Gulf
നിയമലംഘനങ്ങളില്‍ ഒന്നാമത് കൃത്രിമ വാടകക്കരാര്‍

ദുബൈ: താമസ നിയമവുമായി ബന്ധപ്പെട്ട് എമിറേറ്റില്‍ നടക്കുന്ന നിയമലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാജ വാടകക്കരാര്‍ നിര്‍മിക്കുന്നതാണെന്ന് ദുബൈ നാച്വറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന്‍ തലവനും അഡ്വക്കേറ്റ് ജനറലുമായ അലി ഹുമൈദ് ബിന്‍ ഗാതം വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അറബ് വംശജരും ഏഷ്യക്കാരുമാണ് വ്യാപകമായി കൃത്രിമ വാടകക്കരാര്‍ നിര്‍മിക്കുന്നത്. വാടകക്കരാറില്‍ കൃത്രിമം കാണിക്കുന്നവര്‍ കുടുംബത്തെ തങ്ങള്‍ക്കൊപ്പം യു എ ഇയില്‍ നിര്‍ത്താനായാണ് ഇതിന് മുതിരുന്നത്. താമസിക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം കൂട്ടിക്കാണിച്ചാണ് രേഖകള്‍ ചമക്കുന്നത്.
ഒറ്റക്ക് വില്ലയില്‍ താമസിക്കുന്നതായോ, തനിച്ച് അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നതായോ കാണിച്ചാണ് ഇത്തരത്തില്‍ കൃത്രിമം നടത്തുന്നത്. കുടുംബത്തിന് താമസിക്കാന്‍ പര്യാപ്തമായ രീതിയില്‍ താമസസൗകര്യം ഒരുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ വിസ ലഭിക്കില്ലെന്നതാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് പ്രേരണയാവുന്നത്. യു എ ഇയില്‍ ജോലിചെയ്യുന്ന സ്ത്രീക്കോ പുരുഷനോ കുടുംബത്തെ ഒപ്പം താമസിപ്പിക്കണമെങ്കില്‍ അവരുടെ പേരില്‍ സ്വന്തമായി താമസ സൗകര്യം ഉണ്ടായിരിക്കണം.
കഴിഞ്ഞ വര്‍ഷം വാടകക്കരാറില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് 100 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇത്തരം കേസുകള്‍ കഴിഞ്ഞ വര്‍ഷത്തേതിലും കൂടുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം നിയമലംഘകര്‍ക്ക് മൂന്നു മാസം മുതല്‍ ആറു മാസം വരെ തടവും ഒപ്പം പിഴയുമാണ് ശിക്ഷ. താമസക്കാര്‍ ദുബൈ നാച്വറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ നിയമം അനുസരിക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ അലി ആവശ്യപ്പെട്ടു.