‘സ്മാര്‍ട് ആപ്ലിക്കേഷന്‍’ വഴി എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിച്ചത് 55 ശതമാനം

Posted on: April 26, 2015 5:44 pm | Last updated: April 26, 2015 at 5:44 pm

al mariദുബൈ: ‘സ്മാര്‍ട് ആപ്ലിക്കേഷന്‍’ ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടി പുര്‍ത്തികരിച്ചത് 55 ശതമാനം യാത്രക്കാര്‍. എയര്‍പോര്‍ട്ടിലുള്ള പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകളിലൂടെ സ്മാര്‍ട് ആപ് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന പ്രൊഫൈല്‍ വിവരങ്ങളുടെ ബാര്‍കോഡ് ഉപയോഗിച്ച് സ്വയം പഞ്ചു ചെയ്ത് രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ചുപോക്കും സാധ്യമാക്കുന്ന നടപടിയാണ് ഇത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി പെതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ജി ഡി ആര്‍ എഫ് എ എന്ന പേരിലുള്ള സ്മാര്‍ട് ആപ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ദുബൈയെ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ പ്രഖ്യാപനത്തിന് ചുവടുപിടിച്ച് താമസ-കുടിയേറ്റ വകുപ്പ് ദുബൈ തങ്ങളുടെ സേവനങ്ങള്‍ സ്മാര്‍ട് ഫോണ്‍ വഴിയും ടാബ്ലറ്റുകളിലൂടെയും മറ്റും പെതു ജനങ്ങളില്‍ എത്തിക്കാനുള്ള സ്മാര്‍ട് രീതിക്ക് തുടക്കം കുറിച്ചത്.
ദുബൈയിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാര്‍ക്കും കമ്പനിക്കള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുന്ന സ്മാര്‍ട് ആപ്ലിക്കേഷനാണ് ഇത്. ദുബൈ എമിഗ്രേഷന്റെ സേവനങ്ങള്‍ എവിടെ വെച്ചും ഉപഭോക്താവിന് അറിയാനും പ്രാവര്‍ത്തികമാക്കാനും കഴിയുന്നത് കൊണ്ട് സര്‍വിസ് സെന്ററുകളെ സമിപിക്കാതെ പെതുജനങ്ങള്‍ക്ക് അവരുടെ സമയം, പണം, അധ്വാനം എന്നിവ ലാഭിക്കുവാനും തൃപ്തികരമായ സേവനം നിര്‍വഹിക്കാനും കഴിയുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തന രീതി. ഗൂഗിള്‍ പ്‌ളേ, ആപ്പിള്‍ സ്റ്റോര്‍ തുടങ്ങിയ വിവിധ ആപ് സ്റ്റോറുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. രാജ്യത്ത് താമസവിസയുള്ളവരുടെ എമിറേറ്റ്‌സ് ഐ ഡിയുടെ വിവരങ്ങളും, ജനന തിയ്യതിയും ആപ്ലിക്കേഷനില്‍ നല്‍കിയാല്‍ ഒരു രഹസ്യ നമ്പര്‍ ഉപഭോക്താവിന് ലഭിക്കും. ഇത് ഉപയോഗിച്ച് താമസ-കുടിയേറ്റവകുപ്പിന്റെ സേവനങ്ങളെ കുറിച്ച് അറിയാനും വിവിധ നടപടിക്രമങ്ങള്‍ പുര്‍ത്തികരിക്കാനും കഴിയും. താമസ വിസയിലുള്ളവര്‍ക്ക് അവരുടെ കുടുംബത്തിന്റെ വിസ ശരിയാക്കുന്നതിനും മറ്റും ഇത് സഹായകരമാകും. കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളുടെ വിസ ഇടപാടുകള്‍ നിയന്ത്രിക്കാനും കഴിയും. പ്രവേശനാനുമതി പുതുക്കുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനുമൊപ്പം തൊഴില്‍ മന്ത്രാലയത്തിന് പുതിയ അപേക്ഷകള്‍ നല്‍കാനും ഈ ആപ്ലിക്കേഷന്‍ കൊണ്ട് സാധ്യമാകും. സന്ദര്‍ശക വിസയുടെ അനുമതി, ഓണ്‍ അറൈവല്‍ വിസക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള അനുമതിക്കും ഇത് സഹായകരമാകും. ദുബൈയിലെ സ്ഥാപനങ്ങള്‍ക്ക് വിസയെടുക്കല്‍, വിസ പുതുക്കല്‍, ഒഴിവാക്കല്‍ എന്നിവക്ക് ഈ ആപ് പ്രയോജനപ്പെടുത്താം.
ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ ഈ സേവനങ്ങള്‍ക്ക് പുറമെ പെതുജനങ്ങള്‍ക്ക് സഹായകരമായ നിരവധി സര്‍വിസുകളാണ് നിലവില്‍ വന്നിടുള്ളത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ സേവന വിഭാഗമായ ആമിര്‍ സര്‍വിസുകളുടെ നടപടിക്രമങ്ങള്‍, സേവനങ്ങള്‍, സ്വദേശികള്‍, താമസ വിസയുള്ളവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജി സി സി രാജ്യത്തിലുള്ളവര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടുള്ള താമസ-കുടിയേറ്റ വിവരങ്ങളുടെ വിശദമായ അറിയിപ്പുകളും ഈ ആപ് സ്റ്റോറില്‍ ലാഭ്യമാണ്.
വിസാ സേവനങ്ങളുടെ ഫീസ് ഇനങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനവുമായി പെതുജനങ്ങള്‍ക്ക് ആശയവിനിമയം നടത്താനുള്ള വിവിധ രീതികളും ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.