ഡേറ്റിംഗ് വെബ്‌സൈറ്റില്‍ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍

Posted on: April 25, 2015 5:55 am | Last updated: April 24, 2015 at 11:55 pm

കോഴിക്കോട്: രാജ്യാന്തര ഡേറ്റിംഗ് വെബ്‌സൈറ്റില്‍ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി. കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകള്‍ എടുത്ത് സൈറ്റുകളിലിട്ടാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. ഫഌംഗ് ഡോട്ട് കോം എന്ന പേരിലുള്ള അശ്ലീല വെബ്‌സൈറ്റിലാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.
പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാനും സമയം ചെലവഴിക്കാനും അവസരമെന്നാണ് ഇവരുടെ ചിത്രത്തിന് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. പരിചയക്കാര്‍ പറഞ്ഞതുപ്രകാരം വിവരമറിഞ്ഞ പെണ്‍കുട്ടിയും ബന്ധുക്കളും കോഴിക്കോട്ടെ സൈബര്‍ സെല്ലിന് പരാതി നല്‍കുകയായിരുന്നു. ഫൊട്ടോ പോസ്റ്റ് ചെയ്തത് ആരാണെന്ന് കണ്ടെത്താന്‍ വെബ്‌സൈറ്റ് ഉടമകള്‍ക്ക് പോലീസ് ഇമെയില്‍ അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. അതേസമയം, ഇമെയില്‍ അയച്ച ദിവസം തന്നെ പരാതിക്കാരിയുടെ ഫോട്ടോ അപ്രത്യക്ഷമായിട്ടുണ്ട്. ഫഌംഗ് ഡോട്ട് കോമില്‍ പ്രത്യേക യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് വിശദമായി പരിശോധിച്ച സൈബര്‍ സെല്‍ നിരവധി മലയാളി പെണ്‍കുട്ടികളുടെ ചിത്രത്തില്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തി.
സ്‌കൂള്‍ യൂനിഫോമില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇതിലുണ്ട്. ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നില്‍ ഒരു മലയാളി ബന്ധം ഉണ്ടാകുമെന്നാണ് സൈബര്‍ ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്.