Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് ഇല്ല

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട്(നോട്ട) ഉണ്ടാകില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ട ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പഞ്ചായത്തീരാജ് നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥ ഇല്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനവും പഞ്ചായത്തീരാജ് നിയമം അനുസരിച്ചായതിനാല്‍ നോട്ട നടപ്പാക്കണമെങ്കില്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുനക്രമീകരിച്ച പട്ടിക പ്രകാരം സംസ്ഥാനത്ത് 2.4 കോടി വോട്ടര്‍മാരാണുള്ളത്. നിലവിലുള്ള വാര്‍ഡുകളുടെ അടിസ്ഥാനത്തിലുള്ള കരട് വോട്ടര്‍ പട്ടിക മെയ് 15 ന് മുമ്പ് പുറത്തിറക്കും. പുതുതായി രൂപവത്കരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജന നടപടികള്‍ പൂര്‍ത്തിയായ ശേഷം ആവശ്യമുള്ള സ്ഥലങ്ങളിലെ പട്ടിക മാത്രം പുനഃക്രമീകരിക്കും.
പുതുതായി പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും മറ്റും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും. എന്നാല്‍ സ്ഥാനമാറ്റത്തിനും ഒഴിവാക്കലിനും നേരിട്ട് ഹാജരാവണം. പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യം ഇതുസംബന്ധിച്ച സുപ്രീംകോടതി വിധി അനുസരിച്ച് തീരുമാനിക്കും. മുക്ത്യാര്‍ വോട്ടിങ് സംവിധാനത്തിന് അനുമതി നല്‍കാന്‍ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ലെന്നും കമ്മീഷന്‍ യോഗത്തില്‍ അറിയിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ആദ്യമായി വോട്ടിംഗ് യന്ത്രം പൂര്‍ണമായി ഉപയോഗിക്കുന്നുവെന്നതാവും ഇത്തവണത്തെ പ്രത്യേകത. ഇതുവഴി വോട്ടെണ്ണല്‍ നടക്കുന്ന അന്നുതന്നെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയും.
ഫോട്ടോ പതിപ്പിച്ച വോട്ടര്‍പട്ടികയാവും ഇത്തവണ ഉപയോഗിക്കുക. ഈ സാഹചര്യത്തില്‍, പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള പ്രവേശനം ഫോട്ടോ തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഉള്ള തിരിച്ചറിയല്‍ സ്ലിപ്പോ ഇതിനായി ഉപയോഗിക്കാം. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, ഫോട്ടോ പതിപ്പിച്ച എസ് എസ് എല്‍ സി ബുക്ക്, ദേശാസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പു തീയതിയ്ക്ക് ആറുമാസം മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക് എന്നിവയും ഉപയോഗിക്കാം.
തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നിടത്തോളം പരിസ്ഥിതി സൗഹൃദമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.