സോളാര്‍: വൈക്കം വിശ്വന്‍ മൊഴി നല്‍കി

Posted on: April 28, 2015 4:59 am | Last updated: April 28, 2015 at 12:59 am

കൊച്ചി: സോളാര്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സോളാര്‍ അന്വേഷണ കമ്മീഷന് മൊഴി നല്‍കി. ടീം സോളാറിനായി മുന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുല്ലക്ക് മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ടെന്നും ശുപാര്‍ശ കത്ത് വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതിയായ മണിലാലിനെ ജയിലില്‍ നിന്നിറക്കാന്‍ സഹോദരന് മുഖ്യമന്ത്രി സാമ്പത്തിക സഹായം നല്‍കിയതിനെക്കുറിച്ചും തട്ടിപ്പില്‍ നിന്ന് സമാഹരിച്ച പണം എവിടെ പോയെന്നതിനെക്കുറിച്ചും അന്വേഷിക്കണം. സരിതയുടെ ഡ്രൈവര്‍ ശ്രീജിത് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ കോപ്പിയും ടെന്നി ജോപ്പന്റെ കസ്റ്റഡി കാലാവധി നീട്ടിയതു സംബന്ധിച്ച ഹൈക്കോടതിയുടെ വിധിപകര്‍പ്പും കമീഷന് നല്‍കി.