നേപ്പാളില്‍ ഭൂകമ്പത്തില്‍ കുടുങ്ങിയ മലയാളികള്‍ക്കായി പ്രാര്‍ഥനയോടെ കുടുംബങ്ങള്‍

Posted on: April 27, 2015 1:35 am | Last updated: April 26, 2015 at 11:35 pm

വടകര/കാസര്‍കോട്: നേപ്പാള്‍ ഭൂകമ്പം ആശങ്കകള്‍ ഒഴിയാതെ മലയാളി കുടുംബം. ലോക ജനതയെ നടുക്കിയ നേപ്പാള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട മലയാളി ഡോക്ടര്‍മാരുടെ രക്ഷക്കായി പ്രാര്‍ഥനയോടെ കഴിയുകയാണ് വടകരയിലെ കുടുംബം. അതേ സമയം ദുബൈയില്‍ നിന്ന് വിമാനമാര്‍ഗം നേപ്പാളില്‍ വിനോദയാത്രക്കെത്തിയ കാസര്‍കോട് ദേളി സ്വദേശി അസ്ഹര്‍ അലി (23) യുടെ വിവരവും പ്രതീക്ഷിച്ചിരിക്കുകയാണ് ദുബൈയില്‍ ഒരു കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന പിതാവ് അമാനുല്ല.
തന്റെ മകനോടൊപ്പം വിനോദ യാത്രക്ക് പുറപ്പെട്ട കാസര്‍കോട് ആനവാബാഗിലു സ്വദേശി ഡോ. ഇര്‍ഷാദിനും കണ്ണൂര്‍ കേളകം സ്വദേശി ഡോ. ദീപക് തോമസ് എന്നിവര്‍ക്കു വേണ്ടിയാണ് വടകര പൂവാടന്‍ ഗേറ്റിലെ സൗപര്‍ണികയില്‍ കെ കെ സുരേന്ദ്രനും കുടുംബവും അകമഴിഞ്ഞ് പ്രാര്‍ഥിക്കുന്നത്. ഇവരുടെ മകന്‍ ഡോ. അഭിന്‍ സൂര്യക്കൊപ്പമാണ് ഇര്‍ഷാദും, ദീപകും കാഠ്മണ്ഡുവിലേക്ക് വിനോദയാത്ര പോയത്. 2013ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഉന്നത റാങ്കോടെ പഠനം പൂര്‍ത്തീകരിച്ച മൂവര്‍ക്കും പി എസ് സി വഴി വയനാട് ജില്ലയില്‍ നിയമനവും ലഭിച്ചു. അഭിനും ഇര്‍ഷാദും മാനന്തവാടി ജില്ലാ ആശുപത്രിയിലും, ദീപകിന് മാനന്തവാടി പി എച്ച് സിയിലുമാണ് ജോലി ലഭിച്ചത്. ഉപരി പഠനത്തിന് അര്‍ഹത നേടിയതിന്റെ അഹ്ലാദം പങ്കുവെക്കാനാണ് മൂവരും ചേര്‍ന്ന് കാഠ്മണ്ഡുവിലേക്ക് വിനോദയാത്ര പോയത്. ഈ മാസം 21ന് ബംങ്കളൂരുവില്‍ നിന്ന്, ഡല്‍ഹി, ഘോരഘ്പൂര്‍ വഴി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൂവരും നേപ്പാളിലെ കാഠ്മണ്ഡുവിലെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പത്തില്‍ ഇവര്‍ താമസിച്ച തമയില്‍ സ്ട്രീറ്റിലെ ബുള്ളറ്റ് മള്‍ട്ടി പ്ലസ് എന്ന ഹോട്ടല്‍ തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ ആറാം നിലയിലായിരുന്നു ഇവരുടെ താമസം. സംഭവ സമയം അഭിന്‍ സൂരി മുറിയുലും ഇര്‍ഷാദും ദീപകും പുറത്തുമായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഭിന്‍ സൂരിയെ മാധ്യമ പ്രവര്‍ത്തന്റെ ഇടപെടുല്‍ മൂലമാണ് റെഡ് ക്രോസിന് രക്ഷപ്പെടുത്താനായത്. കൈ കാലുകളുടെ എല്ലുകള്‍ പൊട്ടിയ അഭിന്‍ സൂരി കാഠ്മണ്ഡു ടി യു ടീച്ചിംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നാട്ടിലുള്ള ബന്ധുക്കളെ വിളിച്ചപ്പോഴും സുഹൃത്തുക്കളെപ്പറ്റിയുള്ള അന്വേഷണം മാത്രമാണ് അഭിന്‍ നടത്തിയത്. അപകടനില തരണം ചെയ്തതായി ഇന്ത്യന്‍ എംബസി മുഖേന ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് അഭിനും ബന്ധുക്കളും. കൊയിലാണ്ടി പി ഡബ്ല്യു ഡി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ കെ സുരേന്ദ്രന്റെയും മാനന്തവാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ സരിത കുമാരിയുടെയും മകനാണ് അഭിന്‍സൂരി. ഡോ. അജന്‍ സൂരി, അഞ്ജന സൂരി എന്നിവര്‍ സഹോദരങ്ങളാണ്. ഷംസുദ്ദീന്‍, ആസിയ ദമ്പതികളുടെ മകനാണ് ഇര്‍ഷാദ്. കര്‍ഷക നേതാവായ തോമസ് കളപ്പുരക്കലിന്റെയും മോളിയുടെയും മകനാണ് ദീപക്.
കാണാതായ ഇര്‍ഷാദ്, ദീപക് എന്നിവരെക്കുറിച്ച് വിവരം ലഭിച്ചതായി കോഴിക്കോട് ജില്ലാ കലക്ടര്‍ പിന്നീട് സ്ഥിരീകരിച്ചു. ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന അഭിന്റെ ബന്ധുക്കള്‍ നാളെ ഡല്‍ഹിയിലേക്ക് പുറപ്പെടും. അവിടെ എയിംസ് ആശുപത്രിയില്‍ അഭിനെ വിദഗ്ധ ചികിത്സക്ക് വിദേയമാക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
ഈ മാസം 24 നാണ് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം അസ്ഹര്‍ അലി ദുബൈയില്‍ നിന്ന് വിമാനമാര്‍ഗം നേപ്പാളില്‍ വിനോദയാത്രക്കെത്തിയത്. അവിടെയെത്തിയ ശേഷം നാട്ടിലെയും ദുബൈയിലെയും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. നേപ്പാള്‍ സിന്ദുപാല്‍ ചൗക്കിലെ ബങ്കി ജമ്പിംഗ് റിസോര്‍ട്ടിലാണ് താമസിക്കുന്നതെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ഭൂകമ്പത്തിന് ശേഷം അസ്ഹര്‍ അലിയെ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടെയുള്ള സുഹൃത്തുക്കളെക്കുറിച്ചും വിവരമില്ല. ചെന്നൈയിലെയും തെക്കന്‍ കേരളത്തിലെയും ചില സുഹൃത്തുക്കളാണ് അസ്ഹര്‍ അലിക്കൊപ്പമുണ്ടായിരുന്നതെന്നാണ് വിവരം. നാല് ദിവസത്തെ വിനോദയാത്രക്കാണ് ഇവരെത്തിയത്.
വിനോദയാത്രക്ക് ശേഷം ദുബൈയിലേക്ക് തന്നെ മടങ്ങാനായിരുന്നു പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ അന്വേഷിച്ചുവരികയാണ്. അസ്ഹര്‍ അലിയുടെ സഹോദരന്‍ അസീസ് അലി മംഗളൂരുവില്‍ ഡോക്ടറാണ്. സഹോദരി അസീജ ദുബൈയില്‍ സ്ഥിര താമസമാണ്. ദുബൈയില്‍ പഠിച്ച അസ്ഹര്‍ അലി ഒരു വര്‍ഷം മുമ്പാണ് ദുബൈയിലെ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിക്ക് കയറിയത്. ഇന്ത്യന്‍ എംബസി മുഖേന ബന്ധപ്പെട്ട് ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.