Connect with us

Articles

യെച്ചൂരി സി പി എമ്മിന്റെ സോണിയാ ഗാന്ധിയോ?

Published

|

Last Updated

ഏത് പ്രസ്ഥാനത്തിനെതിരെയും നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഏത് വ്യക്തികള്‍ക്ക് നേരെയും വിമര്‍ശങ്ങള്‍ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം നിലവിലുണ്ടായിരിക്കേണ്ടത് ജനാധിപത്യത്തിന്റെ നല്ല നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ നിലയില്‍ നമ്മുടെ മാധ്യമങ്ങള്‍ സി പി എമ്മിനേയും അതിന്റെ നേതാക്കളെയും വിമര്‍ശിക്കുന്നതില്‍ വളരെ നന്മ കാണാന്‍ ജനാധിപത്യ ബോധമുള്ളവര്‍ക്ക് കഴിയും. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ സി പി എമ്മിനെയും അതിന്റെ നേതാക്കളെയും ചുറ്റിപ്പറ്റി ഉന്നയിച്ചുവരുന്നത് കാതലായ വിമര്‍ശങ്ങളാണോ അതോ കരിവാരിത്തേക്കാനുള്ള പരദൂഷണങ്ങളാണോ? ഈ ചോദ്യം ഉയര്‍ത്താതിരിക്കാന്‍ വയ്യ. സി പി എമ്മിനെ വിമര്‍ശിക്കുക എന്നതിനേക്കാള്‍ നമ്മുടെ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് സി പി എമ്മിനെക്കുറിച്ച് പരദൂഷണം പറയുക എന്നതാണെന്നതിന് സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ തെളിവാണ് സീതാറാം യെച്ചൂരി സി പി എം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചുറ്റിപ്പറ്റി നടന്ന ഊഹാപോഹാധിഷ്ഠിത ചര്‍ച്ചകള്‍.
യെച്ചൂരി ജനറല്‍ സെക്രട്ടറിയായതോടെ പിണറായി വിജയന്റെ “പണി തീര്‍ന്നു” എന്നും വി എസ് അച്യുതാനന്ദന്റെ ജൈത്രയാത്ര ആരംഭിച്ചു എന്നും ഒക്കെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഇത്തരം നുണകുമിളകള്‍ ഊതി വീര്‍പ്പിച്ചെടുക്കുന്ന പരിപാടിയാണ് നാടന്‍ ഭാഷയില്‍ പരദൂഷണം എന്നും മാധ്യമലോക ഭാഷയില്‍ മഞ്ഞപ്പത്ര പ്രവര്‍ത്തനം എന്നും ആളുകള്‍ വിളിച്ചുവരുന്നത്. പിണറായിക്ക് ശേഷം ആര് സെക്രട്ടറിയാകും എന്ന ചോദ്യത്തിന് നൂറില്‍ തൊണ്ണൂറ്റിയഞ്ച് സി പി എമ്മുകാരും പറഞ്ഞുവന്ന മറുപടി കോടിയേരി എന്നായിരുന്നു. ഇതുപോലെ, തന്നെ പ്രകാശ് കാരാട്ടിനു ശേഷം ആര് സി പി എം ജനറല്‍ സെക്രട്ടറിയാകും എന്ന ചോദ്യത്തിനും ഏത് നാട്ടിന്‍ പുറത്തെ സി പി എം അണിക്കും അനുഭാവിക്കും പറയാനുണ്ടായിരുന്ന മറുപടി സീതാറാം യെച്ചൂരി എന്നായിരുന്നു.
പക്ഷേ, ഇത്തരം സംഘടനാപരമായ പൊതുധാരണകള്‍ ഓരോ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്ന പതിവ് സി പി എമ്മിനില്ല. പക്ഷേ, ഏത് വീട്ടിലും പതിവുകള്‍ തെറ്റിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും വകവെച്ചുകൊടുക്കാറുണ്ട്. പാര്‍ട്ടിയില്‍ പതിവുകള്‍ തെറ്റിക്കാനുള്ള ബാലിശതകള്‍ വകവെച്ചുകിട്ടിയിട്ടുള്ള ഒരു വൃദ്ധനാണ് വി എസ് അച്യുതാനന്ദന്‍. അതുകൊണ്ട് അദ്ദേഹത്തിനും ഏറെക്കുറെ എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും ഉറപ്പായിരുന്ന ഒരു കാര്യം, അതായത് യെച്ചൂരി അടുത്ത ജനറല്‍ സെക്രട്ടറി തന്നെ എന്ന കാര്യം, പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളോട് പറയാന്‍ കഴിഞ്ഞു. ഇതോടെ മാധ്യമങ്ങള്‍ക്ക് വമ്പന്‍ പരദൂഷണ സാഹിത്യം പാചകം ചെയ്യാനുള്ള “നാഴൂരിയരി” കിട്ടുകയും ചെയ്തു. അതാണ് സംഭവിച്ചത്.
“പിണറായി വിജയന് എതിരാണ് സീതാറാം യെച്ചൂരി എന്നതുകൊണ്ടാണ് വി എസ് യെച്ചൂരിയെ മുന്‍കൂറായി ആശംസിച്ചത്. അച്യുതാനന്ദനാല്‍ ആശംസിക്കപ്പെട്ടു എന്നതിനാല്‍ തന്നെ യെച്ചൂരിയെ കേരള ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണക്കാന്‍ ഇടയില്ല. കേരള ഘടത്തിന് അഭിമതന്‍ എന്ന നിലയില്‍ എസ് രാമചന്ദ്രന്‍ പിള്ള സെക്രട്ടറിയായേക്കാം.” ഇങ്ങനെയൊക്കെ പലരെക്കൊണ്ടും പറയിപ്പിച്ചും മറ്റും ചാനലുകള്‍ പരദൂഷണ സദ്യ ഒരുക്കി. യെച്ചൂരി എന്ന വ്യക്തിക്ക് എത്രമേല്‍ വ്യക്തിപരമായ ആരാധന വി എസ് അച്യുതാനന്ദനോട് ഉണ്ടെങ്കിലും അദ്ദേഹത്തിന് ഒരിക്കലും തനിക്കിഷ്ടപ്പെട്ട ആളാണ് അച്യുതാനന്ദന്‍ എന്ന കാരണത്താല്‍ മാത്രം, അച്യുതാനന്ദനെ പി ബി അംഗമാക്കാനാകില്ല. കാരണം സി പി എമ്മിന്റെ നരേന്ദ്രമോദിയോ സോണിയാ ഗാന്ധിയോ ആകാനുള്ള അധികാരസ്ഥാനത്തേക്കല്ല സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയോ ബി ജെ പിയില്‍ നരേന്ദ്രമോദിയോ അവരവര്‍ക്ക് ഇഷ്ടമുള്ളവരെ വിവിധ സ്ഥാനങ്ങളില്‍ പിടിച്ചിരുത്തുന്നതുപോലെ സി പി എമ്മില്‍ യെച്ചൂരിക്ക് ചെയ്യാനാകില്ല.
അതുകൊണ്ട് തന്നെ യെച്ചൂരി ജനറല്‍ സെക്രട്ടറിയായതോടെ പിണറായിക്ക് മങ്ങലും വി എസിന് വിളങ്ങലും ഉണ്ടാകുമെന്നൊക്കെ പ്രചരിപ്പിക്കുന്നത് സി പി എമ്മിനെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരുടെ വഷളന്‍ വര്‍ത്തമാനങ്ങള്‍ മാത്രമാണെന്നേ വിലയിരുത്താനാകൂ. ബി ജെ പി സ്ഥാപക നേതാവായ എല്‍ കെ അഡ്വാനിക്ക് പ്രായാധിക്യം എന്ന കാരണം പറഞ്ഞ് മോദി ഉണ്ടാക്കിത്തീര്‍ത്ത അത്രയും അപ്രസക്തി സി പി എം സ്ഥാപകനേതാവായ വി എസിന് ഇപ്പോഴും സി പി എമ്മില്‍ സംഭവിച്ചിട്ടില്ല. ഇതിനുള്ള നന്ദി വി എസിനുണ്ടായാല്‍ അത് അദ്ദേഹത്തിന് ഭൂഷണമാകും. കൂട്ടായി ചര്‍ച്ച ചെയ്തു കൂട്ടായി തീരുമാനങ്ങളെടുത്ത് കൂട്ടായി പ്രവര്‍ത്തിക്കുന്ന സ്വഭാവഘടനയുള്ള സി പി എമ്മില്‍ സോണിയാ ഗാന്ധിയോ നരേന്ദ്ര മോദിയോ ആകാന്‍ ഒരു നേതാവിനും സാധിക്കില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ ജയപരാജയങ്ങളില്‍ എല്ലാവര്‍ക്കും ഒരുപോലെ പങ്കുണ്ട്. ഇക്കാര്യങ്ങളെല്ലാം പാടെ മറച്ചുപിടിച്ചുകൊണ്ട് കോണ്‍ഗ്രസിലും ബി ജെ പിയിലും എ ഐ ഡി എം കെയിലും ഒക്കെ നടന്നുവരുന്ന തരത്തില്‍ സംഘടനക്ക് മേല്‍ വ്യക്തിയെ പ്രതിഷ്ഠിക്കാനുള്ള നീക്കം സി പി എമ്മിലും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള മാധ്യമ താത്പര്യം എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം.
ഇത് മാധ്യമങ്ങള്‍ അറിഞ്ഞു പെരുമാറിയാല്‍ അവ വായിക്കപ്പെടുകയും കാണപ്പെടുകയും ചെയ്യും. സി പി എം ഇല്ലാത്ത ഇന്ത്യ ഉണ്ടാക്കാനായി നടത്തുന്ന മാധ്യമ പ്രവര്‍ത്തനങ്ങളെക്കൊണ്ട് മാധ്യമങ്ങള്‍ക്ക് പ്രേക്ഷകരും വായനക്കാരും ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് താത്പര്യം.