Connect with us

Articles

ഹബീബ് അബൂബക്കര്‍ അല്‍ അദനി; ആഗോള പണ്ഡിത ലോകത്തെ അതുല്യ പ്രതിഭ

Published

|

Last Updated

ഹബീബ് അബൂബക്കര്‍ അല്‍ അദനി

ഇസ്്‌ലാമിക ചിന്താലോകത്തെ അതുല്യ പ്രതിഭയാണ് യമനിലെ ഹബീബ് അബൂബക്കര്‍ അല്‍ അദനി ബിന്‍ അലി അല്‍ മശ്ഹൂര്‍. പരമ്പരാഗത ഇസ്്‌ലാമിക വിശ്വാസത്തെ ആധുനിക പ്രവണതകളോട് മനോഹരമായി സമന്വയിപ്പിച്ച വിദ്യാഭ്യാസ വിചക്ഷണനാണ് ശൈഖ് ഹബീബ് അബൂബക്കര്‍. നാളെ ജാമിഅ മര്‍കസില്‍ നടക്കുന്ന സയ്യിദ് അബ്ബാസ് മാലികി അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. ആഗോള മുസ്‌ലിം പണ്ഡിത ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ഈ പണ്ഡിതന്‍ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.
വഹാബിസത്തിന്റെ ആശയധാരയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിവിധ രാജ്യങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. തീവ്രവാദം ഉന്മൂലനം ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ മിക്കതും ഫലപ്രദമല്ലാതെ വന്ന സാഹചര്യങ്ങളില്‍ അന്താരാഷ്ട്ര രംഗത്ത് പ്രഗത്ഭരായ സുന്നി പണ്ഡിതന്മാരാണ് തീവ്രവാദത്തെ ഫലപ്രദമായി ചെറുത്തത്. ആഗോള ഇസ്്‌ലാമിക ചിന്താലോകത്ത് കഴിഞ്ഞ ഒരു ശതാബ്ദത്തിനുള്ളില്‍ രൂപപ്പെട്ട സുന്നീ പണ്ഡിത മുന്നേറ്റം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുസ്‌ലിംകളെ പ്രാപ്തരാക്കി. ഇസ്്‌ലാമിക ബൗദ്ധിക വിഷയങ്ങളില്‍ മിതമായ നിലപാടുകളാണ് ഈ പരമ്പരാഗത സുന്നി പണ്ഡിത കൂട്ടായ്മ നാളിതുവരെ രൂപവത്കരിച്ചിട്ടുള്ളത്. സയ്യിദ് ഹബീബ് അല്‍ ജിഫ്രി, ശൈഖ് ഹബീബ് ഉമര്‍, ശൈഖ് അലി ജുമുഅ, ശൈഖ് അബൂബക്കര്‍ അഹ്മദ് തുടങ്ങിയവരുടെ ശാന്തവും എന്നാല്‍ പക്വവുമായ നയനിലപാടുകള്‍ ലക്ഷക്കണക്കിന് വിശ്വാസികളെയാണ് സ്വാധീനിച്ചിട്ടുള്ളത്. ഈ കൂട്ടായ്മയിലെ ഓരോ പണ്ഡിതനും പറയുന്നത് ഉള്‍ക്കൊള്ളാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും വലിയ ജനക്കൂട്ടങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ, സമീപകാലത്ത് മോഡറേറ്റ് ഇസ്്‌ലാമിന്റെ സൂഫീധാര, അന്താരാഷ്ട്ര രംഗത്ത് ഏറ്റവും കൂടുതല്‍ സ്വധീനമുള്ള ഒന്നായി മാറിയിട്ടുണ്ട്. ഈയര്‍ഥത്തില്‍, യമനിലെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് ചിന്താപരമായ നേതൃത്വം നല്‍കുന്നതില്‍ ശൈഖ് ഹബീബ് അബൂബക്കര്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇസ്്‌ലാമിക പ്രബോധകന്‍, ചിന്തകന്‍ എന്നിങ്ങനെ വിശ്രുതനായിട്ടുള്ള ശൈഖ് 1946ല്‍ യമനിലെ അബ്‌യന്‍ പ്രവിശ്യയിലെ അഹ്‌വറിലെ പണ്ഡിതകുടുംബത്തിലാണ് ജനിച്ചത്. പിതാവായ സയ്യിദ് അലി ബിന്‍ അബീബക്കര്‍ ബിന്‍ അലവി അല്‍ മശ്ഹൂറില്‍ നിന്നാണ് പ്രാഥമിക പഠനം. ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയതും പിതാവില്‍ നിന്ന്. തുടര്‍ന്ന് ജന്മനാട്ടിലെ മദ്‌റസത്തുല്‍ മൈമൂന, ഹള്്ര്‍മൗത്, ജാമിഅ അദന്‍ എന്നിവിടങ്ങളിലും വിദ്യ അഭ്യസിച്ചു. യമനിലെ വിശ്രുതരായ നിരവധി ബാ-അലവി പണ്ഡിതന്മാരില്‍ നിന്ന് ഇല്‍മ് പഠിച്ചു.
ശൈഖ് ഹബീബ് അബൂബക്കര്‍ ആത്മീയ-വിദ്യാഭ്യാസ രംഗങ്ങളില്‍ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഏദന്‍ സര്‍വകലാശാല 2014 ആഗസ്റ്റ് 25ന് അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. യമനിലെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് എക്കാലത്തും നെടുനായകത്വം വഹിച്ചിരുന്നത് ഹളറമീ പണ്ഡിതരായിരുന്നു. ഹളര്‍മൗതിലെ പണ്ഡിതന്മാരും ബാ അലവി പരമ്പരയിലെ സയ്യിദന്മാരും പാരമ്പര്യ ഇസ്്‌ലാമികാശയങ്ങളില്‍ അടിയുറച്ച് സമുദായത്തെ നയിച്ചു. യമനില്‍ റഷ്യയുടെ ഉപരോധം ശക്തമായ സമയത്ത് ഈ പണ്ഡിതരെ സായുധമായി ഒതുക്കാനുള്ള ശ്രമങ്ങളുണ്ടായി. കൊളോണിയല്‍ ശക്തികളുടെ സഹായത്തോടെ റഷ്യ പണ്ഡിതരെ ലക്ഷ്യംവെച്ച് ശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പ്രസ്തുത സംഭവത്തെ തുടര്‍ന്ന് ഹിജ്‌റ 1400ല്‍ ശൈഖ് ഹബീബ് അബൂബക്കര്‍ ഹിജാസിലേക്ക് പാലായനം ചെയ്തു. അവിടെ വെച്ച്, നിരവധി പണ്ഡിതന്മാരില്‍ നിന്ന് അറിവ് നേടി. യമന്‍ ശാന്തമായപ്പോള്‍ ഹിജ്‌റ 1412ല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി.
പിന്നീടാണ് ശൈഖ് ഹബീബ് അബൂബക്കറിന്റെ വിപ്ലവാത്മകമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ യമനിന്റെ മുഖച്ഛായ മാറ്റുന്നത്. മത-ഭൗതിക വിദ്യാഭ്യാസ സമന്വയം എന്ന ആശയം യമനില്‍ ആദ്യമായി നടപ്പില്‍ കൊണ്ടുവന്നത് അദ്ദേഹമാണ്. യുവാക്കളുടെ ആത്മീയ വികസനം ലക്ഷ്യം വെച്ച് വ്യത്യസ്തങ്ങളായ പരിപാടികള്‍ അദ്ദേഹം കൊണ്ടുവന്നു. വിവിധ യൂണിവേഴ്‌സിറ്റി വകുപ്പുകളുമായി സഹകരിച്ച് ഇസ്്‌ലാമിക വിഷയളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിച്ചു. ഇമാം ഹദ്ദാദ്(റ) തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് ശൈഖ് ഹബീബ് അബൂബക്കര്‍ സംഘടിപ്പിച്ച അക്കാദമിക സമ്മേളനം ഒരാഴ്ച നീണ്ടുനിന്നു. പഠനത്തോടൊപ്പം ജോലിയും വാദ്ഗാനം ചെയ്യുന്ന ഇസ്്‌ലാമിക കോഴ്‌സുകള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. അര്‍ബിതത്തുതര്‍ബിയ്യ അല്‍ ഇസ്‌ലാമിയ്യ എന്ന പേരില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യമനിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സ്ഥാപിച്ചു.
ചരിത്രം, കര്‍മ ശാസ്ത്രം, പ്രബോധനം, തര്‍ബിയത് തുടങ്ങിയ വിഷയങ്ങളില്‍ നൂറിലധികം ഗ്രന്ഥങ്ങളാണ് ശൈഖ് ഹബീബ് അബൂബക്കര്‍ രചിച്ചിട്ടുള്ളത്. ദവാഇറുല്‍ ഇആദ വ മറാതിബുല്‍ ഇഫാദ, സില്‍സിലതു അഅ്‌ലാമി മദ്‌റസതില്‍ ഹളറമൗത്ത് തുടങ്ങിയവ പ്രശസ്ത രചനകളാണ്. ആനുകാലിക ചിന്താലോകത്തെ നിരവധി പ്രശ്‌നങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് സാധിച്ചു.
യമനിലെ വിവിധ സര്‍വകലാശാലകളുടെ സമീപത്തായി ശൈഖ് ഹബീബ് അബൂബക്കര്‍ നിലവാരമുള്ള ഹോസ്റ്റലുകള്‍ സ്ഥാപിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്. ഒപ്പം, ഇസ്്‌ലാമിക പഠനവും നടത്താം. തരീമിലെ മലമുകളില്‍ അദ്ദേഹം സ്ഥാപിച്ച ദാറുല്‍ ഹദീസ് എന്ന സ്ഥാപനം പ്രശസ്തമാണ്. ദാറുല്‍ ഗുറബ എന്ന പേരിലും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു.
ശൈഖ് ഹബീബ് അബൂബക്കറിന്റെ ആത്മീയ നേതൃത്വം വിഖ്യാതമാണ്. 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിടപറഞ്ഞ പ്രശസ്ത സൂഫി വര്യന്‍ ഹബീബ് അബ്ദുല്‍ ഖാദിര്‍ ബിന്‍ അഹ്മദ് അസ്സഖാഫിനോടൊപ്പം നിരന്തരം സഹവസിച്ചിരുന്നു ഹബീബ് അബൂബക്കര്‍. ബാ അലവി ത്വരീഖത്തിന്റെ ശൈഖായി അദ്ദേഹം ആത്മീയ മജ്‌ലിസുകളെ ധന്യമാക്കി. അനേകം ഇജാസത്തുകളുടെ ഉടമയായ ശൈഖ് ഹബീബ് അബൂബക്കര്‍ പൊതുപ്രശ്‌നങ്ങളില്‍ എപ്പോഴും മധ്യമ നിലപാട് സ്വീകരിച്ചു. പാരമ്പര്യ മുസ്‌ലിം വിശ്വാസധാരയില്‍ അടിയുറച്ച്, യുവാക്കളെ വഴിനടത്തി. സയ്യിദ് കുടുംബത്തില്‍ നിന്നും ആദ്യമായി ഹളര്‍മൗത്തില്‍ എത്തിയ മുഹാജിര്‍ ഈസയുടെ പേരില്‍ തരീമിനടുത്ത് ഹുസൈസയില്‍ മനോഹരമായ പള്ളിയും ശരീഅത്ത് കോളജും ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് കണ്‍വന്‍ഷന്‍ സെന്ററും സ്ഥാപിച്ചു. ഇന്ത്യയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെയും സുന്നീ സംഘടനകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ താത്പര്യപൂര്‍വം പിന്തുടരുകയും പിന്തുണക്കുകയും ചെയ്യുന്ന ശൈഖ് ഹബീബ് അബൂബക്കറിന്റെ സന്ദര്‍ശനം ഇവിടുത്തെ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും.