ഷീറ്റ് റബ്ബറിന് ആവശ്യക്കാരില്ല; ടയര്‍ കമ്പനികള്‍ക്ക് ബ്ലോക്ക് റബ്ബര്‍ മതി

Posted on: April 30, 2015 3:55 am | Last updated: April 29, 2015 at 6:56 pm

rubberതിരുവനന്തപുരം: റബ്ബര്‍ കമ്പനികളുടെ നിലപാട് സംസ്ഥാനത്തെ റബ്ബര്‍ മേഖല നേരിടുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായി ആരോപണം. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഷീറ്റ് റബറിനേക്കാള്‍ ടയര്‍ കമ്പനികള്‍ വിദേശത്തു നിന്നുള്ള ബ്ലോക്ക് റബ്ബറിനോട് താത്പര്യം പ്രകടിപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നത് ഷീറ്റ് റബ്ബറാണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ മുഖ്യഉത്പാദനം ബ്ലോക്ക് റബ്ബറാണ്. ഷീറ്റ് റബ്ബര്‍ അരച്ച് പ്രത്യേക പ്രക്രിയയിലൂടെ ബ്ലോക്ക് റബ്ബറാക്കുന്നതിന് ചെലവ് കൂടുതലാണ്. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് ഇത് ചെയ്യാനാകില്ല. അതു കാരണം അവര്‍ നേരിട്ട് ഷീറ്റാക്കി വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഇത്തരം ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉത്പാദനത്തിന് അനുസരിച്ച് ഇവ ലാഭകരമാകുന്നില്ല. അതേ സമയം കുറഞ്ഞ ചെലവില്‍ തന്നെ വിദേശത്ത് നിന്നും ബ്ലോക്ക് റബ്ബര്‍ ഇറക്കുമതി ചെയ്യാനാകും.
തങ്ങള്‍ക്ക് ആവശ്യമായ ബ്ലോക്ക് റബ്ബറിന്റെ നാലിലൊന്നു പോലും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ലെന്നാണ് ടയര്‍ കമ്പനികളുടെ വാദം. ബ്ലോക്ക് റബ്ബര്‍ ഫാക്ടറികള്‍ തന്നെ സമര്‍പ്പിച്ചിരിക്കുന്ന റിട്ടേണ്‍ അനുസരിച്ച് 2013-14-ല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ബ്ലോക്ക് റബ്ബര്‍ 1,06,000 ടണ്ണാണ്. ടയര്‍ കമ്പനികള്‍ക്ക് 4,60,000 ടണ്ണോളം ബ്ലോക്ക് റബ്ബര്‍ ആവശ്യമുണ്ട്. അതിനാല്‍ വലിയ അളവില്‍ ബ്ലോക്ക് റബ്ബര്‍ ഇറക്കുമതി ചെയ്യപ്പെടുന്നു. 2013-14-ലെ മൊത്തം ബ്ലോക്ക് റബ്ബറുപഭോഗം 3,22,250 ടണ്‍ ആയിരുന്നു. ഇതില്‍ 2,42,000 ടണ്ണും ഇറക്കുമതിയായിരുന്നു.
2001 ഏപ്രില്‍ മുതല്‍ റബര്‍ ഇറക്കുമതിയുടെ അളവില്‍ യാതൊരു നിയന്ത്രണവും നിലവിലില്ല. ആവശ്യക്കാര്‍ക്ക് നിലവിലുള്ള കസ്റ്റംസ് തീരുവയടച്ച് ഏതു രാജ്യത്തു നിന്ന്എത്ര വേണമെങ്കിലും റബ്ബര്‍ ഇറക്കുമതി ചെയ്യാം. അതിനാല്‍ തന്നെ വിദേശവിപണിയില്‍ ഒരു പരിധിക്കപ്പുറം വില കുറഞ്ഞിരുന്നാല്‍ ഇറക്കുമതി നിര്‍ബാധം നടക്കുമെന്നാണ് സ്ഥിതി. 2010 മാര്‍ച്ചില്‍ കൂടിയ ബോര്‍ഡിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്&മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റി രാജ്യത്തെ റബ്ബറിന്റെ സ്റ്റോക്ക് സംബന്ധിച്ചുള്ള കണക്കില്‍ കുറവു വരുത്താന്‍ തീരുമാനിച്ചിരുന്നു. വന്‍കിട-ചെറുകിടകര്‍ഷകര്‍, വ്യാപാരികള്‍, വ്യവസായികള്‍ തുടങ്ങി റബര്‍മേഖലയിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്നതാണ് ഈ കമ്മിറ്റി.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ചേര്‍ന്ന ദേശീയ റബ്ബര്‍ നയരൂപവത്കരണ യോഗത്തില്‍ ഈ പ്രശ്‌നം ചര്‍ച്ചക്ക് വരികയും കണക്കിലെ അപാകതകള്‍ പരിഹരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിനായി ഒരു പതിനാറംഗ സാങ്കേതിക ഉപസമിതിയെ യോഗം നിയമിക്കുകയും ചെയ്തു.
റബ്ബര്‍ മേഖലയിലെ എല്ലാവിഭാഗങ്ങളുടെയും പ്രതിനിധികളും റബ്ബര്‍ബോര്‍ഡിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതി ഈ പ്രശ്‌നം കൂടുതല്‍ വിശദമായി പഠിക്കാന്‍ മേഖലക്ക് പുറത്തുനിന്നുള്ള വിദഗ്ധരടങ്ങുന്ന ഒരു പാനലിനെ നിയോഗിച്ചു. ഈ പാനല്‍ റബര്‍ ബോര്‍ഡിന്റെ കഴിഞ്ഞ 20-30 വര്‍ഷങ്ങളിലെ കണക്കുകള്‍ വിശദമായി പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ട് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ പതിനാറംഗ ഉപസമിതിക്ക് പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ്.