അധ്യയന ദിവസം 200; ഇനി മുതല്‍ എട്ട് പീരിയഡുകളും

Posted on: April 28, 2015 5:58 am | Last updated: April 28, 2015 at 12:59 am

തിരുവനന്തപുരം:ഹൈസ്‌കൂളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ 200 അധ്യയന ദിവസം ഉണ്ടാകണമെന്നുള്ള നിര്‍ദേശത്തിന് ക്യു ഐ പി മോണിറ്ററിംഗ് കമ്മിറ്റി അംഗീകാരം നല്‍കി. ഇതോടൊപ്പം പിരീയഡുകളുടെ എണ്ണം എട്ടാക്കി മാറ്റും. ഇത് അനുസരിച്ചുള്ള വിദ്യാഭ്യാസ കലണ്ടറാകും പ്രസിദ്ധീകരിക്കുക. 200 അധ്യയനദിവസങ്ങള്‍ക്കായി പ്രതിമാസം രണ്ടു ശനിയാഴ്ചകളിലും സ്‌കൂളുകള്‍ പ്രവൃത്തിദിനമാക്കും. അധ്യാപക പരിശീലനം അഞ്ച് ക്ലസ്റ്ററുകളിലായി നടക്കും. ഇതില്‍ മൂന്ന് ശനിയാഴ്ച്ചകളും രണ്ട് പ്രവര്‍ത്തി ദിവസങ്ങളുമാണ് ഉള്‍പ്പെടുത്തി. അധ്യാപക പരിശീലനത്തിന് എസ് സി ഇ ആര്‍ ടി ഷെഡ്യൂള്‍ തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. ഇനി മുതല്‍ എട്ട് പീരിയഡുകളാവും ഉണ്ടാവുക. ആദ്യത്തെ രണ്ട് പീരിയഡുകള്‍ 40 മിനിറ്റാകും. പിന്നീടുള്ള പീരിയഡുകള്‍ക്ക് 35 മിനിറ്റ് വീതമാണ് ഉണ്ടാവുക. കലാപ്രവര്‍ത്തനം എന്ന വിഷയത്തിന് വേണ്ടിയാണ് അധികമായി പീരിയഡുണ്ടാക്കുന്നത്. 2,4,6,8,12 എന്നീ ക്ലാസുകളിലെ പുസ്തകങ്ങള്‍ക്ക് മാറ്റമുണ്ടാകും. ഡി പി ഐ ഗോപാലകൃഷ്ണ ഭട്ടിന്റെ അധ്യക്ഷതവഹിച്ചു. അധ്യാപക സംഘടനാ ഭാരവാഹികളായ ടി എസ് സലിം, ഹരിഗോവിന്ദന്‍, ജയിംസ് കുര്യന്‍, ഹരികൃഷ്ണന്‍, ശരത്ചന്ദ്രന്‍, ഷാജി പാരിപ്പള്ളി പങ്കെടുത്തു.