Connect with us

Palakkad

രണ്ട് പതിറ്റാണ്ടിന്റെ കര്‍മാഭിമാനത്തോടെ ഹസനിയ്യ സമ്മേളനം സമാപിച്ചു

Published

|

Last Updated

ഹസനിയ്യ നഗര്‍: നെല്ലറയുടെ മണ്ണില്‍ ആദര്‍ശഗരിമയുടെ ചൂടും ചൂരും പകര്‍ന്നു ജാമിഅ ഹസനിയ്യ 20ാം വാര്‍ഷിക 9ാം ബിരുദദാന മഹാ സമ്മേളനം സമാപിച്ചു. സ്‌നേഹ സമൂഹം സുരക്ഷിത രാജ്യം എന്ന ശീര്‍ഷകത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സമ്മേളനങ്ങള്‍ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.പാലക്കാടിന്റെ മണ്ണിനെ ശിഥിലമാക്കാനൊരുങ്ങിപ്പുറപ്പെട്ട പുത്തന്‍കൂറ്റുകാരെ തുരത്തിയോടിച്ച അഹ് ലുസ്സുന്നയുടെ സിംഹഗര്‍ജനം ഇ കെ ഹസ്സന്‍ മുസ് ലിയാരുടെയും ബാപ്പു മുസ് ലിയാരുടെയും നിലക്കാത്ത സ്മരണകള്‍ക്ക് മുന്നില്‍ സുന്നി സംഘമുന്നേറ്റത്തിന്റെ ചരിത്രഗാഥ രചിക്കുന്നതിന് ഊര്‍ജം പകര്‍ന്നാണ് ഹസനിയ്യ സമ്മേളനത്തിന് സമാപതിയായത്.
സുന്നി വിരുദ്ധരുടെ ക്രൂരതക്കിരയായി ജീവിതം ബലിയര്‍പ്പിക്കപ്പെട്ട കല്ലാംകുഴി കുഞ്ഞുഹംസയുടെയും നൂറുദ്ദീന്‍ ധീരരക്തസാക്ഷികളെയും ഹസനിയ്യയുടെ സ്ഥാപകനേതാക്കളായ കല്‍പ്പക ഹാജി തുടങ്ങി നേതാക്കളെയും ഓര്‍മ്മ പുതുക്കുന്നതിനും സമ്മേളനം വേദിയായി.
ആത്മീയ സദസ്സ്, ചരിത്രസെമിനാര്‍, പ്രാസ്ഥാനിക ആദര്‍ശ മീറ്റുകള്‍, പ്രവാസി ഉലമാ സംഗമം, സൗഹൃദസംഗമം തുടങ്ങി വിവിധ സംവാദങ്ങളും ചര്‍ച്ചകളുമായി സമ്മേളനം വേറിട്ട കാഴ്ചയായി. സമ്മേളത്തിന്റെ ഭാഗമായി സമന്വയ വിദ്യാഭ്യാസത്തിലൂന്നി 20 ദര്‍സുകള്‍ സ്ഥാപിക്കല്‍, കിഴക്കന്‍മേഖലയില്‍ ഹനഫീ കര്‍മ്മ ധാരയനുസരിച്ച് മുസ്‌ലിം കുട്ടികള്‍ക്ക് ഉന്നത പഠനത്തിന് ഹനഫീ ശരീഅത്ത് കോളജ് സ്ഥാപിക്കല്‍, ക്യാന്‍സര്‍ രോഗികള്‍ക്ക് ഉപശമനം-പാലിയേറ്റീവ് കെയര്‍ നല്‍കുന്ന കാരുണ്യ സംരംഭമായ കോര്‍ഡോവ നാഷ്ണല്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്‍, കോസ്‌മോസ് റസിഡന്‍സി തറക്കല്ലിടല്‍, ബാപ്പു മുസ് ലിയാരുടെ നാമധേയത്തില്‍ റസര്‍ച്ച് അന്‍ഡ് റഫറന്‍സ് ലൈബ്രറി സ്ഥാപിക്കല്‍, ജില്ലയിലെ ഇരുപത് മദ്രസാ അധ്യാപകരെ ആദരിക്കല്‍ എന്നി നടന്നു.
വൈകീട്ട് സമാപന സമ്മേളനം സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പൊന്മറ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യേ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍ഡോൗവ കോസ്‌മോസ് റസിഡന്‍സി ശിലാസ്ഥാപനവും സനദ്ദാനവും കാന്തപുരം നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു.
സിറാജുല്‍ ഉലമാ ഹൈദ്രോസ് മുസ് ലിയാര്‍ കൊല്ലം, പേരോട് അബ്ദുറഹ് മാന്‍ സഖാഫി, അമാനുല്ല ഹസ്രത്ത് കോയമ്പത്തൂര്‍, കെ കെ അഹമ്മദ് കുട്ടി മുസ് ലിയാര്‍ കട്ടിപ്പാറ, കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി, എന്‍ വി അബ്ദുറസഖാഖ് സഖാഫി പ്രസംഗിച്ചു. ഹസനിയ്യ ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസി സ്വാഗതവും എന്‍ കെ സിറാജുദ്ദീന്‍ ഫൈസി നന്ദിയും പറഞ്ഞു.