Connect with us

Kozhikode

എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തിലെ പരാതികള്‍ പരിഹരിക്കണം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയുടെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ പരാതികള്‍ പരിഹരിക്കണെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സിലില്‍ അടിയന്തര പ്രമേയം. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണനാണ് പ്രമേയം അവതരിപ്പിച്ചത്.
രാഷ്ട്രീയ പ്രേരിതമായ പ്രമേയമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചത് ഏറെ നേരത്തെ വാഗ്വാദത്തിനിടയാക്കി. ഒടുവില്‍ പ്രതിപക്ഷ എതിര്‍ത്തിപ്പിനിടെ പ്രമേയം വോട്ടിനിട്ട് പാസാക്കി. പ്രമേയ ചര്‍ച്ചക്കിടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഉഷാദേവി, പ്രതിപക്ഷ നേതാവ് എം ടി പത്മ, ഉപനേതാവ് കെ മുഹമ്മദലി എന്നിവര്‍ തമ്മിലാണ് വാക്കേറ്റമുണ്ടായത്.
മാവൂര്‍ റോഡിലൂടെയുള്ള അഴുക്കുചാല്‍ നിര്‍മാണ പ്രവൃത്തി അടുത്തമാസം 15നകം പൂര്‍ത്തീകരിക്കുമെന്ന് കോര്‍പറേഷന്‍ ഭരണസമിതി ഉറപ്പുനല്‍കി. പ്രതിപക്ഷ ഉപനേതാവ് മുഹമ്മദലി നടത്തിയ ശ്രദ്ധക്ഷണിക്കലിനിടെ കെ എസ് യു ഡി പി പ്രോജക്ട് മാനേജര്‍ മോഹനനാണ് ഉറപ്പുനല്‍കിയത്.
പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് ശ്രമിക്കാതെ മാധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തുക മാത്രമാണ് കോര്‍പറേഷന്‍ മേയര്‍ ചെയ്യുന്നതെന്ന് മുഹമ്മദലി ആരോപിച്ചു. തിരക്കേറിയ ഗതാഗതം സ്തംഭിച്ചിട്ട് ദിവസങ്ങളായിട്ടും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടത്തെയും മറ്റു ജനപ്രതിനിധികളെയും കുറ്റപ്പെടുത്തിയത് ശരിയായ നടപടിയല്ലെന്നും എല്ലാവരുമായി ഏറ്റുമുട്ടി നിര്‍മാണ പ്രവൃത്തി കൂടുതല്‍ വൈകിപ്പിക്കാന്‍ മാത്രമേ മേയറുടെ പ്രസ്താവന ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രണ്ട് മാസമെങ്കിലും വേണ്ടിവരും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍. ഗതാഗതം നിരോധിച്ച ഭാഗത്തുകൂടെ 15 ഓടെ ഒരു വരിയായി ചെറിയ വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയുമെന്ന് മോഹനന്‍ പറഞ്ഞു. അഴകൊടി റോഡിന് മുമ്പിലായി ടിരൂപത്തില്‍ അഴുക്കുചാല്‍ നിര്‍മാണം നടക്കേണ്ടതുണ്ട്. അതിന് കാലതാമസം ഉണ്ടാകുമെന്നും പ്രോജക്ട് മാനേജര്‍ പറഞ്ഞു.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും ശരിയാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു കോര്‍പറേഷന്‍ മേയര്‍ എ ക പ്രേമജത്തിന്റെ മറുപടി. പദ്ധതി വിലയിരുത്താന്‍ തിരുവനന്തപുരത്ത് നിന്ന് കെ എസ് യു ഡി പി യുടെ വിദഗ്ധ സമിതി ഇന്നലെ കോഴിക്കോട്ടെത്തിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.

Latest