സ്വകാര്യ ബസുകള്‍ നല്‍കുന്നത് വ്യാജ ടിക്കറ്റുകള്‍

Posted on: April 25, 2015 4:21 am | Last updated: April 24, 2015 at 11:22 pm

കോട്ടക്കല്‍: ജില്ലയിലെ സ്വകാര്യ ബസുകളില്‍ നിന്നും യാത്രക്കാര്‍ക്ക് ലഭിക്കുന്നത് ഊരും പേരുമില്ലാത്ത ടിക്കറ്റുകള്‍.
ആര്‍ ടി ഒയുടെ പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് യാത്രക്കാര്‍ ടിക്കറ്റ് ചേദിച്ചുതുടങ്ങിയതോടെയാണ് ഈ തട്ടിപ്പ്. ബസ് ടിക്കറ്റ് എന്ന് മാത്രം പ്രിന്റ് ചെയ്ത ടിക്കറ്റില്‍ ബസ്സിന്റെ നമ്പറും ചാര്‍ജും എഴുതി നല്‍കുകയാണ് ചിലര്‍. സംസ്ഥാനമാകെ ബസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുമ്പോഴും മലപ്പുറം ജില്ലയില്‍ മാത്രം സ്വകാര്യ ബസ്സുകള്‍ ഇത് പാലിക്കുന്നില്ല.
ഇതിനെതിരെ ഒട്ടേറെ നിര്‍ദേശങ്ങള്‍ വന്നിരുന്നെങ്കിലും അവയെല്ലാം അട്ടിമറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആര്‍ ടി ഒ. എം പി അജിദ് കുമാര്‍ നടത്തിയ പുതിയ നിര്‍ദേശമാണ് ബസ്സുകളെ വെട്ടിലാക്കിയിരിക്കുന്നത്. ടിക്കറ്റ് ലഭിച്ചതിന് ശേഷം പണം നല്‍കിയാല്‍ മതി എന്നായിരുന്നു പ്രഖ്യാപനം. ഈ നിര്‍ദേശം വന്നതോടെ താത്കാലിക രക്ഷക്ക് വേണ്ടിയാണ് ഇത്തരത്തില്‍ വ്യാജ ടിക്കറ്റ് നല്‍കുന്നത്. ടിക്കറ്റ് ചോദിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ വ്യാജടിക്കറ്റ് നല്‍കുന്നത്. നിയമങ്ങള്‍ പാലിച്ചുള്ള ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യാതെ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നവയാണ് ഇപ്പോള്‍ താത്കാലിക രക്ഷക്കായി നല്‍കുന്നത്. അതെ സമയം ടിക്കറ്റ് ചോദിക്കുന്നവരെ പരിഹസിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. പ്രധാന ഭാഗങ്ങളിലേക്ക് ഓട്ടം നടത്തുന്ന ഏതാനും ബസ്സുകളില്‍ മാത്രമാണ് ടിക്കറ്റുകള്‍ ഉള്ളത്.
ഉള്‍പ്രദേശങ്ങളിലേക്കുള്ളവയില്‍ ആര്‍ ടി ഒ യുടെ ഈ നിര്‍ദേശം അറിഞ്ഞ പ്രതീതി പോലുമില്ല. ടിക്കറ്റ് കിട്ടാത്തത് പലയാത്രക്കും യാത്ര ആനുകൂല്യങ്ങള്‍ പോലും നഷ്ടപ്പെടുത്തുന്നുണ്ട്. ടിക്കറ്റ് നല്‍കാത്തവര്‍ക്കെതിരെ നടപടി എടുക്കാനിറങ്ങുന്ന അധികൃതരെ പലപ്പോഴും കൈയിലെടുത്ത് നടപടികളെ പൊളിച്ചു കളയുന്ന ഏര്‍പ്പാടും ഇതോടൊപ്പം നടക്കുന്നുണ്ട്. പരിശോധന നടക്കുന്ന വിവരം അറിയുമ്പോള്‍ ടിക്കറ്റുകള്‍ നല്‍കുകയും പിന്നീട് നല്‍കാതിരിക്കുകയുമാണ് പതിവ്. നേരത്തെ ഇതെ രൂപത്തില്‍ പ്രവര്‍ത്തിച്ച് പിന്നീട് സ്വകാര്യ ബസുകള്‍ ടിക്കറ്റ് നല്‍കുന്നുണ്ടെന്ന പത്ര പ്രസ്താവന ഇറക്കിപ്പിക്കാന്‍ വരെ സ്വകാര്യ ബസുടമകള്‍ ധൈര്യം കാണിച്ചിരുന്നു.