Connect with us

International

ഭൂകമ്പം: കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് മൂന്ന് ദിവസത്തിന് ശേഷം പുതുജീവന്‍

Published

|

Last Updated

കാഠ്മണ്ഡു: “പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, വൈകാതെ അതൊക്കെ വെറുതേയാണെന്ന് തോന്നിത്തുടങ്ങി. ചുണ്ടുകള്‍ വരണ്ടുപൊട്ടി. നഖങ്ങള്‍ വിളറി വെളുത്തു. എന്നെത്തേടി ആരും വരില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. ഞാന്‍ മരിക്കാന്‍ പോകുകയായിരുന്നു…”
ആശുപത്രിക്കിടക്കക്ക് ചുറ്റും കൂടിനില്‍ക്കുന്ന ബന്ധുക്കളോട് സംസാരിക്കുമ്പോഴും വലിയ ദുരന്തത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് വിശ്വസിക്കാന്‍ പാടുപെടുകയായിരുന്നു 27കാരനായ റിഷി ഖനല്‍. നേപ്പാളിനെ പിടിച്ചുലച്ച ഭൂകമ്പം നടന്ന് 82 മണിക്കൂറുകള്‍ക്ക് ശേഷം ഇന്നലെയാണ് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് റിഷിയെ കണ്ടെടുത്തത്.
കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് രണ്ടാം നിലയിലേക്ക് കയറുന്നതിനിടെയാണ് കെട്ടിടത്തെയപ്പാടെ ഭൂകമ്പം നിലംപരിശാക്കിയത്. ആ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ നിരവധി പേരില്‍ ഒരാള്‍ മാത്രമായിരുന്നു റിഷി.
പലരും മരിച്ചു. ചിലരെ ആരൊക്കെയോ രക്ഷപ്പെടുത്തി. ഇന്നലെ കണ്ടെടുക്കുമ്പോള്‍ അഴുകിയ മൃതശരീരങ്ങള്‍ക്കും അസഹ്യമായ ദുര്‍ഗന്ധത്തിനും നടുവിലായിരുന്നു റിഷിയെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ഫ്രഞ്ച് സംഘം പറഞ്ഞു. ഇയാളുടെ മുകളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ മൂടിക്കിടക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ഇയാളെ പുറത്തെത്തിക്കാനായത്.
“ഒച്ചവെച്ചിട്ടും ശബ്ദം പുറത്ത് കടക്കുന്നുണ്ടായിരുന്നില്ല. ഒരു ഒച്ചയും അകത്തേക്കും കേട്ടില്ല. ശരീരത്തിനുമേല്‍ അടിഞ്ഞുകൂടിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളില്‍ ആകുന്ന വിധം തട്ടി ഞാന്‍ ഒച്ചയുണ്ടാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തും വരെ സ്വന്തം മൂത്രം മാത്രം കുടിച്ചായിരുന്നു മൂന്ന് ദിവസം ജീവന്‍ നിലനിര്‍ത്തിയത.്”- റിഷി വിശദീകരിച്ചു.
ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും റിഷിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹോട്ടല്‍ ജീവനക്കാരനാണോ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആളാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വരേണ്ടതുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിഷിയെ ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
അതിനിടെ, ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരം കവിഞ്ഞതായി സ്ഥിരീകരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ആരോപിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം പടരുന്നുണ്ട്.

Latest