2024 ഒളിമ്പിക് വേദിയാകാന്‍ ഇന്ത്യയില്ല

Posted on: April 28, 2015 6:00 am | Last updated: April 28, 2015 at 12:48 am

ന്യൂഡല്‍ഹി: 2024 ഒളിമ്പിക്‌സിന് ഇന്ത്യ ആതിഥേയത്വമവകാശപ്പെടില്ലെന്ന് രാജ്യാന്തര ഒളിമ്പിക് സമിതി (ഐ ഒ സി) പ്രസിഡന്റ് തോമസ് ബാഷ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തോമസ് ബാഷ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഐ ഒ സി മേധാവിയും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ ഒളിമ്പിക് വേദിയൊരുക്കുന്നത് സംബന്ധിച്ചായിരുന്നു. 2024 ഒളിമ്പിക്‌സ് വേദിക്കായി മോദി താത്പര്യം അറിയിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി ഒളിമ്പിക് വേദിക്ക് അവകാശവാദമുന്നയിച്ചില്ലെന്ന് തോമസ് ബാഷ് പറഞ്ഞു.
വൈകീട്ട് അഞ്ച് മണിക്കായിരുന്നു കൂടിക്കാഴ്ച. രാവിലെ പത്തിന് ഐ ഒ സി മേധാവി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2024 ഒളിമ്പിക് വേദിക്കായുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ പിന്‍മാറിയതോടെ അമേരിക്കയിലെ ബോസ്റ്റണ്‍, ജര്‍മനിയിലെ ഹാംബര്‍ഗ്, ഇറ്റലിയിലെ റോം നഗരങ്ങള്‍ തമ്മിലായി മത്സരം.