല്‍ വകുപ്പ് മുഖേന ബന്ധപ്പെട്ട സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുക. സ്‌കൂളുകള്‍ സമര്‍പ്പിച്ച ഇന്റന്റില്‍ ഏതെങ്കിലും വിധത്തിലുള്ള വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഈ സാഹചര്യത്തില്‍ ഫലപ്രദമായി പാഠപുസ്തക വിതരണം നടത്തുന്നതിന് വിവിധ തലങ്ങളില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍പ്രധാനാധ്യാപകന്റെ ഒപ്പും സ്‌കൂള്‍ സീലും വച്ച് നാളെ ഉച്ചക്ക് രണ്ടു മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കണം. സ്‌കൂള്‍ പ്രധാനാധ്യാപകര്‍ മുതല്‍ വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫീസര്‍മാരുടെ വരെയുള്ള ചുമതലകള്‍ പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കു ടെക്സ്റ്റ് ബുക്ക് ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഉത്തരവാദിത്തവും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് യഥാസമയം പാഠപുസ്തകം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള ബോധപൂര്‍വമായ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.