ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് ലോകത്തിന്റെ കൈത്താങ്ങ്‌

Posted on: April 28, 2015 6:00 am | Last updated: April 28, 2015 at 12:13 am
nepal
ഇന്ത്യയില്‍ നിന്നുള്ള ദുരിതാശ്വാസ സാധനങ്ങളുമായി സൈനികര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍

നെതര്‍ലന്‍ഡ്‌സ്: ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് യൂറോപ്യന്‍ യൂനിയന്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. 3.25 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് കഴിഞ്ഞ ദിവസം യൂനിയന്‍ പ്രഖ്യാപിച്ചത്. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാളിന് ആസ്‌ത്രേലിയയും മൂന്ന് മില്യണ്‍ ഡോളര്‍ അടിയന്തരസഹായം പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ രാഷ്ട്രങ്ങളും യൂറോപ്യന്‍ കമ്മീഷന്റെ മാനുഷിക സഹായ സമിതിയും ആണ് ധനസഹായം മുന്നോട്ടുവെച്ചത്. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളിലെ അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഈ തുക ചെലവഴിക്കുക. ഇതിന് പുറമെ യു എന്നും നേപ്പാളില്‍ അടിയന്തരമായി ഇടപെടാനുള്ള ഒരുക്കത്തിലാണ്. ആയിരക്കണക്കിന് ആളുകള്‍ വെള്ളത്തിനും ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും നെട്ടോട്ടമോടുകയാണെന്നും ഇവര്‍ക്ക് അടിയന്തര സഹായവും അഭയവും നല്‍കാനാണ് ഈ ഫണ്ട് ഉപയോഗിക്കുകയെന്നും യൂറോപ്യന്‍ യൂനിയന്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ സിവില്‍ പ്രോട്ടക്ഷന്‍ ഫോഴ്‌സും രംഗത്തെത്തിയിട്ടുണ്ട്. ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഗ്രീസ്, നെതര്‍ലന്‍ഡ്, പോളണ്ട്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ തിരച്ചില്‍ സേനകളെ നേപ്പാളിലെക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഉപകരണങ്ങളും ഉടന്‍ നേപ്പാളിലേക്കയക്കുമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.