Connect with us

Gulf

അതിവേഗ റെയില്‍ പദ്ധതി: കേരളം യു എ ഇയില്‍ നിന്നു നിക്ഷേപകരെ തേടുന്നു

Published

|

Last Updated

ദുബൈ: കേരള സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ അതിവേഗ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേരളം യു എ ഇയില്‍ നിന്നുള്ള നിക്ഷേപകരെ തേടുന്നു. വന്‍ മുതല്‍ മുടക്ക് വേണ്ടിവരുമെന്നതിനാല്‍ ഏറെക്കാലമായി മരവിപ്പിച്ചു നിര്‍ത്തിയ പദ്ധതിക്കാണ് ഇപ്പോള്‍ നിക്ഷേപകരെ തേടുന്നത്.
2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഈ പദ്ധതിക്ക് അന്നത്തെ കണക്കില്‍ 1.18 ലക്ഷം കോടിയാണ് ചെലവ് കണക്കാക്കുന്നത്. കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോടു നിന്നും തെക്കേയറ്റവും തലസ്ഥാനവുമായ തിരുവനന്തപുരത്തേക്ക് മൂന്നു മണിക്കൂറിനകം എത്താന്‍ സാധിക്കുന്നതാണ് അതിവേഗ റെയില്‍ പദ്ധതി. കനത്ത സാമ്പത്തിക ബാധ്യതയും പദ്ധതിക്കെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളുമാണ് സര്‍ക്കാറിനെ പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചത്. ഈയിടെ ഉമ്മന്‍ചാണ്ടി ഗ്ലോബല്‍ അന്വല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിനായി ദുബൈയില്‍ എത്തിയപ്പോള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ യു എ ഇ അധികൃതര്‍ ഉള്‍പെടെയുള്ളവരോട് അഭ്യര്‍ഥിച്ചിരുന്നു. യു എ ഇ സാമ്പത്തിക മന്ത്രി സഈദ് അല്‍ മന്‍സൂരി യു എ ഇക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്ന മൂന്നു പദ്ധതികള്‍ മുന്നോട്ടുവെക്കാന്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. അതില്‍ ഈ പദ്ധതിയും ഉള്‍പെടുത്തിയിട്ടുണ്ടെന്ന് കേരള ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ദുബൈ സര്‍ക്കാറുമായി കൈകോര്‍ത്ത് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതായാണ് വിവരം.

Latest