Connect with us

Kerala

മൂന്നാറിന്റെ സൗന്ദര്യത്തിന് സുഗന്ധം ചാര്‍ത്തി പുഷ്‌പോത്സവം

Published

|

Last Updated

തൊടുപുഴ: മൂന്നാറിന്റെ വശ്യസൗന്ദര്യത്തിന് സുഗന്ധം ചാര്‍ത്തി പുഷ്പമേള. ഏഷ്യയിലെ ആദ്യത്തെ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിന്റെ പ്രകൃതിഭംഗിക്കൊപ്പം ജൈവവൈവിധ്യവും ടൂറിസത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പുഷ്പമേള അടുത്ത മാസം മൂന്നിന് സമാപിക്കും.
പഴയ മൂന്നാറില്‍ 16 ഏക്കര്‍ വിസ്തൃതിയില്‍ മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഹൈഡല്‍ ഉദ്യാനത്തിലാണ് 150ലേറെ ഇനങ്ങളുമായി പുഷ്‌പോത്സവം ഒരുക്കിയിട്ടുളളത്. ഇതിനോടകം 15000ത്തോളം പേര്‍ മേള സന്ദര്‍ശിച്ചു കഴിഞ്ഞതായി സംഘാടകരായ മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദിലീപ് പൊട്ടംകുളം, സെക്രട്ടറി അനീഷ് പി വര്‍ഗീസ് അറിയിച്ചു.
പശ്ചിമഘട്ട മലനിരകളില്‍ അന്യം നിന്നു കൊണ്ടിരിക്കുന്ന തനത് സസ്യങ്ങളും പൂക്കളും മേളയുടെ പ്രത്യേകതയാണ്. പുല്ലില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പുഷ്‌പോത്സവത്തില്‍ കൗതുകവും വിരിയിക്കുന്നു. ഭക്ഷ്യമേള, വിനോദപരിപാടികള്‍, സാഹസിക ഇനങ്ങള്‍, വാണിജ്യമേള എന്നിവക്കൊപ്പം ദിവസവും കലാസന്ധ്യയും അരങ്ങേറുന്നു. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കൊച്ചിയിലേക്കുളള ഉയര്‍ന്ന വിമാനയാത്രാ നിരക്ക് മൂന്നാറിലേക്കുളള ടൂറിസ്റ്റുകളുടെ വരവില്‍ കുറവുണ്ടാക്കിയിട്ടുണ്ടെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് മറ്റും കൊച്ചിയിലേക്കുളളതിനേക്കാള്‍ കുറഞ്ഞ വിമാനനിരക്കാണ് ശ്രീലങ്കയിലേക്കുളളത്. ഇക്കാരണത്താല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ശ്രീലങ്ക ലക്ഷ്യമിടുകയാണെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

Latest