അവരുടെ ഉള്ളിലിപ്പോള്‍ കീഴ്‌മേല്‍ മറിഞ്ഞ സ്വപ്‌നങ്ങള്‍ മാത്രം

Posted on: April 28, 2015 12:35 pm | Last updated: April 28, 2015 at 1:19 pm

Powerful earthquake hits Nepalകറുത്തിരുണ്ട ആകാശത്തില്‍ നിന്ന് പെരുംമഴ. ചെളിക്കുന്നുകള്‍ വന്ന് മൂടി ഗതാഗതം തടസ്സപ്പെട്ട റോഡുകള്‍. മണിക്കൂറുകള്‍ക്ക് മുമ്പ് തങ്ങളോടൊപ്പം കൈപിടിച്ചുനടന്നവരുടെ മൃതശരീരങ്ങള്‍ കൂട്ടം കൂട്ടമായി സംസ്‌കരിക്കുന്ന ഭീതിവിട്ടൊഴിയാത്ത ഗ്രാമീണര്‍, തകര്‍ന്നടിഞ്ഞുകിടക്കുന്ന വീടുകള്‍, വെള്ളത്തിനും ഭക്ഷണത്തിനുമായുള്ള നെട്ടോട്ടങ്ങള്‍….ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിന്റെ ചിത്രമാണിത്.

ഇന്നലെ ഉച്ചക്ക് ശേഷമാണ് പര്‍ഭാതി ധക്കാലും കുറച്ചുപേരും കാട്മൂടിക്കിടക്കുന്ന വഴിയിലൂടെ രണ്ട് മണിക്കൂറുകള്‍ സഞ്ചരിച്ച് 11 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുളന്തണ്ടുകളില്‍ ചുമന്ന് കൊണ്ടുവരേണ്ടിവന്നു. രക്ഷാപ്രവര്‍ത്തനങ്ങളൊന്നും അവിടെയെത്തിയിട്ട് പോലുമില്ല. നദിക്കരയില്‍ ആ മൃതദേഹങ്ങള്‍ മുഴുവന്‍ സംസ്‌കരിച്ചു. പിതാവിന്റെ മൃതദേഹം സംസ്‌കരിക്കുന്ന മകന്‍, മകന്റെ അന്ത്യകര്‍മങ്ങള്‍ക്ക് പിതാവ്, സഹോദരിയുടെ മൃതദേഹം മറവ് ചെയ്യാന്‍ സഹോദരന്‍…ഇനിയും മറവ് ചെയ്യപ്പെടാതെ ചുറ്റും ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍…നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഭൂകമ്പം പിടിച്ചുകുലുക്കിയ ഗ്രാമങ്ങളിലോരോന്നിലും ഇത്തരം കാഴ്ചകള്‍ സാധാരാണമായിരിക്കുന്നു.
എണ്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 4000വും കടന്നു. മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് വിലയിരുത്തലുകള്‍.
സന്നദ്ധ പ്രവര്‍ത്തകര്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും നേപ്പാളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. കാഠ്മണ്ഡുവിമാനത്താവളത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികള്‍ നിറഞ്ഞിരിക്കുന്നു.
കാഠ്മണ്ഡുവിന് ചുറ്റുമുള്ള, മലയിടിച്ചില്‍ തൂത്തെറിഞ്ഞ അനവധി ഗ്രാമങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടുകിടിക്കുകയാണ്. നേപ്പാള്‍ സുരക്ഷാ സേനക്ക് പോലും ഇതുവരെ അവിടങ്ങളില്‍ എത്താനായിട്ടില്ല. മലയോര ഗ്രാമങ്ങളിലേക്ക് ഹെലികോപ്റ്ററുകള്‍ വഴി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട് എന്നത് മാത്രമാണ് ആശ്വാസം. ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ പോലും ചില ഗ്രാമങ്ങളില്‍ സുരക്ഷിതമായ ഒരിടമില്ലാത്ത ദുരന്തചിത്രം. ആരെല്ലാം മരിച്ചു? ഏത് ഗ്രാമത്തിനാണ് അടിയന്തര ആവശ്യം നേരിടുന്നത്? എന്തൊക്കെയാണ് നാശനഷ്ടങ്ങള്‍? ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ നേപ്പാള്‍ സര്‍ക്കാര്‍ പോലും നിശ്ശബ്ദരാണ്. എല്ലാവരും പറയുന്നത് ഞങ്ങള്‍ക്കറിയില്ല എന്ന ഒറ്റ മറുപടി മാത്രം.
അടിയന്തര സഹായം ആവശ്യമുള്ള ആയിരങ്ങള്‍ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നറിയാമെങ്കിലും എന്തുചെയ്യണമെന്നറിയാതെ അധികൃതര്‍. ചില ഗ്രാമങ്ങളില്‍ എട്ട് മുതല്‍ പത്ത് വരെ മണ്ണിടിച്ചില്‍ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മാത്രമേ അധികൃതര്‍ക്ക് പറയാനുള്ളൂ. ചിലപ്പോള്‍ ദിവസങ്ങളെടുക്കും കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍.
വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ദിവസങ്ങളായി ശബ്ദിക്കാതെ ടെലിഫോണുകള്‍..എന്തുചെയ്യണമെന്ന് പോലും അറിയില്ലെന്ന് നാട്ടുകാരുടെ വേദനയോടെയുള്ള നിലവിളികള്‍.. വിദൂര ഗ്രാമങ്ങളില്‍ മരിച്ചുകിടക്കുന്നവരെ മറമാടാന്‍ കുറച്ചുപേരെ അയച്ചുതരണമെന്ന ചില ഗ്രാമീണരുടെ അഭ്യര്‍ഥനകള്‍ക്ക്, കൈമലര്‍ത്താനല്ലാതെ അധികൃതര്‍ക്ക് ആകുന്നില്ല. കാഠ്മണ്ഡുവില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എല്ലായിടത്തും എത്തിയിട്ടില്ല. ചില ഗ്രാമങ്ങള്‍ ഒന്നാകെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. നൂറുക്കണക്കിന് മരണം. രക്ഷപ്പെട്ടവരുടെ പേടിപ്പെടുത്തുന്ന അനുഭവങ്ങള്‍…. കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പത്ത് ലക്ഷത്തിലധികം പിഞ്ചുബാല്യങ്ങള്‍ ദുരിതക്കയത്തിലേക്ക് പിച്ചവെച്ചിട്ടുണ്ടെന്ന് യുനിസെഫ്…പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ലോകം ഉണര്‍ന്നുകഴിഞ്ഞു. ഇന്ത്യയും യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്ര സഭയും ആസ്‌ത്രേലിയയും അറബ് രാജ്യങ്ങളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.. നിരവധി കൈത്താങ്ങുകള്‍ നേപ്പാളിന് ആവശ്യമായിരിക്കുന്നു, അവരുടെ തകര്‍ന്നടിഞ്ഞ സ്വപ്‌നങ്ങള്‍ വീണ്ടും പൂവണിയിക്കാന്‍.