ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഉറുദു പഠനത്തിന് അവസരമില്ലാതെ വിദ്യാര്‍ഥികള്‍ വലയുന്നു

Posted on: April 30, 2015 3:53 am | Last updated: April 29, 2015 at 6:54 pm

uruduവളാഞ്ചേരി: ഉറുദു ഒന്നാം ഭാഷയായി എടുത്ത് എസ് എസ് എല്‍ സി പാസായ വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് സൗകര്യമില്ലാതെ മറ്റ് ഭാഷകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
കുറ്റിപ്പുറം ഉപജില്ലയിലെ 12 സക്ൂളുകളില്‍ നിന്നായി 600 ഓളം വിദ്യാര്‍ഥികളാണ് ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉറുദു ഒന്നാം ഭാഷയായി പഠിച്ച് വിജയിച്ചിട്ടുള്ളത്. ഇവര്‍ക്ക് തുടര്‍ പഠനത്തിനായി രണ്ട് സ്‌കൂളുകളിലെ പരിമിതമായ സീറ്റുകള്‍ മാത്രമാണ് ആശ്രയം. എന്നാല്‍ ഹൈസ്‌കൂള്‍ തലത്തില്‍ കുറ്റിപ്പുറം ഉപജില്ലയില്‍ 12 സ്‌കൂളുകളില്‍ ഉറുദു പഠിപ്പിക്കുന്നു. വളാഞ്ചേരി ഗേള്‍സ്, ബോയ്‌സ്, ഇരിമ്പിളിയം എം ഇ എസ്, ഗവ. എച്ച് എച്ച് എസ്, ബ്രദേസ് മാവണ്ടിയൂര്‍, മാറാക്കര, ആതവനാട്, പൂളമംഗലം, ചേരൂരാല്‍, കല്‍പകഞ്ചേരി, കല്ലിങ്ങപറമ്പ്, കുറ്റിപ്പുറം എന്നിവിടങ്ങളിലെ ഹൈസ്‌കൂളുകളില്‍ ഉറുദു പഠനത്തിന് സൗകര്യമുണ്ട്. ഇവയില്‍ പൂളമംഗലം എച്ച് എസ് ഒഴികെ മറ്റെല്ലായിടത്തും ഹയര്‍സെക്കന്‍ഡറി പഠന സൗകര്യം ഉണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഉര്‍ദു പഠനത്തിന് മാവണ്ടിയൂര്‍ ബ്രദേഴ്‌സിലും കല്ലങ്ങപ്പറമ്പിലും മാത്രമാണ് സൗകര്യമുള്ളത്. ഇത് കാരണം ഹൈസ്‌കുളില്‍ നിന്ന് ഉര്‍ദു പഠിച്ച് പത്താം ക്ലാസ് പാസായി വരുന്നവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഉര്‍ദു പഠിക്കാന്‍ അവസരമില്ലാതെ വരുന്നു.
ഇത്തരം വിദ്യാര്‍ഥികള്‍ മലയാളമോ അറബിയോ എടുത്ത് പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഹയര്‍സെക്കന്‍ഡറി തലത്തില്‍ രണ്ട് ഭാഷയെ അനുവദിക്കൂ എന്ന കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഇറക്കിയ അലിഖിത ഉത്തരവിന്റെ മറവില്‍ പുതുതായി അനുവദിച്ച പല ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും രണ്ട് ഭാഷകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മലയാളവും അറബിയും മാത്രമാണ് പല സ്‌കൂളുകളിലും നിലവിലുള്ളത്. ഇതുമൂലം ഉറുദു പഠിച്ചിറങ്ങുന്ന കുട്ടികള്‍ മലയാളമോ അറബിയോ എടുത്ത് തുടര്‍ പഠനം നടത്തേണ്ട അവസ്ഥയിലാണ്. ഇത് ഫലത്തില്‍ ഉറുദു, ഹിന്ദി, സംസ്‌കൃതം ഭാഷകളെ ഹയര്‍സെക്കന്‍ഡറി തലത്തില്‍ നിന്നും മാറ്റിനിര്‍ത്തപെട്ടതുപോലെയാണ്.
ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പല ഹൈസ്‌കൂളുകളിലും ഉറുദുപഠന സൗകര്യം ഉണ്ടെങ്കിലും ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഇതേ അവസ്ഥ തുടരുകയാണ്. വര്‍ഷങ്ങളായി ഉര്‍ദു ഭാഷയോടും വിദ്യാര്‍ഥികളോടും കാണിക്കുന്ന വിവേചനത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിലാണ്.