Connect with us

Sports

സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് ബി സി സി ഐ ഉപദേശകരായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് ത്രയം ബി സി സി ഐയുടെ ഉപദേശകരായേക്കും. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മാര്‍ഗദര്‍ശികളാകുന്നതിന് മൂവരോടും അനുമതി തേടാന്‍ ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരക്കാരില്ലാത്ത മൂവരെയും ബി സി സി ഐയുടെ ഉപദേശകരാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് തീരുമാനം. ഇവരുടെ തീരുമാനം അനുകൂലമാണെങ്കില്‍ പുതിയ കോച്ചിനെ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവരുടെ തീരുമാനം നിര്‍ണായകമാകും. ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിന് ബി സി സിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ, സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
നേരത്തെ, നിലവിലെ കോച്ചായ ഡങ്കന്‍ ഫ്‌ളെച്ചറിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഗാംഗുലിയോ ദ്രാവിഡോ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ ബി സി സി ഐയുടെ ഉപദേശകരാക്കാന്‍ തീരുമാനിച്ചതോടെ പരിശീലക സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായ രോഹിത് ശര്‍മയെ 2015ലെ അര്‍ജുന അവാര്‍ഡിന് ശിപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.